06:49pm 20 July 2026
NEWS
കോട്ടയത്ത് കൂട്ടആത്മഹത്യാ ശ്രമം; അമ്മയും മകളും മരിച്ചു; പിതാവും മകനും ചികിത്സയിൽ
19/07/2026  08:02 AM IST
nila
കോട്ടയത്ത് കൂട്ടആത്മഹത്യാ ശ്രമം; അമ്മയും മകളും മരിച്ചു; പിതാവും മകനും ചികിത്സയിൽ

കോട്ടയം: അയർക്കുന്നത്ത് മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അമ്മയും മൂത്തമകളും മരിച്ചു. മറ്റപ്പള്ളി ചിറപ്പുറത്ത് ജോബിയുടെ ഭാര്യ ജോസ്ന (40), മകൾ മരിയ തെരേസ തോമസ് (16) എന്നിവരാണ് ചികിത്സയ്ക്കിടെ മരിച്ചത്. ജോബിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇളയ മകൻ കോട്ടയം മെഡിക്കൽ കോളജിന് കീഴിലെ കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിലാണ്.

തിങ്കളാഴ്ച വൈകിട്ട് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച നാലുപേരിൽ, മരിയ തെരേസ ഇന്നലെ പുലർച്ചെ 5.30ഓടെ മരണത്തിന് കീഴടങ്ങി. മകളുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതിന് പിന്നാലെ വൈകിട്ട് നാലുമണിയോടെ ജോസ്നയും മരിച്ചു. ജോസ്നയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കും. ഇരുവരുടെയും സംസ്കാരം പിന്നീട് നടക്കും.

തിങ്കളാഴ്ച വൈകിട്ടാണ് കുടുംബത്തിലെ നാലുപേരെയും വീട്ടിനുള്ളിൽ വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയത്. സമീപത്ത് കളനാശിനിയുടെ കുപ്പിയും കണ്ടെത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയും ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാകാം ആത്മഹത്യാശ്രമത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ജോസ്നയുടെ സഹോദരൻ ഉച്ചമുതൽ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമില്ലാതിരുന്നതിനെ തുടർന്ന് വൈകിട്ട് വീട്ടിലെത്തി. വീട് അകത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തിയതോടെ നടത്തിയ പരിശോധനയിലാണ് നാലുപേരെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് പിൻവാതിൽ ചവിട്ടിത്തുറന്ന് നാട്ടുകാരുടെ സഹായത്തോടെ ജോബിയെയും ജോസ്നയെയും മകളെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ഇളയ മകനെ കുട്ടികളുടെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img