
കോട്ടയം: മുത്തോലി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്‍റ് മക്കളുമായി ആറ്റിൽ ചാടി മരിച്ചു. ഏറ്റുമാനൂര്‍ പള്ളിക്കുന്നിലാണ് സംഭവം. പാലാ മുത്തോലി സ്വദേശിനി അഡ്വ.ജിസ്മോളും (35) അഞ്ചും രണ്ടും വയസുള്ള പെണ്‍മക്കളുമാണ് മരിച്ചത്. പുഴയില്‍ ചാടിയ മൂവരെയും നാട്ടുകാർ കരയ്ക്കെത്തിച്ച് കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മുത്തോലി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്‍റായിരുന്നു മരിച്ച ജിസ്മോള്‍.
ഭർത്താവിൻ്റെ അമ്മയുടെ അർബുദ ചികിത്സയുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ വീട്ടുകാർ ആശുപത്രിയിൽ പോയിരുന്നു. അവർ എത്തുന്നതിന് മുമ്പാണ് ആത്മഹത്യ. കുഞ്ഞുങ്ങളുമായി യുവതി ജീവനൊടുക്കിയതിന് പിന്നിൽ കുടുംബപരമായോ വ്യക്തിപരമായോ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് അറിഞ്ഞിട്ടില്ല.
പുഴയിൽ ചാടുന്ന ശബ്ദം നാട്ടുകാരാണ് കേട്ടത്. ആളുകൾ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. സ്കൂട്ടറിലാണ് മൂവരും പുഴയുടെ കരക്കെത്തിയത്. ആഴമുള്ള സ്ഥലമായതിനാൽ പെട്ടെന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അതീവ ഗുരുതരാവസ്ഥയിലാണ് മൂവരേയും കരക്കെത്തിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.