
തിരുവനന്തപുരം: വെള്ളറടയിൽ നവജാത ശിശുവിന്റെ ദുരൂഹമരണത്തിൽ മാതാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ താൻ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഷംന (21) പൊലീസിനോട് പറഞ്ഞത്. കുഞ്ഞിന്റെ കഴുത്ത് ബ്ലേഡുകൊണ്ട് അറുത്തും മുഖത്ത് കൈകൊണ്ട് അമർത്തി ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയത് എന്നാണ് യുവതി വെളിപ്പെടുത്തിയത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ഷംനയെ റിമാൻഡ് ചെയ്തു.
ഞായറാഴ്ച സ്വന്തം വീട്ടിൽ തന്നെയാണ് ഷംന പ്രസവിച്ചത്. ഭർത്താവ് അൽത്താഫ് ഇറച്ചിക്കടയിൽ ജോലി ചെയ്യുന്നയാളാണ്. മൂന്ന് വർഷം മുൻപാണ് ഇവരുടെ വിവാഹം നടന്നത്. ഇവർക്കു രണ്ടുവയസ്സുള്ള മറ്റൊരു കുട്ടിയും ഉണ്ട്. ഒരുകുഞ്ഞിനെ തന്നെ നോക്കാൻ ബുദ്ധിമുട്ടാണെന്നും അതിനാലാണ് രണ്ടാമത്തെ കുഞ്ഞിനെ ജനിച്ചയുടൻ തന്നെ കൊലപ്പെടുത്തിയത് എന്നുമാണ് ഷംനയുടെ മൊഴി.
ഞയറാഴ്ച്ചയാണ് ഷംന പ്രസവിച്ചത്. നവജാതശിശുവിൻ്റെ മരണം ശ്വാസംമുട്ടിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. കുഞ്ഞിന്റെ കഴുത്തിലും ശരീരത്തിലും മുറിവുകള്‍ കണ്ടെത്തിയിരുന്നു. അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി അധികൃതരാണ് സംശയം തോന്നി വിവരം പൊലീസിനെ അറിയിച്ചത്. പുറത്തുപോയിരുന്ന ഭര്‍ത്താവ് അല്‍ത്താഫ് വീട്ടില്‍ തിരിച്ചെത്തിയ സമയത്ത് വയറുവേദനയെ തുടര്‍ന്ന് കിടക്കുകയായിരുന്നു ഷംന.
ആശുപത്രിയില്‍ പോകണം എന്ന് പറഞ്ഞതോടെ അല്‍ത്താഫ് ഓട്ടോറിക്ഷ വിളിക്കുന്നതിന് പോയി. ഈ സമയത്താണ് ഷംന കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞ് മരിക്കുകയും ചെയ്തിരുന്നു. അല്‍ത്താഫ് തിരികെ എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ഷംനയേയും കുഞ്ഞിനേയും കാണുകയായിരുന്നു. ഉടന്‍ തന്നെ ഭര്‍ത്താവ് ഷംനയേയും കുഞ്ഞിനേയും ആശുപത്രിയില്‍ എത്തിച്ചു.
സംശയം തോന്നിയ ആശുപത്രി അധികൃതര്‍ വിവരം കാട്ടാക്കട പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ കുഞ്ഞിന്റെ ശരീരത്തില്‍ കഴുത്തിലും ശരീരത്തിലും മുറിവുകള്‍ കണ്ടെത്തി. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഷംന ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് അല്‍ത്താഫ് മൊഴി നല്‍കിയിരുന്നു.











