
തിരുവനന്തപുരം: നെടുമങ്ങാട്ട് ഒന്നരവയസുകാരന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ. കുഞ്ഞിന്റെ അമ്മ അഖിലയെയും പങ്കാളിയായ അഷ്‌കറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ അഷ്‌കർ മർദിച്ചിരുന്നതായി അഖില ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. അതേസമയം, അഷ്‌കർ ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. ദീർഘകാലമായി നേരിട്ട മർദനത്തെ തുടർന്നുണ്ടായ ആന്തരിക അവയവങ്ങളിലെ ഗുരുതര രക്തസ്രാവമാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ദിവസമാണ് അഷ്‌കർ കുഞ്ഞിന് ഭക്ഷണം നൽകുന്നതിനിടെ ഛർദ്ദിച്ചെന്നും തുടർന്ന് ആശുപത്രിയിലെത്തിച്ചെന്നും പറഞ്ഞത്. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതാണ് ആരോഗ്യനില വഷളാകാൻ കാരണമായതെന്നായിരുന്നു അഷ്‌കറിന്റെ വിശദീകരണം. എന്നാൽ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുഞ്ഞ് മരിക്കുകയായിരുന്നു.
സംഭവസമയത്ത് അമ്മ അഖില തമിഴ്നാട്ടിൽ ഒരു നൃത്തപരിപാടിയിൽ പങ്കെടുക്കാനായി പോയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.










