
തൊടുപുഴ: നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് ജീവപര്യന്തം തടവ്. മറയൂർ നാച്ചിവയൽ പുളിക്കരവയൽ സ്വദേശിനി കുട്ടിയമ്മ എന്ന റോസ് മേരി (47) കുറ്റക്കാരിയാണെന്ന് മുട്ടം അഡീഷനൽ സെഷൻസ് കോടതി കണ്ടെത്തി. പ്രതിക്ക് ജീവപര്യന്തം തടവിനൊപ്പം 50,000 രൂപ പിഴയും കോടതി വിധിച്ചു. അഡീഷനൽ സെഷൻസ് ജഡ്ജി ആശ് കെ. ബാൽ ആണ് വിധി പ്രസ്താവിച്ചത്.
2014 മേയ് 13നാണ് കേസിനാസ്പദമായ സംഭവം. പുളിക്കരവയലിലെ റോസ് മേരിയുടെ വീടിനോട് ചേർന്നുള്ള പശുത്തൊഴുത്തിന് മുകളിൽ കമ്പിളിപ്പുതപ്പിൽ പൊതിഞ്ഞ നിലയിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ആടിനെ മാറ്റിക്കെട്ടുന്നതിനായി തൊഴുത്തിനടുത്തെത്തിയ 14കാരനായ അയൽവാസിയാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ഇയാൾ സമീപവാസിയും പഞ്ചായത്തംഗവുമായ വ്യക്തിയെ വിവരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് നാട്ടുകാർ ചേർന്ന് കുഞ്ഞിനെ മറയൂർ ഗവൺമെന്റ് ആശുപത്രിയിലെത്തിച്ചു. തുടർന്ന് അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചതായി സ്ഥിരീകരിച്ചു. ഇതിന് പിന്നാലെയാണ് പൊലീസ് റോസ് മേരിയെ കസ്റ്റഡിയിലെടുത്തത്.
പ്രസവിച്ച ശേഷം കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും മൃതദേഹം പശുത്തൊഴുത്തിന് മുകളിൽ ഒളിപ്പിക്കുകയുമായിരുന്നു എന്നാണ് കേസിലെ പ്രോസിക്യൂഷൻ ആരോപണം. അന്വേഷണത്തിന് ശേഷം പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി വിചാരണ പൂർത്തിയാക്കി പ്രതിയെ കുറ്റക്കാരിയെന്ന് കണ്ടെത്തിയത്.
പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി.എസ്. രാജേഷ് ഹാജരായി.










