
പിറവം: മൂവാറ്റുപുഴയാറ്റിൽ മുളക്കുളം പാലത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ അമ്മയുടെയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മൂവാറ്റുപുഴ സ്വദേശിനിയും കാഴ്ചപരിമിതിയുള്ളയാളുമായ ബിജിയും ഒരു വയസ്സുള്ള മകളുമാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാൽ ബിജിയുടെ ഭർത്താവിനെയും ആറുവയസ്സുള്ള മൂത്ത മകളെയും കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിക്കാത്തത് സംഭവത്തിൽ ദുരൂഹത വർധിപ്പിക്കുകയാണ്.
കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെയാണ് മുളക്കുളം പാലത്തിന് സമീപം മൂവാറ്റുപുഴയാറ്റിലൂടെ രണ്ട് മൃതദേഹങ്ങൾ ഒഴുകിവരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ കരയ്ക്കെത്തിച്ചു. രാത്രി വൈകിയാണ് ബന്ധുക്കൾ എത്തി മരിച്ചവരെ തിരിച്ചറിഞ്ഞത്.
മരണത്തിന് തൊട്ടുമുമ്പ് ബിജിയും കുഞ്ഞും സമീപത്തെ ഒരു ഹോട്ടലിലെത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ബിജിയും ഭർത്താവും രണ്ട് പെൺമക്കളുമടങ്ങുന്ന കുടുംബം കോതമംഗലത്ത് വാടകവീട്ടിലായിരുന്നു താമസം. ഒരു വയസ്സുള്ള കുഞ്ഞ് അമ്മയ്ക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയെങ്കിലും കുടുംബത്തിലെ മറ്റുരണ്ട് അംഗങ്ങളായ ഭർത്താവിനെയും ആറുവയസ്സുകാരിയായ മൂത്ത മകളെയും കണ്ടെത്താനായിട്ടില്ല. ഇവർക്കായി വിവിധ കേന്ദ്രങ്ങളിൽ വ്യാപക തിരച്ചിൽ തുടരുകയാണ്.
കുടുംബം പൊതുവെ മറ്റുള്ളവരുമായി അധികം ഇടപഴകാതെ ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചിരുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ബിജിക്കും ഭർത്താവിനും സ്വന്തം മാതാപിതാക്കളുമായും അടുത്ത ബന്ധുക്കളുമായും കാര്യമായ ബന്ധമോ സ്ഥിരമായ ആശയവിനിമയമോ ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇടയ്ക്കിടെ തീർഥാടന യാത്രകൾ നടത്തിയിരുന്ന കുടുംബം ഇത്തവണയും അത്തരമൊരു യാത്രയ്ക്കായിരുന്നോ പോയതെന്നതടക്കമുള്ള കാര്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.
സംഭവവുമായി ബന്ധപ്പെട്ട് ബിജിയുടെ മാതാപിതാക്കൾ ഇന്ന് പൊലീസ് സ്റ്റേഷനിലെത്തി വിശദമായ മൊഴി നൽകും. മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. അതേസമയം, കാണാതായ ഭർത്താവിനെയും മൂത്ത മകളെയും കണ്ടെത്താനായാൽ മാത്രമേ ഈ ദുരൂഹ മരണത്തിന് പിന്നിലെ യഥാർഥ സാഹചര്യങ്ങൾ വ്യക്തമാകുകയുള്ളൂ.








