12:44am 09 July 2026
NEWS
കപ്പ് ഇപ്പോൾ തന്നെ അർജന്റീനയ്ക്ക് കൊടുത്തോളൂ..; ഫിഫ വേൾഡ് കപ്പ് നടക്കുന്നത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചോ?
08/07/2026  01:30 PM IST
nila
കപ്പ് ഇപ്പോൾ തന്നെ അർജന്റീനയ്ക്ക് കൊടുത്തോളൂ..; ഫിഫ വേൾഡ് കപ്പ് നടക്കുന്നത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചോ?

അറ്റ്‌ലാന്റ: ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്റ്റിനെതിരായ അർജന്റീനയുടെ വിജയം വലിയ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ഫിഫയും റഫറിമാരും അർജന്റീന തന്നെ ജയിക്കണമെന്ന മുൻ ധാരണയിലാണ് പെരുമാറിയതെന്ന ആരോപണമാണ് ഉയരുന്നത്. ടൂർണമെന്റ് നേരത്തെ നിശ്ചയിച്ചുറപ്പിച്ചതാണെന്ന്  ഈജിപ്ത് താരം മുസ്തഫ സിക്കോ ആരോപിച്ചു. ലോകകപ്പ് നേടാൻ പോകുന്ന അർജന്റീനയെ ഇപ്പോൾതന്നെ അഭിനന്ദനം അറിയിക്കുന്നുവെന്നും സിക്കോ കൂട്ടിച്ചേർത്തു. 

'റഫറി നീതി പുലർത്തിയില്ല. ഇത് ഫുട്‌ബോളിന് നല്ലതല്ല. ഞങ്ങൾ കഠിനധ്വാനം ചെയ്തു. എന്നാൽ, റഫറിയുടെ തെറ്റായ ഒരു തീരുമാനം ഞങ്ങളുടെ എല്ലാ ശ്രമങ്ങളേയും ഇല്ലാതാക്കി. ഈ ടൂർണമെന്റ് ചില വലിയ ടീമുകൾക്ക് വേണ്ടി നേരത്തെ തന്നെ നിശ്ചയിച്ചുറപ്പിച്ചാണ്. അർജന്റീനയെപ്പോലൊരു ടീമിനെതിരെ 2-0ത്തിന് ജയിച്ചു കയറുന്നത് കാണാൻ അവർക്ക് താത്പര്യമില്ലായിരുന്നു. അട്ടിമറിജയം പ്രതീക്ഷിച്ചിരുന്ന ആരാധകരെ നിരാശരാക്കിയതിൽ ക്ഷമ ചോദിക്കുന്നു. കാര്യങ്ങൾ ഞങ്ങളുടെ കൈകളിലല്ലായിരുന്നുവെന്ന് നിങ്ങൾ മനസിലാക്കണം. എന്തായാലും ലോകകപ്പ് നേടാൻ പോകുന്ന അർജന്റീനയ്ക്ക് ഇപ്പോൾതന്നെ അഭിനന്ദനം അറിയിക്കുന്നു. അവർക്ക് കപ്പ് കൊടുത്തേക്കൂ. ഞങ്ങൾക്ക് ഇനിയൊന്നും പറയാനില്ല.'-സിക്കോ തുറന്നടിച്ചു.

ലോകകപ്പ് പ്രീക്വാർട്ടറിൽ ഈജിപ്തിനെതിരെ അർജന്റീന നേടിയ ആവേശജയത്തിന് പിന്നാലെ റഫറിയിങ് തീരുമാനങ്ങൾ ചുറ്റിപ്പറ്റി വലിയ വിവാദമാണ് ഉയരുന്നത്. മത്സരത്തിൽ തങ്ങൾക്കുണ്ടായ അനീതിക്കെതിരെ പൊട്ടിത്തെറിച്ച ഈജിപ്ത് പരിശീലകൻ ഹൊസാം ഹസ്സൻ, ലയണൽ മെസ്സിയെയും അർജന്റീനയെയും ടൂർണമെന്റിൽ നിലനിർത്താൻ ഫിഫ ആസൂത്രിതമായി ഇടപെട്ടെന്ന ഗുരുതര ആരോപണമാണ് ഉന്നയിച്ചത്.

ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ ഭൂരിഭാഗവും മത്സരത്തിൽ ആധിപത്യം പുലർത്തിയ ഈജിപ്ത് യാസർ ഇബ്രാഹിമിന്റെയും മോസ്തഫ സിക്കോയുടെയും ഗോളുകളിൽ 2-0ന് മുന്നിലെത്തി. എന്നാൽ അവസാന നിമിഷങ്ങളിൽ ക്രിസ്റ്റ്യൻ റൊമേറോ, ലയണൽ മെസ്സി, എൻസോ ഫെർണാണ്ടസ് എന്നിവർ നേടിയ ഗോളുകളിലൂടെ അർജന്റീന അസാധാരണ തിരിച്ചുവരവ് നടത്തി 3-2ന് വിജയിക്കുകയും ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു.

എന്നാൽ ഫൈനൽ വിസിലിനേക്കാൾ കൂടുതൽ ചർച്ചയായത് റഫറിയുടെ തീരുമാനങ്ങളാണ്. മുഹമ്മദ് സലായെ പെനാൽറ്റി ബോക്സിനുള്ളിൽ ജൂലിയൻ അൽവാരസ് വീഴ്ത്തിയിട്ടും പെനാൽറ്റി അനുവദിക്കാതിരുന്നതാണ് ഈജിപ്ത് ഉയർത്തുന്ന പ്രധാന പരാതി. ഇതിനൊപ്പം, ഈജിപ്തിന്റെ ഒരു ഗോൾ വാർ പരിശോധനയ്ക്ക് ശേഷം റദ്ദാക്കിയതും സലായുടെ അപകടകരമായ മുന്നേറ്റം ഫൗൾ വിളിച്ച് തടഞ്ഞതും പ്രതിഷേധത്തിന് കാരണമായി.

അർജന്റീനയുടെ വിജയഗോൾ പിറന്നതോടെ ഈജിപ്ത് ബെഞ്ച് നിയന്ത്രണം വിട്ടു. റഫറിയെ ചോദ്യം ചെയ്ത ഗോൾകീപ്പിങ് കോച്ച് സാഫാൻ എൽ-സഗീറിന് ചുവപ്പ് കാർഡ് ലഭിച്ചപ്പോൾ, പ്രതിഷേധവുമായി മുന്നേറിയ പരിശീലകൻ ഹൊസാം ഹസ്സനെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തേണ്ട സാഹചര്യമുണ്ടായി.

മത്സരശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ഹൊസാം ഹസ്സൻ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്. ഫുട്ബോളിൽ വിജയിക്കേണ്ടത് മികച്ച ടീമായിരിക്കണമെന്നും, എന്നാൽ ഇത്തവണ നീതിക്ക് പകരം വിപണന താൽപര്യങ്ങളാണ് ജയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പിന്റെ ആകർഷണം നിലനിർത്താൻ മെസ്സി ടൂർണമെന്റിൽ തുടരണമെന്ന് ചിലർ ആഗ്രഹിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

മത്സരത്തിനിടെ കൈകൾ കൊണ്ട് 'ടി' ആകൃതിയിലുള്ള ആംഗ്യം കാട്ടിയും ഹസ്സൻ പ്രതിഷേധം പ്രകടിപ്പിച്ചു. റഫറി ഫ്രാൻസ്വ ലെറ്റെക്സിയറുടെ നിയമനത്തിൽ തന്നെ ആശങ്കയുണ്ടായിരുന്നുവെന്നും, മത്സരത്തിൽ നിരവധി തീരുമാനങ്ങൾ ഒരേ ദിശയിലായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

വികാരാധീനനായ മോസ്തഫ സിക്കോയും റഫറിയെ രൂക്ഷമായി വിമർശിച്ചു. ഒരു രാജ്യത്തിന്റെ സ്വപ്നങ്ങളാണ് തകർന്നതെന്നും, വിജയിയെ മുൻകൂട്ടി തീരുമാനിച്ച മത്സരമെന്ന തോന്നലാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ ചില നടപടികളും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. എന്നാൽ ഫിഫയോ റഫറിമാരോ മനഃപൂർവം ഒത്തുകളി നടത്തിയെന്നതിന് ഇതുവരെ യാതൊരു സ്ഥിരീകരിക്കപ്പെട്ട തെളിവും പുറത്തുവന്നിട്ടില്ല. അർജന്റീനയ്ക്ക് അനുകൂലമായി ലഭിച്ച ആദ്യ പകുതിയിലെ പെനാൽറ്റി മെസ്സി നഷ്ടപ്പെടുത്തിയതും ഈ ചർച്ചകൾക്കിടെ ശ്രദ്ധിക്കപ്പെടുന്നുണ്ട്.

വിവാദങ്ങളുടെ നിഴലിലാണെങ്കിലും നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഇനി ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‌സർലൻഡിനെ നേരിടും. അതേസമയം, ഈ മത്സരത്തിലെ റഫറിയിങ് തീരുമാനങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ലോക ഫുട്ബോളിൽ തുടർന്നും സജീവമാകുമെന്നുറപ്പാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img