
രാജ്യത്തെ എംഎൽഎമാരിൽ പലരും ശതകോടീശ്വരന്മാർ. എംഎൽഎമാരിലെ ഏറ്റവും സമ്പന്നൻ ബിജെപി നേതാവായ പരാഗ് ഷാ ആണ്. മുംബൈയിലെ ഘട്‌കോപ്പർ ഈസ്റ്റിൽ നിന്നുള്ള നിയമസഭാംഗമാണ് ഇദ്ദേഹം. 3,400 കോടി രൂപയാണത്രെ ഇദ്ദേഹത്തിന്റെ ആസ്തി. തൊട്ടുപിന്നിൽ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ആണ്. 1413 കോടിയാണ് കനകപുര മണ്ഡലത്തെ കർണാടക നിയമസഭയിൽ പ്രതിനിധീകരിക്കുന്ന ഡി കെ ശിവകുമാറിന്റെ ആസ്തി. ഏറ്റവും സമ്പന്നനായ എംഎൽഎ മാത്രമല്ല, ഏറ്റവും ദരിദ്രനായ എംഎൽഎയും ബിജെപി നേതാവാണ്. ബംഗാളിൽ നിന്നുള്ള ബിജെപി എംഎൽഎയായ നിർമൽ കുമാർ ധാരയാണ് ഏറ്റവും ‘പാവപ്പെട്ട’ നിയമസഭാംഗം. വെറും 1700 രൂപ മാത്രമാണത്രെ ഇദ്ദേഹത്തിന്റെ ആസ്തി.
അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) പുറത്തിവിട്ട റിപ്പോർട്ടിലാണ് എംഎൽഎമാരുടെ സമ്പത്ത് സംബന്ധിച്ച വിവരങ്ങളുള്ളത്. നിയമസഭ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനായി എംഎൽഎമാർ സമർപ്പിച്ച സത്യവാങ്മൂലം അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 28 സംസ്ഥാനങ്ങളിലെയും മൂന്നു കേന്ദ്രഭരണപ്രദേശങ്ങളിലെയുമായി 4092 എംഎൽഎമാർ സമർപ്പിച്ച് സത്യവാങ്മൂലമാണ് എഡിആർ പഠനവിധേയമാക്കിയത്. 24 പേരുടെ സത്യവാങ്മൂലം വായിക്കാൻ കഴിയാത്തതിനാൽ ഒഴിവാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.
കർണാടകയിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎ കെ.എച്ച്.പുട്ടസ്വാമി.ഗൗഡ (1267 കോടി), കർണാടകയിലെ കോൺഗ്രസ് എംഎൽഎ പ്രിയാകൃഷ്ണ (1156 കോടി) എന്നിവരാണ് ആസ്തി കൂടുതലുള്ള എംഎൽഎമാരുടെ പട്ടികയിൽ മൂന്നും നാലും സ്ഥാനത്തുള്ളത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു.നായിഡു (931 കോടി), മുൻ ആന്ധ്രാ മുഖ്യമന്ത്രി വൈ.എസ്.ജഗൻമോഹൻ.റെഡ്ഡി ((757 കോടി), ആന്ധ്രയിലെ ടിഡിപി എംഎൽഎ പി.നാരായണ (824 കോടി), ആന്ധ്രയിലെ ടിഡിപി എംഎൽഎ പി.പ്രശാന്തി റെഡ്ഡി (716 കോടി) എന്നിവരാണ് സമ്പന്നരായ എംഎൽഎമാരുടെ പട്ടികയിലെ മുൻനിരക്കാർ.
നിലമ്പൂർ മുൻ എംഎൽഎയായ പി.വി.അൻവറാണ് കേരളത്തിലെ ഏറ്റവും സമ്പന്നനായ എംഎൽഎ. അൻവർ രാജിവയ്ക്കുന്നതിനു മുൻപ് തയാറാക്കിയതാണ് പട്ടിക. പട്ടികയിൽ 208–ാം സ്ഥാനത്തുള്ള അൻവറിന്റെ ആസ്തി, 64.14 കോടി രൂപയാണ്. നിലവിലെ എംഎൽഎമാരിൽ പാലാ എംഎൽഎ മാണി സി.കാപ്പനാണ് ഏറ്റവും സമ്പന്നൻ. 27.93 കോടിയാണ് കാപ്പന്റെ ആസ്തി. 14 കോടി ആസ്തിയുള്ള കൊല്ലം എംഎൽഎ മുകേഷാണ് സമ്പന്നരിൽ കേരളത്തിൽനിന്നു മൂന്നാം സ്ഥാനത്ത്.
എറ്റവും കൂടുതൽ കോടീശ്വരന്മാരായ എംഎൽഎമാരുള്ളത് കർണാടകയിലാണ്. 31 കോടീശ്വരന്മാരായ എംഎൽഎമാരുള്ള കർണാടകയിലെ മുഴുവൻ എംഎൽഎ (223) മാരുടെ ആസ്തി 14,179 കോടിയാണ്. 27 കോടീശ്വരന്മാരായ എംഎൽഎമാരുമായി ആന്ധ്രാപ്രദേശാണ് കർണാടകയ്ക്ക് പിന്നിലുള്ളത്. ആന്ധ്രാപ്രദേശിലെ മുഴുവൻ എംഎൽഎ (174) മാരുടെ ആസ്തി 11,323 കോടി രൂപയാണ്. മഹാരാഷ്ട്രയിലെ 286 എംഎൽഎമാരുടെ ആസ്തി 12,424 കോടി രൂപയാണ്. കോടീശ്വരനായ ഒരു എംഎൽഎ പോലുമില്ലാത്ത ത്രിപുരയാണ് എംഎൽഎമാരുടെ ആസ്തിയിൽ ഏറ്റവും പുറകിൽ. 60 എംഎൽഎമാരുടെ ആസ്തി 90 കോടി രൂപയാണ്.
1653 ബിജെപി എംഎൽഎമാരുടെ ആസ്തി 26,270 കോടിയാണ്. 676 കോൺഗ്രസ് എംഎൽഎമാരുടെ ആസ്തി 17,357 കോടി രൂപയാണ്. ടിഡിപിയുടെ 134 എംഎൽഎമാരുടെ ആസ്തി 9,108 കോടിയാണ്. ശിവസേന, ആംആദ്മി പാർട്ടി എന്നിവയാണ് നാലും അഞ്ചും സ്ഥാനത്തുള്ളത്.











