10:29pm 07 November 2026
NEWS
മക്കളുടെ പഠനത്തിനായി സാരിയുടുത്ത് നഗ്നപാദയായി ഓടി; മാരത്തോണിൽ ഒന്നാംസ്ഥാനം സ്വന്തമാക്കി 47കാരി
01/09/2026  11:43 AM IST
nila
മക്കളുടെ പഠനത്തിനായി സാരിയുടുത്ത് നഗ്നപാദയായി ഓടി; മാരത്തോണിൽ ഒന്നാംസ്ഥാനം സ്വന്തമാക്കി 47കാരി

ബീഡ്: മക്കളുടെ പഠനത്തിനായി പണം കണ്ടെത്താനുള്ള പോരാട്ടത്തിനിടെ സാരിയുടുത്ത് നഗ്നപാദയായി മാരത്തോണിൽ ഓടി ഒന്നാംസ്ഥാനം സ്വന്തമാക്കി 47കാരി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ അംബജോഗായിയിലെ രമാഭായ് രൺവീറാണ് വ്യത്യസ്തമായ ഈ വിജയത്തിലൂടെ ശ്രദ്ധ നേടുന്നത്. രമാഭായിയുടെ പിന്നാലെ മകൾ പൂജയും ഫിനിഷ് ലൈൻ കടന്ന് രണ്ടാംസ്ഥാനം നേടി.

പ്രാദേശിക സംഘടന സംഘടിപ്പിച്ച അമൃത് ദൗഡ് മാരത്തോണിലാണ് രമാഭായ് മത്സരിച്ചത്. ഒന്നാം സ്ഥാനക്കാരിക്ക് ലഭിച്ച 3000 രൂപയാണ് സമ്മാനം. മക്കളുടെ പഠനത്തിനായി ഈ തുക ഉപയോഗിക്കുമെന്ന് രമാഭായ് വ്യക്തമാക്കി.

ഭർത്താവ് മുംബൈയിലുണ്ടായ അപകടത്തിൽ മരിച്ചതോടെയാണ് രമാഭായിയുടെ ജീവിതം പ്രതിസന്ധിയിലായത്. രണ്ട് പെൺമക്കളുടെ പഠനച്ചെലവും കുടുംബത്തിന്റെ ഉത്തരവാദിത്തവും പിന്നീട് രമാഭായിയുടെ ചുമലിലായി. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകണമെന്ന തീരുമാനത്തിൽ അവർ ഉറച്ചുനിന്നു.

കുടുംബം മുന്നോട്ടുകൊണ്ടുപോകാൻ ഒരു സ്വകാര്യ അക്കാദമിയിൽ പാചകക്കാരിയായി രമാഭായ് ജോലി ആരംഭിച്ചു. ഇതേ അക്കാദമിയിൽ മൂത്ത മകളെ മത്സരപരീക്ഷാ പരിശീലനത്തിനായി ചേർക്കുകയും ചെയ്തു. കഠിനാധ്വാനം തിരിച്ചറിഞ്ഞ അക്കാദമി ഡയറക്ടർ പിന്നീട് മകളുടെ പഠനഫീസ് ഒഴിവാക്കുകയും ചെയ്തു.

ട്രാക്ക് സ്യൂട്ടുകൾക്കിടയിൽ സാരിയുടുത്ത് രമാഭായ്

ട്രാക്ക് സ്യൂട്ടും സ്പോർട്സ് ഷൂസും ധരിച്ചെത്തിയ യുവതലമുറയ്‌ക്കൊപ്പമാണ് രമാഭായ് സാധാരണ സാരിയും ചെരിപ്പും ധരിച്ച് മത്സരത്തിനിറങ്ങിയത്. എന്നാൽ ഓട്ടത്തിനിടെ ചെരിപ്പ് കാലിൽ നിന്ന് ഊരിപ്പോകാൻ തുടങ്ങിയതോടെ അവർ ചെരിപ്പ് ഊരി കയ്യിൽ പിടിച്ചു.

പിന്നീട് റോഡിലെ കല്ലുകളോ തണുപ്പോ ഒന്നും വകവെക്കാതെ നഗ്നപാദയായി രമാഭായ് ഓട്ടം തുടർന്നു. സാരിത്തലപ്പ് മുറുക്കിപ്പിടിച്ച് മറ്റ് മത്സരാർഥികളെ പിന്നിലാക്കി മുന്നേറിയ അവർ ഒടുവിൽ ഒന്നാമതായി ഫിനിഷ് ലൈൻ തൊട്ടു. ആവേശഭരിതരായ കാണികൾ കരഘോഷത്തോടെയാണ് രമാഭായിയെ സ്വീകരിച്ചത്.

“മത്സരത്തിൽ ഒരുപാട് പേരുണ്ടായിരുന്നു. പക്ഷേ എനിക്ക് ആ സമ്മാനം നേടിയേ തീരൂ എന്നായിരുന്നു മനസ്സിൽ. ഓടുമ്പോൾ എന്റെ മക്കളുടെ ഭാവി മാത്രമായിരുന്നു ചിന്ത. ഈ 3000 രൂപ കൊണ്ട് മക്കൾക്ക് ആവശ്യമായ പുസ്തകങ്ങൾ വാങ്ങും,” വിജയത്തിന് പിന്നാലെ രമാഭായ് പറഞ്ഞു.

അമ്മയ്ക്ക് പിന്നാലെ മകളും; ഇരുവർക്കും നേട്ടം

മത്സരത്തിൽ രണ്ടാംസ്ഥാനം നേടിയത് രമാഭായിയുടെ മകൾ പൂജയാണ്. പോലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് പൂജ. അമ്മയെ മാരത്തോണിൽ പങ്കെടുക്കാൻ പ്രേരിപ്പിച്ചത് താനാണെങ്കിലും അമ്മ ഒന്നാംസ്ഥാനം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പൂജ പറഞ്ഞു. പൂജയുടെ സഹോദരി ബാങ്കിങ് പരീക്ഷകൾക്കുള്ള തയ്യാറെടുപ്പിലാണ്. കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മക്കളുടെ പഠനത്തിന് മുൻഗണന നൽകുകയാണ് രമാഭായ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img