02:01am 03 April 2026
NEWS
മകന്റെ അസുഖം മാറാൻ മകളെ ബലിനൽകി; യുവതിയും മന്ത്രവാദിനിയും ഉൾപ്പെടെ മുന്നുപേർ അറസ്റ്റിൽ
02/04/2026  12:40 PM IST
nila
മകന്റെ അസുഖം മാറാൻ മകളെ ബലിനൽകി; യുവതിയും മന്ത്രവാദിനിയും ഉൾപ്പെടെ മുന്നുപേർ അറസ്റ്റിൽ

റാഞ്ചി: പതിമൂന്നുകാരിയെ നരബലിക്കിരയാക്കിയ സംഭവത്തിൽ കുട്ടിയുടെ അമ്മയായ യുവതിയും മന്ത്രവാദിനിയും ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലാണ് സംഭവം. രശ്മി ദേവി (35), ഗ്രാമത്തിലെ മന്ത്രവാദിനിയായ ശാന്തി ദേവി, ഭീം റാം എന്നിവരാണ് പിടിയിലായത്. രശ്മിയുടെ മകന്റെ അസുഖം ഭേദമാകാനായാണ് മകളെ ബലിനൽകിയത്. 

രശ്മി ദേവിയുടെ ഇളയ മകൻ ശാരീരികവും മാനസികവുമായ അസുഖങ്ങൾ അനുഭവിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇതിനെ തുടർന്ന് രശ്മി, ചികിത്സയ്ക്ക് പകരം അന്ധവിശ്വാസത്തിലേക്ക് വഴുതി വീണു. മകന്റെ അസുഖം മാറ്റാനായി ഇവർ മന്ത്രവാദിനിയായ ശാന്തി ദേവിയുടെ സഹായം തേടുകയായിരുന്നു. മകന്റെ അസുഖങ്ങൾ മാറാൻ ഒരു കന്യകയെ ബലി നൽകണം എന്നായിരുന്നു ശാന്തി ദേവിയുടെ നിർദേശം. ഈ വാക്കുകൾ വിശ്വസിച്ച രശ്മി, ഭീം റാമിനൊപ്പം ചേർന്ന് ക്രൂരമായ കുറ്റകൃത്യത്തിന് കൂട്ടുനിന്നു.

മാർച്ച് 24-ന് ദുർഗാഷ്ടമി രാത്രിയിൽ, ശാന്തി ദേവിയുടെ വീട്ടിൽ വെച്ചാണ് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹത്തിൽ മുറിവേൽപ്പിക്കുകയും രക്തം ശേഖരിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് തെളിവുകൾ ഇല്ലാതാക്കാൻ മൃതദേഹം ഒരു തോട്ടത്തിൽ കുഴിച്ചിടുകയും, സംഭവം ബലാത്സംഗക്കൊലയായി ചിത്രീകരിക്കാൻ ശ്രമിക്കുകയും ചെയ്തു.

എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രതികളുടെ കള്ളക്കളി വെളിവാക്കി. ഇതോടെ നരബലി എന്ന ഭീകരമായ സത്യാവസ്ഥ പുറത്തുവന്നതും, മൂവരെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img