
'സ്വർണ്ണപ്പാളിക്കവർച്ചയുടെ വിവരങ്ങൾ മാത്രമാണ് ഇപ്പോൾ ശബരിമലയിൽ നിന്നും പുറത്തുവന്നിട്ടുള്ളത്. എന്നാൽ ഈ അമ്പലം വിഴുങ്ങികൾ അവിടെനിന്ന് ഇനിയുമെന്തൊക്കെ അടിച്ചുമാറ്റിയെന്ന് ശക്തമായ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാവുകയുള്ളൂ. അതിനായി സി.ബി.ഐ അന്വേഷം ഉണ്ടായാലേ മതിയാവുകയുള്ളൂ.
ശബരിമല വിഷയത്തിൽ യു.ഡി.എഫും, എൽ.ഡി.എഫും ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ തന്നെയാണ്. ജനങ്ങളെ കബളിപ്പിക്കാനുള്ള നീക്കവുമായി മുന്നോട്ട് പോകാനാണ് സർക്കാരിന്റെ ഭാവമെങ്കിൽ ആത്മീയ പോരാട്ടവുമായി ഭക്തസമൂഹത്തിന് തെരുവിലിറങ്ങേണ്ടി വരും...'
ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാസുരേന്ദ്രൻ പറഞ്ഞു. 'കേരളശബ്ദം' മലബാർ ചീഫ് കറസ്പോണ്ടന്റ് പ്രദീപ് ഉഷസ്സുമായി സംസാരിക്കുകയായിരുന്നു അവർ. ആ കൂടിക്കാഴ്ചയിൽ നിന്നും..
പിണറായിക്കൊപ്പം അയ്യപ്പനില്ല..
ഇടതുഭാഗത്ത് വെള്ളാപ്പള്ളി നടേശൻ, വലതുഭാഗത്ത് ജി. സുകുമാരൻനായർ, നടുവിൽ ഞാൻ എന്ന മട്ടിൽ അത്യന്തം ധാർഷ്ട്യഭാവത്തിലാണ് അയ്യപ്പസംഗമത്തിൽ മുഖ്യമന്ത്രി നിലകൊണ്ടത്. പക്ഷേ അയ്യപ്പൻ കൂടെ നിന്നില്ല. തുടർ സംഭവവികാസങ്ങൾ വ്യക്തമാക്കിയത് അതുതന്നെയാണ്.
അയ്യപ്പന്റെ ആചാരപ്രമാണങ്ങൾ ഇതിനുമുന്നേ തകർന്ന സമയത്ത്, ഏറ്റവുമധികം തന്റേടത്തോടെ നിന്ന ജി. സുകുമാരൻ നായരെപ്പോലും തെറ്റിദ്ധരിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞു. പമ്പയിലെ ആഗോള സംഗമം വിശ്വാസികൾക്ക് വേണ്ടിയുള്ളതാണെന്ന് അദ്ദേഹത്തെ ഇവർ വിശ്വസിപ്പിച്ചു. അതുകൊണ്ടാണ് അദ്ദേഹം ആഗോളസംഗമത്തിന് പിന്തുണ പ്രഖ്യാപിച്ചത്. അയ്യപ്പഭക്തരുടെ ക്ഷേമത്തിനും, സുഖസൗകര്യങ്ങൾക്കും വേണ്ടിയായിരുന്നു ആ പിന്തുണ. അല്ലാതെ, അമ്പലത്തിലെ കാണിക്കയിൽ കയ്യിട്ടുവാരാനോ, സ്വർണ്ണപ്പാളികൾ കവർന്നുകൊണ്ടുപോകാനോ, ദേവസ്വം വരുമാനം വകമാറ്റി ചെലവഴിക്കാനോ ഒന്നുമല്ല ജി. സുകുമാരൻ നായർ പിന്തുണ നൽകിയത്. അങ്ങനെ ഒരു തെറ്റിദ്ധാരണയും ഇടതുപക്ഷക്കാർക്ക് വേണ്ട.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഏറ്റവും വലിയ ലക്ഷ്യമാകട്ടെ സമുദായത്തിന്റെ വളർച്ചയാണ്. തന്റെ സമുദായത്തിന് മാത്രമാണ് അദ്ദേഹം എന്നും മുൻഗണന നൽകിയിട്ടുള്ളത്. പിണറായി വിജയന് കൈകൊടുത്തുകൊണ്ട് ഒപ്പം നടക്കുന്ന കാഴ്ച നാം കണ്ടുവെങ്കിലും, അദ്ദേഹം ആ കൈകൊടുത്തത് തന്റെ സമുദായത്തിന്റെ ഉന്നതിക്ക് വേണ്ടിയായിരുന്നുവെന്നത് ആർക്കാണ് അറിയാത്തത്. അതുകൊണ്ടുതന്നെയാണ് ശബരിമലയിൽ അരങ്ങേറിയ കാട്ടുകൊള്ളയ്ക്കെതിരെ അതിശക്തപ്രതിഷേധവുമായി അദ്ദേഹം രംഗത്തെത്തിയത്. അഴിമതികളുടെ കൂത്തരങ്ങായി മാറിക്കൊണ്ടിരിക്കുന്ന ദേവസ്വം ബോർഡുകളെ ഉടനടി പിരിച്ചുവിടണം എന്നുവരെ വെള്ളാപ്പള്ളി ശക്തമായ ഭാഷയിൽ വിമർശിക്കുകവരെ ചെയ്തു.
അയ്യപ്പന്റെ മുതൽ കയ്യിട്ട് വാരിയതിനുശേഷം, എന്തിനാണിവർ അയ്യപ്പസംഗമം നടത്തിയതെന്ന് വ്യക്തമാക്കാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥരാണ്. ഒരു കാര്യം ഉറപ്പാണ് അയ്യപ്പസ്വാമി എന്തുതന്നെയായാലും ഇവർക്കൊപ്പമില്ല, ഉണ്ടായിരുന്നുവെങ്കിൽ സ്വർണ്ണപ്പാളി കളവു പോയ വിവരം ഇപ്പോൾ പുറത്തുവരുമായിരുന്നോ? അയ്യപ്പൻ നിൽക്കുന്നത് ഭക്തർക്കൊപ്പമാണെന്ന് ഓരോ ദിവസം കഴിയുന്തോറും കൂടുതൽ കൂടുതൽ വ്യക്തമായി വരികയാണ്.
അമ്മമാരെ വീണ്ടും തെരുവിലിറക്കരുത്
അയ്യപ്പസ്വാമിക്ക് മുന്നിൽ അവർ നേരത്തെ ചെയ്ത തെറ്റുകൾ നമുക്കറിയില്ലല്ലോ. അയ്യപ്പസ്വാമിയുടെ ശ്രീകോവിലിന് മുന്നിൽനിന്ന് പോലീസ് ഓഫീസർ ശ്രീജിത്ത് പൊട്ടിക്കരയുന്നത് നമ്മൾ കണ്ടില്ലേ? എന്താണ് അതിനുകാരണം? ഒരിക്കൽ പോലും ക്ഷേത്രത്തിൽ പോകാത്ത, ഈശ്വരവിശ്വാസികളല്ലാത്ത സ്ത്രീകളെ, പോലീസിന്റെ യൂണിഫോം അണിയിച്ച്, മലകയറ്റി, അയ്യന്റെ സന്നിധിയിൽ എത്തിച്ച്, അവിടുത്തെ ആചാരങ്ങളെ ലംഘിക്കാൻ ശ്രമിച്ചവരെ സംരക്ഷിക്കേണ്ടുന്ന ഗതികേട് ശ്രീജിത്തിന് ഉണ്ടായി. കാരണം ഉന്നതതലത്തിൽ നിന്നുള്ള ശക്തമായ സമ്മർദ്ദത്തിന് ആ പോലീസുദ്യോഗസ്ഥന് കീഴടങ്ങേണ്ടി വന്നു.. അതിലുള്ള വേദനയാണ് അയ്യപ്പസ്വാമിക്ക് മുന്നിൽ കണ്ണീരായി അദ്ദേഹം ഇറക്കിവെച്ചത്. സർക്കാരിന്റെ ആ നീക്കത്തിന് ഒപ്പം നിന്നില്ലായിരുന്നുവെങ്കിൽ അദ്ദേഹം മറ്റൊരു സെൻകുമാറായി മാറുമായിരുന്നു. അങ്ങനെ മാറാതിരിക്കാനാണ് അദ്ദേഹത്തിന് തന്റെ ഡ്യൂട്ടി നിർവ്വഹിക്കേണ്ടി വന്നത്.
മലകയറിയ സ്ത്രീകൾക്കെതിരെ പ്രതിഷേധിച്ച അയ്യപ്പഭക്തരെ അതിനിഷ്ഠൂരമായാണ് ഭരണകൂടം വേട്ടയാടിയത്. അയ്യപ്പന്റെ ആചാരങ്ങൾ സംരക്ഷിക്കുന്നതിനായി ഞാനടക്കം ഒട്ടേറെ വീട്ടമ്മമാർ വീടുവിട്ട് പുറത്തിറങ്ങി, ഏറെ ത്യാഗങ്ങൾ സഹിച്ച് സമരരംഗത്ത് ഉറച്ചുനിന്നു. മർദ്ദനമേറ്റിട്ടും തകർക്കാനാവാത്ത പോരാട്ടമായിരുന്നു അത്. അന്നത്തെ ബി.ജെ.പി അധ്യക്ഷനായിരുന്ന അഡ്വ. ശ്രീധരൻപിള്ള സാർ ആ പോരാട്ടത്തിന് നേതൃത്വം നൽകി സമരമുഖത്ത് ഉറച്ചുനിന്നു. പതിനൊന്ന് ദിവസമാണ് അന്ന് ഞാൻ നിരാഹാരം കിടന്നത്. അന്ന് ജനറൽ സെക്രട്ടറിയായിരുന്ന കെ. സുരേന്ദ്രനെ ജയിലിലടച്ചു.
കോന്നിയിലും, റാന്നിയിലും, പത്തനംതിട്ടയുടെ വിവിധ പ്രദേശങ്ങളിലുമെല്ലാം സ്ത്രീകൾ ഒറ്റക്കെട്ടായി അണിനിരന്നു. ശരണം വിളിച്ചവർ പ്രതിഷേധിച്ചു. വിമാനത്താവളം വഴി ആചാരലംഘനത്തിനെത്തുന്നവരെ പ്രതിരോധിച്ചു. അന്നെല്ലാം ഏതെല്ലാം വിധത്തിലാണ് അവർ ഞങ്ങളെ ശാരീരികമായും മാനസികമായും തകർക്കാൻ ശ്രമിച്ചത്? അന്നവർ 'കുലസ്ത്രീകൾ' എന്ന് വിളിച്ച് ആക്ഷേപിച്ചു. ആ അധിക്ഷേപം ഇപ്പോഴും തുടരുകയാണ്.
ഞാനൊന്ന് ചോദിക്കട്ടെ, ആരാണ് കുലസ്ത്രീ? ഒരു സ്ത്രീ അമ്മയാകുമ്പോൾ, അവരുടെ മക്കളെ നന്നായി സംരക്ഷിക്കും, അവരുടെ വീടിനെ നന്നായി സംരക്ഷിക്കും, ഒപ്പം തന്നെ സമൂഹത്തെയും സംരക്ഷിക്കും. അതോടൊപ്പം അവരവരുടെ മാനസികവും, ശാരീരികവുമായ ശക്തിയും വളർച്ചയും കൂടി ഉറപ്പിക്കും. സ്ത്രീയെന്ന നിലയിലെ അന്തസ്സ് ഉയർത്തിപ്പിടിക്കും, ഏത് മേഖലയിലും തന്റേടത്തോടെ ഇടപെടും. അങ്ങനെയുള്ള ഞങ്ങളെ കുലസ്ത്രീകൾ എന്നുവിളിച്ച് അധിക്ഷേപിക്കാനാണ് ശ്രമമെങ്കിൽ, അഭിമാനത്തോടെ, തലയുയർത്തിപ്പിടിച്ച് ഞങ്ങൾ പറയും, 'അതേ, ഞങ്ങൾ കുലസ്ത്രീകൾ തന്നെയാണ്.' ആത്മീയവും രാഷ്ട്രീയവുമായ പോരാട്ടമുഖങ്ങളിൽ ഞങ്ങൾ ഉറച്ചുനിൽക്കുകതന്നെ ചെയ്യും. അമ്പലക്കള്ളന്മാർക്കെതിരായ പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളും.... വേണ്ടിവന്നാൽ നാമജപങ്ങളുമായി ഇനിയും ഞങ്ങൾ തെരുവിൽ ഇറങ്ങുകതന്നെ ചെയ്യും.
വിശ്വാസത്തെ തകർക്കുന്ന അമ്പലം വിഴുങ്ങികൾ
ഷൊർണ്ണൂരിൽ നിന്നും കൊച്ചിയിലേക്ക് ഒരു റെയിൽവേലൈൻ കൊണ്ടുവന്നതിനെക്കുറിച്ച് ഒരു ചരിത്രമുണ്ട്. പൂർണ്ണത്രയീശ്വര ക്ഷേത്രത്തിന്റെ ധനവിഹിതം എടുത്തുകൊണ്ടാണ് അന്നത് പ്രാവർത്തികമാക്കിയത്. രാജവാഴ്ചക്കാലമായിട്ടും, ആ പണം എടുക്കുന്നതിന് മുമ്പെ, ഒരു ജനസദസ്സ് വിളിച്ചുകൂട്ടി, അവരോട് വസ്തുതകൾ വിശദീകരിച്ചു, നമ്മുടെ നാട്ടിലേക്ക് റെയിൽവേ സംവിധാനം വേണം, അതിന് ഫണ്ട് വേണം, ഭഗവാന് നിങ്ങൾ സമർപ്പിച്ച കാണിക്കയിൽ നിന്നും നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ മാത്രം ചെലവഴിക്കാം. ഈവിധത്തിൽ ജനസമക്ഷം കാണിക്ക തിട്ടപ്പെടുത്തുകയാണ് അന്ന് തൃപ്പൂണിത്തുറയിലെ തമ്പുരാൻ ചെയ്തത്. ഗൗരിലക്ഷ്മിഭായി തമ്പുരാട്ടി തെക്കൻകേരളം ഭരിച്ചിരുന്ന കാലത്താണ്, പുത്തനാറിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്. അന്നും സുതാര്യമായി നിർമ്മാണപ്രവർത്തനങ്ങൾ എങ്ങനെ നടത്തണമെന്ന് തീരുമാനിച്ചത് തമ്പുരാട്ടിയല്ല, മറിച്ച് ജനങ്ങളാണ്.
രാജവാഴ്ചയെ അംഗീകരിക്കുകയോ, പുകഴ്ത്തുകയോ ചെയ്യുകയല്ല ഞാൻ ചെയ്യുന്നത്. ആ കാലത്ത് പോലും ജനങ്ങളോട് സംവദിക്കാനും ആശയവിനിമയം നടത്താനും അവർ തയ്യാറായിരുന്നുവെന്ന് വ്യക്തമാക്കാനാണ്. എന്നാൽ ഇപ്പോഴോ, ഈ ജനാധിപത്യ വാഴ്ചക്കാലത്താണ് ഈവിധത്തിൽ ക്ഷേത്രമുതലുകൾ കയ്യിട്ടുവാരുന്നത്, കേട്ടുകേൾവി പോലുമില്ലാത്തവിധത്തിൽ ക്ഷേത്രശിൽപ്പങ്ങളിലെ സ്വർണ്ണപ്പാളികൾ കവർന്നുകൊണ്ട് പോകുന്നത്. ഇതിനെല്ലാം എന്ത് ന്യായീകരണമാണ് സംസ്ഥാന സർക്കാരിന് പറയാനുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമ്പോഴാണ് ഇതെല്ലാം അരങ്ങേറുന്നത്.. ഇതിനെല്ലാം മറുപടി നൽകാതെ ഒഴിഞ്ഞുമാറാൻ അദ്ദേഹത്തിന് കഴിയുമോ? അങ്ങനെ ശ്രമിച്ചാൽ, അത് ഞങ്ങൾ അനുവദിക്കില്ല എന്നുതന്നെയാണ് ബി.ജെ.പിക്ക് പറയാനുള്ളത്.
ഇപ്പോൾ പുറത്തു വന്നത് സ്വർണ്ണപ്പാളി വിഷയം മാത്രമാണ്, എന്നാൽ പുറത്തുവരാതെ, എന്തെല്ലാം ഈ അമ്പലം വിഴുങ്ങികൾ അവിടെ നിന്നും അടിച്ചുമാറ്റിയിട്ടുണ്ടാകും. അയ്യപ്പന്റെ വസ്തുവകകൾ അപഹരിക്കുന്നതിലൂടെ ഹിന്ദുഭക്ത സമൂഹത്തിന്റെ വിശ്വാസപ്രമാണങ്ങളെ കൂടിയാണ് ഈ ഭരണകൂടം തകർത്തിരിക്കുന്നത്.
പോറ്റി വെറും കണ്ണിമാത്രം
ശബരിമല കേന്ദ്രീകരിച്ചു നടക്കുന്ന ആസൂത്രിത കൊള്ളയിലെ ഒരു കണ്ണി മാത്രമാണ് ഇപ്പോൾ ആരോപണങ്ങൾ നേരിടുന്ന ഉണ്ണികൃഷ്ണൻ പോറ്റി. ദേവസ്വത്തെ കബളിപ്പിച്ചു, തെറ്റിദ്ധരിപ്പിച്ചു എന്നൊക്കെ ന്യായീകരണങ്ങൾ പറഞ്ഞാലും, ഈയൊരു വ്യക്തി ഒറ്റയ്ക്ക് ശ്രമിച്ചാലൊന്നും ഈവധം കവർച്ച നടത്താൻ കഴിയില്ലെന്ന് ആർക്കാണ് അറിയാത്തത്. ദേവസ്വം ബോർഡ് പ്രസിഡന്റിനും, വകുപ്പുമന്ത്രിക്കും, ഉന്നത ഉദ്യോഗസ്ഥർക്കും, ഇവരെയെല്ലാം നിയന്ത്രിക്കുന്ന സാക്ഷാൽ മുഖ്യമന്ത്രിക്കുമെല്ലാം ഈ കാട്ടുകൊള്ളയിൽ നിന്നും ഒഴിഞ്ഞുമാറാൻ കഴിയില്ല. സത്യസന്ധവും ശാസ്ത്രീയവുമായ അന്വേഷണത്തിലൂടെ യാഥാർത്ഥ്യം പുറത്തുകൊണ്ടുവരണമെന്നും, ദുരൂഹങ്ങൾ അവസാനിപ്പിക്കണമെന്നുമാണ് ഭക്തസമൂഹത്തിന്റെ ആവശ്യം.
എത്രയെത്ര ന്യായവാദങ്ങൾ മുഴക്കിയാലും, കവർച്ചാക്കേസ് ചിലരിൽ മാത്രമായി ഒതുക്കി നിർത്താൻ ശ്രമിച്ചാലും, തങ്ങളുടെ കൈകൾ ശുദ്ധമാണെന്ന് സമർത്ഥിക്കാൻ ഇവർക്കാർക്കും ഒരിക്കലും കഴിയില്ല. കാരണം ആ വിധത്തിലുള്ള തീവെട്ടിക്കൊള്ളകൾ ആണല്ലോ, ശബരിമലയിൽ നടന്നുകൊണ്ടിരിക്കുന്നത്. അതിൽ നിന്നും ഒരംശം മാത്രമാണ്ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതെല്ലാം കയ്യും കെട്ടി നോക്കിയിരിക്കണമെന്നാണോ ഭക്തസമൂഹത്തോട് ഇവർ ആജ്ഞാപിക്കുന്നത്. മനസ്സില്ലാ എന്നുതന്നെയാണ് അതിനുള്ള മറുപടി.
കോൺഗ്രസിന്റെ അയ്യപ്പസംഗമം കണ്ണിൽ പൊടിയിടാൻ
കേരളത്തിലെ ക്ഷേത്രങ്ങളെയും, സ്വത്തുവകകളെയും മാറിമാറി കൈകാര്യം ചെയ്തവരാണ് യു.ഡി.എഫും, എൽ.ഡി.എഫും. പരസ്പരമുള്ള ഒത്തുകളിയാണ് എക്കാലത്തും ഇവർ നടത്തിയിട്ടുള്ളത്. ഇപ്പോൾ വലിയ തോതിൽ വിശ്വാസികൾക്ക് വേണ്ടി വാദിക്കുന്ന യു.ഡി.എഫുകാർക്ക് അൽപ്പമെങ്കിലും ആത്മാർത്ഥത ഉണ്ടായിരുന്നുവെങ്കിൽ, അവരുടെ ഭരണകാലത്ത് അമ്പലങ്ങളിലെ സ്വത്തുവിഹിതങ്ങൾ നഷ്ടമാകാതെ സംരക്ഷിക്കുകമായിരുന്നില്ലേ? പകരം അവർ നടത്തിയതും, അഴിമതികളുടെ കൂത്തരങ്ങുകളായിരുന്നില്ലേ?
ഇന്നിപ്പോൾ പന്തളത്ത് വേറെയൊരു അയ്യപ്പസംഗമം നടത്താനുള്ള നീക്കത്തിലാണ് യു.ഡി.എഫുകാർ. ആ അയ്യപ്പസംഗമത്തിന് പിറകിൽ ഒരു ഭക്തിയുമില്ല. ഇതിനുമുമ്പ് ശബരിമലയിലെ ആചാരങ്ങൾ ലംഘിക്കാൻ ഉന്നതതലനീക്കം നടന്നപ്പോൾ, സ്ത്രീകളെ ക്ഷേത്രത്തിലെത്തിക്കാൻ സർക്കാർ തന്നെ ഒത്താശ ചെയ്തുകൊടുത്തപ്പോൾ, സമരമുഖങ്ങളിൽ ഒന്നും ഞങ്ങൾ യു.ഡി.എഫിനെയോ കോൺഗ്രസ് നേതാക്കളെയോ കണ്ടില്ല. അവരെല്ലാം അപ്പോൾ ചാനൽമുറികളിലെ ചർച്ചകളിലൂടെ വിപ്ലവം നടത്തുകയായിരുന്നു.
ഭക്തരുടെ കണ്ണിൽ പൊടിയിടാനുള്ള ചില പൊറാട്ട് നാടകങ്ങൾ അല്ലാതെ, ആത്മാർത്ഥമായി ഈ വിഷയത്തിൽ ഇടപെടാനുള്ള ഒരു ചങ്കൂറ്റവും അന്ന് കോൺഗ്രസുകാർ കാണിച്ചതേയില്ല. എന്തിനധികം പറയണം, തന്ത്രികുടുംബത്തിലെ മുത്തശ്ശിയമ്മയെ സമരമുഖത്തുനിന്നും അറസ്റ്റ് ചെയ്തുകൊണ്ട് പോകുമ്പോൾ പോലും, ഇത് തെറ്റാണെന്ന് പറയാൻ ഒരു കോൺഗ്രസുകാരൻ പോലും ഉണ്ടായിരുന്നില്ലല്ലോ? ഞാൻ പറഞ്ഞില്ലേ, കോൺഗ്രസുകാർ ആരും റോഡിൽ ഫൈറ്റ് ചെയ്യില്ല; അവർ ചാനലുകളിൽ മാറിമാറിയിരുന്ന് ഫൈറ്റ് ചെയ്യുകയായിരുന്നു.
കൈനനയാതെ മീൻപിടിക്കാൻ ശ്രമിച്ചവരും അതിൽ വിജയിച്ചവരുമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസുകാർ. പിണറായി സർക്കാരിനെതിരായ ജനരോഷം ഗൂണകരമായി മാറിയത് യു.ഡി.എഫിനാണ്, അതുകൊണ്ടാണ് ലോക്സഭാതെരഞ്ഞെടുപ്പ് കോൺഗ്രസിന് ഗുണകരമായി മാറിയത്. ഒരു എം.എൽ.എ പോലുമില്ലാതിരുന്ന ബി.ജെ.പിയുടെ ശക്തി തിരിച്ചറിയാൻ പലർക്കും കഴിയാതെ പോയതും കോൺഗ്രസിന് ഗുണകരമായി മാറി. ഇക്കാലത്ത് ആവിധം തട്ടിപ്പുകൾ ഒന്നും നടക്കില്ല എന്നത് വേറെ കാര്യം.
കുളം കലക്കി മീൻപിടിക്കാൻ കോൺഗ്രസ്
യു.ഡി.എഫിന്റെ ഭരണകാലത്ത് ശബരിമലയിൽ എന്തെല്ലാം തീവെട്ടിക്കൊള്ളകൾ ആണ് നടന്നത്. ജ്യോതിഷവിധികളുടെ മറപിടിച്ച് കെട്ടിടങ്ങൾ ഇടിച്ചുമാറ്റി പുതിയവ പണിയാൻ നടത്തിയ വ്യഗ്രതയും അതിന് പിന്നിലെ അഴിമതി ആരോപണങ്ങളുമെല്ലാം മറക്കാൻ കഴിയുമോ? ആന്ധ്രയിൽ നിന്നും ശർക്കര കൊണ്ടുവന്നതിൽ നടന്ന വൻ അഴിമതി ഏറെക്കാലം ചർച്ചാവിഷയമായതല്ലേ? ഈവിധത്തിൽ എത്രയെത്ര കുംഭകോണങ്ങൾ. ബെയ്ലി പാലത്തിന്റെ മറവിലും, വനഭൂമി ഏറ്റെടുക്കൽ നീക്കത്തിന്റെ മറവിലുമൊക്കെ ഉയർന്ന ആരോപണങ്ങൾക്ക് വ്യക്തമായി മറുപടികൾ നൽകാൻ പോലും കോൺഗ്രസ് നേതാക്കൾക്ക് ഇപ്പോഴും കഴിയുന്നില്ല.
യഥാർത്ഥ അയ്യപ്പഭക്തന്മാരുടെ ആദരവും, സ്നേഹവും, ബി.ജെ.പിയും സംഘപരിവാർ പ്രസ്ഥാനങ്ങൾക്കും കിട്ടുന്നുവെന്ന് മനസ്സിലാക്കിയാണ് അയ്യപ്പഭക്തരുടെ കൂടെ ഞങ്ങളുമുണ്ട് എന്ന് കാണിക്കാനായി ഇപ്പോൾ അയ്യപ്പസംഗമവുമായി കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. ഇതെല്ലാം കാപട്യമാണ്. ഇവർക്ക് തെല്ലുപോലും ആത്മാർത്ഥതയില്ല. ഈ വെപ്രാളമെല്ലാം കാണിക്കുന്നതിന് കാരണം ഉടനെ വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പാണെന്ന് ആർക്കാണ് അറിയാത്തത്?
തീർത്ഥാടകരുടെ ക്ഷേമത്തിനായി നിരവധി പദ്ധതികൾ കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ചിട്ടുണ്ട്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ അതെല്ലാം അട്ടിമറിക്കാൻ ഇടതുപക്ഷത്തോടൊപ്പം ചേർന്ന് നിന്നിട്ടുള്ളവരാണ് യു.ഡി.എഫുകാർ. എന്തിന് ശബരിമലയിലേക്കുള്ള വഴികൾ നന്നാക്കാൻ പോലും യു.ഡി.എഫ് കാലത്ത് ശ്രമമുണ്ടായില്ല. ഒരു ശബരി റെയിൽ പദ്ധതി പ്രഖ്യാപനം വന്നതുപോലും ഒ. രാജഗോപാൽ കേന്ദ്രമന്ത്രി ആയപ്പോഴല്ലേ?
ഇപ്പോൾ, സ്വർണ്ണപ്പാളി വിവാദം ഉണ്ടായപ്പോഴും, കോൺഗ്രസിന്റെ പരിശ്രമം എങ്ങനെ കുളംകലക്കി മീൻപിടിക്കാം എന്നുതന്നെയല്ലേ? ആ നേതാക്കളുടെ വാക്കുകളിലും, പ്രവർത്തികളിലും എന്തെങ്കിലും ആത്മാർത്ഥതയുണ്ടോ? എന്തെങ്കിലും ചില പൊറാട്ടുനാടകങ്ങൾ മാത്രം നടത്തി ഭക്തസമൂഹത്തെ പറ്റിക്കാനുള്ള നീക്കം മാത്രമാണ് അവരിപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഞങ്ങൾക്കൊന്നും ഭക്തി വിൽപ്പനച്ചരക്കല്ല, അതെല്ലാം ഞങ്ങൾക്ക് ജീവിതാവിഷ്ക്കാരത്തിന്റെ ഭാഗം തന്നെയാണ്, എന്നാൽ എൽ.ഡി.എഫിന്റേയും, യു.ഡി.എഫിന്റേയും സ്ഥിതി അതല്ല. അവർക്കെല്ലാം ഇത് കയ്യിട്ട് വാരാനും കൊള്ളനടത്താനുമുള്ള ഇടം മാത്രമാണ്. ഓരോ ദിവസം കഴിയുംതോറും കൂടുതൽ കൂടുതൽ തെളിഞ്ഞുവരുന്നതും ഈ യാഥാർത്ഥ്യം തന്നെയല്ലേ.
പുന്നപ്രയും വയലാറും കാവിയണിയുമ്പോൾ
ക്ഷേത്രങ്ങളിൽ നിന്നുവരെ സ്വർണ്ണത്തട്ടിപ്പ് നടത്തുന്നതിലും കേരളം ഒന്നാംസ്ഥാനത്താണെന്ന്, ജി.സുധാകരനെപ്പോലെയുള്ള സമുന്നതനായ സി.പി.എം നേതാവിന് പോലും തുറന്നുപറയേണ്ടി വന്നത് എന്തുകൊണ്ടാണ്? അത്രയധികം മനം മടുത്തുകൊണ്ടാണ് അദ്ദേഹത്തിന് പോലും ഈവിധത്തിൽ പ്രതികരിക്കേണ്ടി വന്നത്.
രാഷ്ട്രീയമായും ആശയപരമായും ജി.സുധാകരനോട് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും, അദ്ദേഹത്തിന്റെ ആത്മാർത്ഥതയെ എക്കാലത്തും അംഗീകരിക്കുന്ന ആളാണ് ഞാൻ. അഴിമതിയുടെ കറപുരളാത്ത, ശക്തമായ നിലപാടുകൾ ഉള്ള അപൂർവ്വം നേതാവാണ് ജി. സുധാകരൻ സാർ, ഉദ്യോഗസ്ഥന്മാരെ വരച്ച വരയിൽ നിർത്തി, ജനപക്ഷത്ത് നിന്ന് കാര്യങ്ങൾ കക്ഷിരാഷ്ട്രീയ വ്യത്യാസം നോക്കാതെ നടപ്പാക്കിയ അദ്ദേഹം, അഴിമതികൾക്കും, പിന്നാമ്പുറ രാഷ്ട്രീയക്കളികൾക്കും കൂട്ടുനിൽക്കാത്തതിനാലാണ് അദ്ദേഹത്തിന് മന്ത്രിസ്ഥാനം നഷ്ടമായതെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. കഴിവും, പ്രാപ്തിയും പരിണതപ്രജ്ഞതയും ഉണ്ടായിട്ടും അദ്ദേഹത്തെപ്പോലൊരു നേതാവിനെ ഈവിധത്തിൽ ഒതുക്കുന്നതെന്തിനാണെന്ന് സാധാരണക്കാരായ പാർട്ടി പ്രവർത്തകർക്ക് എങ്കിലും മനസ്സിലാകുന്ന വിധത്തിൽ വിശദീകരിക്കാൻ പാർട്ടി നേതൃത്വത്തിന് കഴിയാതെ പോകുന്നതെന്തുകൊണ്ടാണ്?
സാധാരണക്കാരായ നാട്ടുകാരെ, എക്കാലവും കബളിപ്പിക്കാമെന്നാണ് ഇരുമുന്നണിക്കാരുടേയും മനസ്സിലിരിപ്പ്. കാൽക്കീഴിലെ മണ്ണ് ഒലിച്ചുമാറിക്കഴിഞ്ഞിട്ട് മാത്രമേ അവരെല്ലാം ഈ അടിയൊഴുക്കുകൾ തിരിച്ചറിയുകയുള്ളൂ. നോക്കൂ, പുന്നപ്രയിലും, വയലാറിലും, വാരിക്കുന്തവുമായി നടന്ന സഖാക്കളുടെ സ്ഥലങ്ങളിലെല്ലാം ഇന്ന് ബി.ജെ.പി ഒന്നാം സ്ഥാനത്താണ്. സി.പി.എമ്മിന് ബദൽ കോൺഗ്രസ് അല്ല എന്ന് ജനം തിരിച്ചറിയുന്നതുകൊണ്ടാണിത്.
ആലപ്പുഴയിലേയും, ആറ്റിങ്ങലിലേയും കമ്മ്യൂണിസ്റ്റുകാർ ബി.ജെ.പിക്ക് അനുകൂലമായി വിധിയെഴുതിയ കാഴ്ചകൾ നമുക്ക് മുന്നിൽ ഉണ്ട്. തിരുവനന്തപുരത്തും തൃശൂരിലും വലിയ മാറ്റങ്ങൾ ഉണ്ടായി. കണ്ണൂരിലെ കോട്ടകൊത്തളങ്ങൾ വരെ ഇടിഞ്ഞുകൊണ്ടിരിക്കുന്നു. ഇതെല്ലാം യാഥാർത്ഥ്യങ്ങളാണ് കണ്ണടച്ച് ഇരുട്ടാക്കിയതുകൊണ്ടാണെന്നും ഇതൊന്നും വസ്തുതകൾ അല്ലാതെയാകുന്നില്ല.
സി.ബി.ഐ അന്വേഷണത്തെ ഭയക്കുന്നതെന്തിന്?
ഭക്തസമൂഹത്തിന് ദേവസ്വം ബോർഡിനോടും സംസ്ഥാന സർക്കാരിനോടുമുള്ള വിശ്വാസം നഷ്ടമായിരിക്കുകയാണ്. സംസ്ഥാന സർക്കാരിനും മറ്റ് സ്ഥാപനങ്ങൾക്കും ഇതിൽ നിന്നും ഒഴിഞ്ഞുമാറാനാവില്ല. കേരളത്തിലെ ആഭ്യന്തരവകുപ്പിന് കീഴിലാണ് സ്വർണ്ണപ്പാളിക്കവർച്ചയെക്കുറിച്ച് അന്വേഷണം നടക്കുന്നതെങ്കിൽ, കേസന്വേഷണം അട്ടിമറിക്കപ്പെടുമെന്നത് ഉറപ്പാണ്.. അതുകൊണ്ടുതന്നെയാണ് ശബരിമലയിലരങ്ങേറിയ കാട്ടുകൊള്ളയെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെടുന്നത്. ശബരിമലയിൽ കയ്യിട്ട് വാരിയിട്ടില്ലെന്ന് പിണറായിക്ക് ഉറപ്പുണ്ടെങ്കിൽ, അദ്ദേഹം സി.ബി.ഐ അന്വഷണത്തെ ഭയക്കുന്നതെന്തിനാണ്.











