
തിരുവനന്തപുരം: വിമുക്ത ഭടനെ മദ്യം നൽകി മയക്കിയ ശേഷം മർദിച്ച് ഒൻപത് പവൻ സ്വർണവും പണവും കവർന്ന കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശിനി ദീപ, മകൻ അഖിൽ, സുഹൃത്ത് പ്രകാശ് എന്നിവരാണ് പിടിയിലായത്. ആലപ്പുഴയിലെ ഒരു ധ്യാനകേന്ദ്രത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഹണിട്രാപ് മാതൃകയിൽ കവർച്ച നടത്തിയ ശേഷം പ്രതികൾ അവിടെ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
പോത്തൻകോട് സ്വദേശിയായ 68-കാരനായ വിമുക്ത ഭടനുമായി എട്ടുമാസം മുൻപാണ് ദീപ പരിചയം സ്ഥാപിച്ചത്. നേരത്തെയും ഹണിട്രാപ് കേസിൽ ദീപ പ്രതിയായിരുന്നു.
പുതുതായി നിർമ്മിച്ച കഴക്കൂട്ടം ചന്തവിളയിലെ വീട് കാണാനെന്ന പേരിൽ ദീപയും മകൻ അഖിലും സുഹൃത്ത് പ്രകാശും വിമുക്ത ഭടന്റെ വീട്ടിലെത്തി. തുടർന്ന് ഇയാൾക്ക് അമിതമായി മദ്യം നൽകി അവശനാക്കിയ ശേഷം മർദിക്കുകയും സ്വർണാഭരണങ്ങളും പണവും കവർന്നെടുക്കുകയും ചെയ്തതായി പൊലീസ് പറയുന്നു.
മാല, ബ്രേസ്ലെറ്റ്, മൂന്ന് സ്വർണമോതിരങ്ങൾ ഉൾപ്പെടെ ഒൻപത് പവൻ സ്വർണം, മൊബൈൽ ഫോൺ, പഴ്‌സ് എന്നിവയാണ് സംഘം കവർന്നത്. സംഭവശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്ത പ്രതികൾ ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തിൽ താമസിച്ച് പൊലീസിന്റെ കണ്ണുവെട്ടിക്കാൻ ശ്രമിച്ചെങ്കിലും അന്വേഷണ സംഘം ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.









