
ആൾവാർ: രാജസ്ഥാനിലെ ഡീഗ് ജില്ലയിലെ ബഡേസ്ര ഗ്രാമത്തിൽ 13 വയസ്സുള്ള ഇരട്ട സഹോദരങ്ങളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ കുട്ടികളുടെ അമ്മ പ്രീതി, അമ്മയുടെ കാമുകൻ, മൂത്ത മകൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാമുകനുമായുള്ള അമ്മയുടെ ബന്ധത്തെ കുട്ടികൾ എതിർത്തതാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വിനയ്, വിഷ്ണു എന്നീ കുട്ടികളുടെ മൃതദേഹങ്ങൾ വീടിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലാണ് കണ്ടെത്തിയത്. ഇരുവരെയും വീട്ടിൽ കാണാതായതിനെ തുടർന്ന് അമ്മയുടെ സഹോദരി നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. കുട്ടികളുടെ കഴുത്തറുത്ത നിലയിലായിരുന്നുവെന്നും ശരീരത്തിൽ നിരവധി മുറിവുകളും തലയ്ക്ക് പരുക്കുകളും ഉണ്ടായിരുന്നുവെന്നും ഡീഗ് എസ്പി കാംബ്ലെ ശരൺ ഗോപിനാഥ് പറഞ്ഞു.
കൊലപാതകം ആസൂത്രണം ചെയ്തതിലും നടപ്പാക്കിയതിലും മൂത്ത മകന് പങ്കുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. അമ്മയുടെ ബന്ധത്തെ മൂത്ത മകൻ പിന്തുണച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി.
ഉത്തർപ്രദേശിലെ ഹാത്രാസ് ജില്ലയിലെ സരോത് മൻസ ഗ്രാമവാസിയായ നിരഞ്ജൻ സിങ്ങുമായി 20 വർഷം മുൻപാണ് പ്രീതി വിവാഹിതയായത്. ദമ്പതികൾക്ക് നാലു മക്കളാണുള്ളത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണ്.










