ആലപ്പുഴയിലെ ജാസ്മിനെ കൊല്ലാൻ പിതാവിന് മകളെ പിടിച്ചുനിർത്തികൊടുത്തത് അമ്മ

ആലപ്പുഴ എയ്ഞ്ചൽ ജാസ്മിൻ കൊലപാതകത്തിൽ യുവതിയുടെ അമ്മക്കും പങ്കെന്ന് പൊലീസ്. ചൊവ്വാഴ്ച രാത്രിയിൽ തോർത്തുപയോഗിച്ച് കഴുത്തുമുറുക്കിയാണ് ജാസ്മിനെ പിതാവ് ജോസ്മോൻ കൊലപ്പെടുത്തിയത്. ഈ സമയം ജാസ്മിനെ അമ്മ കൈകളിൽ പിടിച്ചുനിർത്തിയെന്നും പൊലീസ് വ്യക്തമാക്കുന്നു. ജാസ്മിന്റെ അമ്മയേയും അമ്മാവനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതക വിവരം മറച്ചുവച്ചുവെന്നതാണ് അമ്മാവനെതിരായ കുറ്റം.
രാത്രിതന്നെ മകൾ മരിച്ചെന്നു ജോസ്മോനും ജെസിക്കും ഉറപ്പായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൃത്യം നടത്തിയശേഷം എല്ലാവരും കിടന്നുറങ്ങി. യാതൊരു ഭാവമാറ്റവും ഇല്ലാതെ ബുധനാഴ്ച രാവിലെ അയൽക്കാരോട് പെരുമാറുകയും ചെയ്തു. പള്ളിയിൽ പോകാൻ വിളിച്ചപ്പോൾ അനക്കമില്ലെന്നും മരിച്ചുകിടക്കുകയാണെന്നും അയൽക്കാരെ രാവിലെ ജോസ്മോൻ അറിയിച്ചു. ആളുകൾ ഓടിക്കൂടിയപ്പോൾ അലമുറയിട്ട് ജോസ്മോനും ഭാര്യ ജെസിയും കരഞ്ഞു.
നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. ജീവനുണ്ടാകും ആശുപത്രിയിൽ കൊണ്ടുപോകാനായിരുന്നു പൊലീസിൻറെ നിർദേശം. മൃതദേഹ പരിശോധനയിൽ ജാസ്മിന്റെ കഴുത്തിലെ ആസ്വഭാവിക പാടുകൾ കണ്ട് പൊലീസിന് സംശയംതോന്നി. കെട്ടിത്തൂങ്ങിയിട്ട് ആത്മഹത്യ മറയ്ക്കാൻ വീട്ടുകാർ അഴിച്ചുകിടത്തിയതാണോ എന്നായിരുന്നു പ്രധാന സംശയം. ഇതിനു വ്യക്തത വരാനായിരുന്നു ജോസ്മോനെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയത്. എന്നാൽ ചോദ്യംചെയ്യലിൽ പിടിച്ചുനിൽക്കാനായില്ല.
ജാസ്മിൻ കന്യാസ്ത്രീ പട്ടത്തിന് പഠിക്കാൻപോയെങ്കിലും മുഴുമിപ്പിക്കാതെ തിരിച്ചുപോരുകയായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. പിന്നീട് തുമ്പോളി സ്വദേശിയെ വിവാഹം കഴിച്ചു. കുട്ടികളില്ല. ആലപ്പുഴ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ലാബ് ടെക്നീഷ്യനാണ് ജാസ്മിൻ.











