
കഴക്കൂട്ടം: തിരുവനന്തപുരം കഴക്കൂട്ടത്ത് നാലുവയസ്സുകാരന്റെ മരണത്തിൽ ദുരൂഹത ശക്തമാകുന്നു. അന്യസംസ്ഥാനതൊഴിലാളിയുടെ മകനെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പശ്ചിമബംഗാൾ സ്വദേശിനി മുന്നി ബീഗത്തിന്റെ മകൻ ഗിൽദറാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ച നിലയിൽ എത്തികകുകയായിരുന്നു.
കുട്ടി ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം ഉറങ്ങാൻ കിടന്നതായും പിന്നീട് ഉണർന്നില്ലെന്നുമാണ് മാതാവ് ആശുപത്രി അധികൃതരോട് അറിയിച്ചത്. എന്നാൽ പരിശോധനയിൽ കുട്ടിയുടെ കഴുത്തിൽ മുറിവുകൾ കണ്ടെത്തിയ ഡോക്ടർമാർ സംഭവത്തിൽ സംശയം പ്രകടിപ്പിച്ചു. ഇതിനെ തുടർന്ന് ആശുപത്രി അധികൃതർ ഉടൻ കഴക്കൂട്ടം പൊലീസിനെ വിവരം അറിയിച്ചു.
കഴുത്തിൽ എന്തോ വസ്തുവുകൊണ്ട് മുറുക്കിയ പാടുകളുണ്ടെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ. പ്രാഥമിക അന്വേഷണത്തിൽ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയെയും അവരുടെ കാമുകനെയും കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.










