11:05am 31 July 2026
NEWS
നാല് വയസുകാരന്റെ മരണം: അമ്മ നരഭോജിയെന്ന് സംശയം
30/07/2026  06:34 AM IST
nila
നാല് വയസുകാരന്റെ മരണം: അമ്മ നരഭോജിയെന്ന് സംശയം

സിഡ്നി: നാല് വയസുകാരന്റെ മരണവുമായി ബന്ധപ്പെട്ട് അമ്മയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം. ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് സംഭവം. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ ഭാഗങ്ങൾ ഭക്ഷിച്ചിരിക്കാമെന്ന സംശയമാണ് അന്വേഷണ ഉദ്യോഗസ്ഥർ ഉയർത്തുന്നത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും ശാസ്ത്രീയ പരിശോധനകളുടെ ഫലം കാത്തിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

32-കാരിയായ യുവതി വടക്കൻ സിഡ്നിയിലെ വയോങ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയതോടെയാണ് കേസിന് വഴിത്തിരിവായത്. യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ പൊലീസ് അവർ താമസിച്ചിരുന്ന വാടകവീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് നാല് വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്.

ദിവസങ്ങൾ പഴക്കമുള്ള മൃതദേഹത്തിൽ ഒരു കൈ മുറിഞ്ഞ നിലയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവസ്ഥലത്തെ കാഴ്ച അതീവ ദാരുണമായിരുന്നതിനാൽ പരിശോധന നടത്തിയ ചില പൊലീസ് ഉദ്യോഗസ്ഥർക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതായും, ആരോഗ്യപ്രവർത്തകരുടെ സഹായം തേടേണ്ടിവന്നതായും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തുടർന്ന് യുവതിയെ അറസ്റ്റ് ചെയ്ത് വിശദമായി ചോദ്യം ചെയ്തതോടെയാണ് കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ ഭാഗങ്ങൾ ഭക്ഷിച്ചിരിക്കാമെന്ന സംശയം അന്വേഷണ സംഘത്തിന് ശക്തമായത്. ഇക്കാര്യത്തിൽ ഫൊറൻസിക് പരിശോധനകൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുവരികയാണ്.

കുട്ടിയെ പതിവായി കാണാറുണ്ടായിരുന്നുവെന്നും എല്ലായ്പ്പോഴും സന്തോഷവാനായിരുന്നുവെന്നും അയൽവാസികൾ പറയുന്നു. വളർത്തുനായയെ തെരുവിലൂടെ നടത്തിക്കൊണ്ടുപോകുന്നത് കുട്ടിയുടെ പതിവായിരുന്നുവെന്നും അവർ ഓർക്കുന്നു.

ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കേസിനെ തുടർന്ന് യുവതി പങ്കാളിയിൽ നിന്ന് അകന്ന് വാടകവീട്ടിലായിരുന്നു താമസം. അതേ കേസിൽ കോടതിയിൽ ഹാജരാകാൻ നിർദേശിച്ചിരുന്നെങ്കിലും അവർ എത്താതിരുന്നതായും റിപ്പോർട്ടുകളുണ്ട്.

കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും യുവതിയുടെ മാനസികാവസ്ഥയും ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img