08:46pm 31 October 2026
NEWS
കൊല്ലത്ത് ഇടിമിന്നലേറ്റ് അമ്മയ്ക്കും അഞ്ചുവയസ്സുകാരനും പൊള്ളൽ; വീട് തകർന്നു
20/10/2026  06:18 AM IST
nila
കൊല്ലത്ത് ഇടിമിന്നലേറ്റ് അമ്മയ്ക്കും അഞ്ചുവയസ്സുകാരനും പൊള്ളൽ; വീട് തകർന്നു

കൊല്ലം: നെടുമ്പനയിൽ വീട്ടിൽവച്ച് ഇടിമിന്നലേറ്റ് അമ്മയ്ക്കും അഞ്ചുവയസ്സുകാരനായ മകനും പൊള്ളലേറ്റു. നെടുമ്പന പഞ്ചായത്ത് പത്താം വാർഡിലെ ശാസ്താംപൊയ്ക ഉഗ്രാംകുന്ന് അജിത് ഭവനിൽ ശ്രീദേവി (28), മകൻ ആദിദേവ് (5) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ നില ഗുരുതരമായതിനെ തുടർന്നാണ് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്ക് മാറ്റിയത്.

ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. ശ്രീദേവിയും മകനും മറ്റ് രണ്ട് കുട്ടികളും ഭർതൃമാതാവ് നന്ദിനിയും വീടിന്റെ മുൻവശത്തെ മുറിയിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. ഇതിനിടെ ശ്രീദേവിയും ആദിദേവും അടുക്കളയിലേക്ക് പോയി. ഈ സമയത്താണ് ശക്തമായ ഇടിമിന്നലുണ്ടായത്. മിന്നലേറ്റതിനെ തുടർന്ന് ഇരുവരും നിലത്തുവീഴുകയായിരുന്നു.

ശ്രീദേവിയുടെ വയറിനും ആദിദേവിന്റെ ശരീരമാസകലവും പൊള്ളലേറ്റിട്ടുണ്ട്. ഇരുവരുടെയും നിലവിളി കേട്ടെത്തിയ നന്ദിനിയും മറ്റ് കുട്ടികളും അടുക്കളയിൽ അമ്മയും കുഞ്ഞും നിലത്തുകിടക്കുന്നതാണ് കണ്ടത്. ബഹളം കേട്ട് അയൽവാസികളും സ്ഥലത്തെത്തി.

പരിക്കേറ്റവരെ ആദ്യം നെടുമ്പന ടിബി ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായതോടെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നു. അമ്മയെയും മകനൊപ്പം തിരുവനന്തപുരത്തേക്ക് മാറ്റി.

ഇടിമിന്നലിൽ വീടിനും വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. വീടിന്റെ ചുവരിനും കിണറിനും കേടുപാടുകൾ സംഭവിച്ചു. സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിക്കുകയും വൈദ്യുത വയറുകൾ കത്തിപ്പോകുകയും ചെയ്തു.

ഉച്ചയ്ക്ക് 12.30 മുതൽ നെടുമ്പന ഉഗ്രാംകുന്ന് മേഖലയിൽ മഴയുണ്ടായിരുന്നു. രണ്ടുമണിയോടെ മഴ കുറഞ്ഞെങ്കിലും ശക്തമായ ഇടിയും മിന്നലും തുടരുകയായിരുന്നു. ഇതിന് മുൻപും പ്രദേശത്തെ ഒരു വീട്ടിൽ ഇടിമിന്നലേറ്റ സംഭവം ഉണ്ടായിട്ടുണ്ടെന്ന് പഞ്ചായത്തംഗം നിസാമോൾ പറഞ്ഞു.

അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്തംഗം കെഎസ്ഇബി അധികൃതരുമായും വില്ലേജ് ഓഫിസറുമായും ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img