09:05am 26 July 2026
NEWS
കോഴിക്കോട് മെഡിക്കൽ കോളജിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത് പത്തനംതിട്ട സ്വദേശിനിയായ പ്രവാസി യുവതി
25/07/2026  05:52 PM IST
nila
കോഴിക്കോട് മെഡിക്കൽ കോളജിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത് പത്തനംതിട്ട സ്വദേശിനിയായ പ്രവാസി യുവതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ മുങ്ങിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. പത്തനംതിട്ട സീതത്തോട് സ്വദേശിനിയായ പ്രവാസി യുവതിയാണ് കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതെന്ന് അന്വേഷണത്തിൽ വ്യക്തമായി. യുവതിയെ കണ്ടെത്തിയ പൊലീസ് അവരെ ചോദ്യം ചെയ്യുന്നതിനായി കോഴിക്കോട്ടേക്ക് കൊണ്ടുവരികയാണ്.

പ്രസവവിവരം യുവതിയുടെ വീട്ടുകാർക്ക് അറിയില്ലായിരുന്നുവെന്നാണ് വിവരം. സുഹൃത്തിന്റെ സഹായത്തോടെയാണ് യുവതി കോഴിക്കോട് മെഡിക്കൽ കോളജിലെത്തിയത്. തുടർന്ന് മറ്റൊരു സ്ത്രീയെ സഹായത്തിനായി ഏർപ്പാടാക്കുകയും ചെയ്തു.

ഈ മാസം എട്ടിനാണ് യുവതി മെഡിക്കൽ കോളജിൽ പ്രവേശിച്ചത്. 12-ാം തീയതി ആശുപത്രി വിട്ടെങ്കിലും കുഞ്ഞിന് അസുഖമാണെന്ന് പറഞ്ഞ് തനിക്കൊപ്പം നിന്നിരുന്ന സ്ത്രീയെ വീണ്ടും ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് കുഞ്ഞിനെ ആ സ്ത്രീയുടെ കൈകളിൽ ഏൽപ്പിച്ച ശേഷം യുവതി സ്ഥലംവിടുകയായിരുന്നു.

സംഭവത്തെ തുടർന്ന് കുഞ്ഞിനെ അധികൃതർ സുരക്ഷിതമായി ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ആശുപത്രിയിൽ നൽകിയ വിലാസം വ്യാജമാണെന്നും വയനാട് സ്വദേശിനിയാണെന്നായിരുന്നു യുവതി രേഖപ്പെടുത്തിയിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് യഥാർഥ സ്വദേശം പത്തനംതിട്ട ജില്ലയിലെ സീതത്തോടാണെന്ന് വ്യക്തമായത്. സംഭവത്തിന്റെ എല്ലാ സാഹചര്യങ്ങളും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img