
കുർണൂൽ: ജീവനൊടുക്കിയ അമ്മയുടെ അരികിൽ ഒരു രാത്രി മുഴുവൻ ചെലവഴിച്ച മൂന്നുവയസുകാരനെ രാവിലെ കണ്ടെത്തിയത് അബോധാവസ്ഥയിൽ. ആന്ധ്രപ്രദേശിലെ കുർണൂലിലാണ് നാടിനെ നടുക്കിയ സംഭവം. അമ്മയുടെ മൃതദേഹത്തിനരികിലിരുന്ന് കരഞ്ഞും അമ്മയെ ഉണർത്താൻ ശ്രമിച്ചും രാത്രി മുഴുവൻ കഴിഞ്ഞ കുഞ്ഞ് ഒടുവിൽ തളർന്നുവീഴുകയായിരുന്നു.
30കാരിയായ സ്വാതിയാണ് വീട്ടിലെ മുറിയിൽ ഫാനിൽ തൂങ്ങി മരിച്ചത്. രാവിലെ ഏറെ നേരമായിട്ടും സ്വാതി പുറത്തേക്ക് വരാതിരുന്നതിനെ തുടർന്ന് സംശയം തോന്നിയ അയൽവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ കർണൂൽ സെക്കൻഡ് ടൗൺ പൊലീസ് അപ്പാർട്ട്മെന്റിന്റെ വാതിൽ തകർത്ത് അകത്തുകയറി. അമ്മയുടെ മൃതദേഹത്തിന് സമീപം, പാദത്തിനരികിൽ കിടന്നിരുന്ന സ്റ്റൂളിനോട് ചേർന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്.
മരിച്ചുകിടന്ന അമ്മയുടെ കാലുകളിൽ പിടിച്ചും ഉമ്മവെച്ചും കരഞ്ഞും കുഞ്ഞ് മണിക്കൂറുകളോളം അവിടെത്തന്നെ കഴിയുകയായിരുന്നുവെന്നാണ് വിവരം. അമ്മ പ്രതികരിക്കാതായതോടെ കരഞ്ഞുതളർന്ന കുഞ്ഞ് ഒടുവിൽ അബോധാവസ്ഥയിലായി. പൊലീസ് ഉടൻ തന്നെ കുഞ്ഞിന് പ്രാഥമിക ചികിത്സ ലഭ്യമാക്കി.
വെങ്കടരമണ കോളനിയിലെ അപ്പാർട്ട്മെന്റിലായിരുന്നു സ്വാതിയും മകൻ ശ്രിയാനും അമ്മ കലാവതിയും താമസിച്ചിരുന്നത്. നാലുവർഷം മുൻപാണ് ഹൈദരാബാദ് സ്വദേശിയായ ഗണേഷുമായി സ്വാതിയുടെ വിവാഹം നടന്നത്. കുടുംബപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി ഇരുവരും വേർപിരിഞ്ഞാണ് കഴിയുന്നത്.
സ്വാതിയുടെ അമ്മ കലാവതി മൂന്ന് ദിവസം മുൻപ് ഇളയ മകളെ കാണാനായി ഹൈദരാബാദിലേക്ക് പോയിരുന്നു. ഒറ്റയ്ക്കുള്ള ജീവിതത്തിൽ സ്വാതി കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ജീവനൊടുക്കുന്നതിന് മുൻപുള്ള രാത്രിയിൽ സമീപത്തെ താമസക്കാരുമായി സ്വാതി സംസാരിച്ചിരുന്നു. അമ്മയുമായും ഫോണിൽ വിശേഷങ്ങൾ പങ്കുവച്ചിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്.
വിവരമറിഞ്ഞ് ഹൈദരാബാദിലായിരുന്ന കലാവതിയും കുർണൂലിലേക്ക് മടങ്ങിയെത്തി. ഒരു രാത്രി മുഴുവൻ അമ്മയുടെ ചേതനയറ്റ ശരീരത്തിനരികിൽ കഴിയേണ്ടിവന്ന പിഞ്ചുകുഞ്ഞിന്റെ അവസ്ഥയറിഞ്ഞ് ബന്ധുക്കളും അയൽവാസികളും കടുത്ത ഞെട്ടലിലാണ്.










