06:10pm 22 September 2026
NEWS
വ്യോമസേനയുടെ വിമാനത്താവളം മറിച്ചുവിറ്റ അമ്മയും മകനും കുടുങ്ങും
01/07/2025  01:23 PM IST
nila
വ്യോമസേനയുടെ വിമാനത്താവളം മറിച്ചുവിറ്റ അമ്മയും മകനും കുടുങ്ങും

വ്യോമസേനയുടെ വിമാനത്താവളം മറിച്ചുവിറ്റ അമ്മയും മകനും കുടുങ്ങും. പഞ്ചാബ് സ്വദേശിനിയായ  ഉഷ അൻസലും മകൻ നവീൻ ചന്ദും ചേർന്നാണ് മൂന്ന് യുദ്ധങ്ങളിൽ ഇന്ത്യൻ വ്യോമസേന അടിയന്തര ആവശ്യങ്ങൾക്ക് എയർ സ്ട്രിപ്പായി ഉപയോഗിച്ച സ്ഥലം വിറ്റത്. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത് നാലാഴ്ചയ്ക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ പഞ്ചാബ്– ഹരിയാന ഹൈക്കോടതി പഞ്ചാബ് വിജിലൻസിന് നിർദേശം നൽകി.  റിട്ടയർഡ് റവന്യൂ ഓഫിസറായ നിഷാൻ സിങ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. 

 1997ലാണ്  ഉഷയും മകനും വ്യാജരേഖ ചമച്ച് വ്യോമസേന വിമാനത്താവളമായി ഉയോ​ഗിച്ചിരുന്ന ഭൂമി വിറ്റത്. പാക് അതിർത്തിയോട് ചേർന്നുള്ള ഫത്തുവാല ഗ്രാമത്തിലെ ഭൂമിയാണിത്. രണ്ടാം ലോകയുദ്ധ കാലത്ത് നിർമിച്ച എയർസ്ട്രിപ്പാണ് റവന്യൂ അധികൃതരുടെ ഒത്താശയോടെ 1997 ൽ ഉഷ അൻസലും മകൻ നവീൻ ചന്ദും മറിച്ചുവിറ്റത്. റിട്ടയർഡ് റവന്യൂ ഓഫിസറായ നിഷാൻ സിങ്ങ് നിയമനടപടികളുമായി രം​ഗത്തെത്തിയതോടെയാണ് അമ്മക്കും മകനും കുരുക്ക് മുറുകിയത്. ദേശീയ സുരക്ഷയെ അപകടത്തിലാക്കുന്ന നടപടിയാണുണ്ടായതെന്നും കോടതി നിരീക്ഷിച്ചു.

1945 ലെ രണ്ടാം ലോക യുദ്ധകാലത്ത് ബ്രിട്ടിഷ് സർക്കാരാണ് ഈ ഭൂമി ഏറ്റെടുത്തത് എയർ സ്ട്രിപ് നിർമ്മിച്ചത്. സ്വാതന്ത്ര്യാനന്തരം സ്ഥലം വ്യോമസേന ഏറ്റെടുക്കുകയും ഉപയോഗിച്ച് വരികയുമായിരുന്നു. 1962,1965,1971 യുദ്ധങ്ങളിൽ എയർ സ്ട്രിപ് വ്യോമസേന പ്രയോജനപ്പെടുത്തി. എന്നാൽ വ്യാജരേഖകൾ ചമച്ച് ഉഷയും മകനും സ്ഥലം സ്വന്തം പേരിലാക്കുകയും ഇത് മറിച്ച് വിൽക്കുകയുമായിരുന്നു.

പൊതുപ്രവർത്തകൻ കൂടിയായ നിഷാൻറെ പരാതിയിൻമേൽ 2021 ൽ ഫിറോസ്പുർ ഡപ്യുട്ടി കമ്മിഷണറോട് അന്വേഷണം ആവശ്യപ്പെട്ട് വ്യോമസേനയുടെ ഹൽവാര സ്റ്റേഷനിൽ നിന്ന് കത്ത് പോയിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് നിഷാൻ ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെ വ്യോമസേനയുടെ സ്ഥലം വിറ്റ് അമ്മയും മകനും സ്ഥലം വിട്ടതിൻറെ വിശദവിവരങ്ങൾ പുറത്തുവന്നു. സ്ഥലത്തിൻറെ കൈവശാവകാശം 7 പേർക്കാണെന്ന് സർക്കാർ രേഖകളിലായെങ്കിലും സൈന്യം സ്ഥലം വിട്ടുനൽകിയിട്ടില്ല. 

ഫിറോസ്പുർ ഡപ്യൂട്ടി കമ്മിഷണറുടേത് ഗുരുതര വീഴ്ചയാണെന്നും ഹർജി പരിഗണിച്ച കോടതി വ്യക്തമാക്കി. ഹൈക്കോടതി നിർദേശ പ്രകാരം ഉഷയ്ക്കും മകനുമെതിരെ  വഞ്ചനക്കുറ്റം, തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ, കുറ്റകരമായ ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തു.  ഹൈക്കോടതി ഇടപെടലിന് പിന്നാലെ സ്ഥലം വീണ്ടും പ്രതിരോധ മന്ത്രാലയത്തിൻറേതായി വകയിരുത്തുകയും രേഖകൾ തിരുത്തുകയും ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img