
ഇടുക്കിയിൽ മകളുടെയും മരുമകളുടെയും സ്വർണം മോഷ്ടിച്ച് പണയംവെച്ചെന്ന കേസിൽ പുറത്തുവരുന്നത് അന്ധവിശ്വാസത്തിന്റെ സ്വാധീനവും. മന്ത്രവാദത്തിനായാണ് ഇന്നലെ അറസ്റ്റിലായ അച്ചൻകാനം പഴയചിറയിൽ ബിൻസി ജോസ്(53) പണം വലിയതോതിൽ ചിലവഴിച്ചതെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ബിൻസിയുടെ സൈനികനായ മകൻ നൽകിയ പരാതിയിലാണ് ഇന്നലെ ഇവരെയും മൂവാറ്റുപുഴ കദളിക്കാട് കുറുപ്പംപറമ്പിൽ അംബിക(49)യേയും പൊലീസ് അറസ്റ്റ് ചെയ്തത്.
തന്റെ സഹോദരിയുടെയും ഭാര്യയുടെയും സ്വർണം അമ്മ മോഷ്ടിച്ച് പണയപ്പെടുത്തിയെന്നാണ് സൈനികൻ പൊലീസിൽ പരാതി നൽകിയത്. ഈ പണം ഉപയോഗിച്ച് ആഭിചാരക്രിയയും ധൂർത്തും നടത്തിയെന്നുമാണ് ബിൻസിക്കെതിരേ മകൻ അഭിജിത്തിന്റെ പരാതി. സഹോദരി മീരയുടെ പത്തുപവനും ഭാര്യ സന്ധ്യയുടെ 14 പവനും അമ്മ ബിൻസി മോഷ്ടിച്ചെന്നാണ് പരാതി. ഈ സ്വർണം വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ പണയപ്പെടുത്തി പണം കൈക്കലാക്കി. തങ്കമണി, കാമാക്ഷി മേഖലകളിലെ വിവിധ സ്വയം സഹായ സംഘങ്ങളിൽനിന്നും വ്യക്തികളിൽനിന്നും ഇവർ ലക്ഷങ്ങൾ വായ്പ വാങ്ങുകയും ചെയ്തിരുന്നു.
ഈ പണമൊക്കെ എന്തുചെയ്തെന്നറിയുവാൻ മക്കളും ഭർത്താവ് ജോസും പലപ്രാവശ്യം ശ്രമിച്ചു. എന്നാൽ, സ്വർണം എടുത്തെന്ന് ഇവർ സമ്മതിച്ചില്ല. പണം എന്തിന് ചെലവഴിച്ചെന്ന് പറയുവാനും തയ്യാറായില്ല. നാട്ടിൽനിന്നും തട്ടിയെടുത്ത പണം തിരികെ ചോദിച്ച് ആളുകൾ വീട്ടിൽവന്നതോടെ ഭർത്താവും ബിൻസിയോടുള്ള നിലപാട് കടുപ്പിച്ചു. ഇതേത്തുടർന്ന് ബിൻസി ഉപ്പുതറയിലുള്ള തന്റെ അമ്മയുടെ അടുത്തേക്ക് മാറി. ഇവിടെ അന്വേഷിച്ചെത്തിയ ഭർത്താവും ബിൻസിയുടെ അമ്മയും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ബിൻസിയുടെ അമ്മയ്ക്ക് വെട്ടേറ്റിരുന്നു.
മകന്റെ ഭാര്യയെ ചായയിൽ വിഷം കലർത്തി നല്കി കൊലപ്പെടുത്തുവാൻ ഇവർ ശ്രമിച്ചിരുന്നുവെന്നും ഇതിന് ബിൻസിയെ പ്രേരിപ്പിച്ചത് സുഹൃത്താണെന്നും പരാതിയിലുണ്ട്. സുഹൃത്തുമായുള്ള മൊബൈൽ ചാറ്റിൽ, ഇക്കാര്യം ബിൻസിയോട് നിർദേശിക്കുന്നതിന്റെ ഡിജിറ്റൽ തെളിവുകളും പൊലീസിന് കൈമാറിയിട്ടുണ്ട്.
തട്ടിയെടുത്ത പണം ആഭിചാരക്രിയകൾക്കായി ഉപയോഗിച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവരുടെ വീട്ടിൽനിന്നും വിവിധ മതചിഹ്നങ്ങളടങ്ങിയ തകിടും മറ്റും പൊലീസ് കണ്ടെടുത്തു. തങ്കമണി പോലീസ് ഇൻസ്പെക്ടർ എം.പി. എബിയും സംഘവുമാണ് ബിൻസിയെ പിടികൂടിയത്. ഇവർക്കെതിരേ തട്ടിപ്പുകേസാണ് എടുത്തിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപും ബിൻസി സമാനരീതിയിൽ തട്ടിപ്പ് നടത്തി ഒളിവിൽ പോയിരുന്നു.











