10:16am 13 November 2026
NEWS
കഴിക്കുന്നവരിലധികവും അറിയുന്നില്ല സുരേഷിന്റെ പായസകൈപുണ്യം 300 ലിറ്ററില്‍ നിന്ന് 30,000 ലിറ്ററിലേക്ക് ഉയര്‍ന്ന സുരേഷ് കുമാറിന്റെ പായസപൊരുമ
09/09/2025  10:36 AM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കഴിക്കുന്നവരിലധികവും  അറിയുന്നില്ല സുരേഷിന്റെ പായസകൈപുണ്യം  300 ലിറ്ററില്‍ നിന്ന് 30,000 ലിറ്ററിലേക്ക് ഉയര്‍ന്ന സുരേഷ് കുമാറിന്റെ പായസപൊരുമ
HIGHLIGHTS

സുരേഷ്‌കുമാര്‍ പായസകലവറയില്‍

കൊച്ചി : പരമ്പരാഗത കാറ്ററിങ് രംഗത്ത് നിന്ന് മാറി ഓണനാളിലെ സാധ്യതകള്‍ കണ്ടെത്തി ചെറിയ തോതില്‍ ആരംഭിച്ചതാണ് സുരേഷ്‌കുമാര്‍ പായസ വില്‍പന. ആദ്യം 300 ലിറ്ററിലായിരുന്നു പാലടപ്രഥമന്‍ ഒരുക്കി ചില്ലറ വില്‍പനക്കാര്‍ക്ക് നല്‍കിയിരുന്നതെങ്കില്‍ പിന്നെ പടിപടിയായി ഒരോ വര്‍ഷവും ഓണസീസണില്‍ സുരേഷിന്റെ പായസപെരുമ വര്‍ധിച്ചു. ഇത്തവണ ഉത്രാടത്തിനും തിരുവോണത്തിനുമായി 30,000 ലിറ്റര്‍ പായസമാണ് സുരേഷിന്റെ വീടിനോട് ചേര്‍ന്ന കലവറയില്‍ തയ്യാറാക്കുന്നത്്. 300 ലിറ്ററിന്റെ പാചകപാത്രങ്ങള്‍ക്ക് പകരം 1500 ലിറ്റര്‍ ശേഷിയും ആയിരം ലി്റ്റര്‍ ശേഷിയുമുള്ള പാത്രങ്ങളായി മാറി. ഒപ്പം ജോലിക്കാരുടെ എണ്ണവും വര്‍ധിച്ചു. തേങ്ങ ചിരണ്ടാനും പാല്‍പിഴിയാനും യന്ത്രങ്ങളെത്തി. രണ്ട് മിനിറ്റില്‍ 60 തേങ്ങ പിഴിഞ്ഞ് പാലാക്കി മാറ്റാനുള്ള സംവിധാനങ്ങളൊരുക്കി. മില്‍മയുടെ സഹായത്തോടെ ടാങ്കറുകളിലാണ് ആവശ്യത്തിനുള്ള പാല്‍ എത്തിച്ചത്.  ഓരോ വര്‍ഷവും പായസത്തിന്റെ ഓര്‍ഡര്‍ വര്‍ധിക്കുകയാണ്. ഒപ്പം സുരേഷിന്റെ പായസപെരുമയും. പായസം കുടിക്കുന്നവര്‍  അറിയുന്നില്ല ഈ രുചിയുടെ പിന്നിലെ കൈപുണ്യം എന്നതാണ് മറ്റൊരു സവിശേഷത. വിവിധ ബ്രാന്റുകളിലാണ് സുരേഷ് കുമാറിന്റെ പായസം മധ്യകേരളത്തിലെ ജില്ലകളില്‍ എത്തുന്നത്. പായസം പാചകരംഗത്ത് ഒന്നരപതിറ്റാണ്ട് പിന്നിട്ട സുരേഷ് കുമാറിന് ആളുകളുടെ മനസില്‍ പല ലേബലില്‍ ലഭിക്കുന്ന സംതൃപ്തി തന്നെയാണ് വലിയ സന്തോഷം.  പലതരം പായസങ്ങള്‍ തയ്യാറാക്കുന്നുണ്ടെങ്കിലും പാലടപ്രഥമനിലാണ് സുരേഷിന്റെ മേല്‍ക്കൈ.  ബേക്കറികള്‍ ,ഹോട്ടലുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, കാറ്ററിങ് ഗ്രൂപ്പുകള്‍, റസിഡന്‍സ് അസോസിയേഷന്‍ എന്നിവര്‍ക്കായി ഹോള്‍സെയില്‍ വിപണി സൃഷ്ടിക്കുകയാണ് സുരേഷ്. തിരുവോണദിനത്തില്‍ പതിനായിരം ലിറ്റര്‍ പാലട പ്രഥമന്‍ ഉള്‍പ്പടെ 17,500 ലിറ്റര്‍ പായസമാണ് ഇത്തവണ ഒരുക്കിയത്. ഉത്രാടനാളില്‍  12,500 ലിറ്റര്‍ പായസത്തിന്റെ ഓര്‍ഡറാണ് ലഭിച്ചത്. ഇതില്‍ 10000 ലിറ്റര്‍ പാലടയാണ്്. പരിപ്പ്., ഗോതമ്പ്, പഴം, സേമിയ , അടപ്രഥമന്‍, പഴം തുടങ്ങിയ വിവിധ രുചികളിലാണ് മറ്റു പായസങ്ങള്‍. ഓണനാളില്‍ അല്ലാത്തപ്പോഴും സുരേഷിന്റെ പായസത്തിന് ആവശ്യക്കാര്‍ ഏറെയാണ്്.  എറണാകുളം കേന്ദ്രീകരിച്ചു പ്രധാന പായസവിതരണക്കാരായി മാറാന്‍ കുറഞ്ഞ കാലയളവില്‍ തന്നെ സുരേഷിന്റെ തിരുവോണം പായസകമ്പനിക്ക് കഴിഞ്ഞു. അരൂക്കുറ്റി വടുതല ജെട്ടി കാവേത്ത് സ്വന്തം വീടിനോട് ചേര്‍ന്നാണ് കലവറ ഒരുക്കിയിരിക്കുന്നത്.  പിതാവ് പരേതനായ വേലായുധ കൈമളിന്റെയും വല്യച്ഛന്‍ ചന്ദ്രശേഖര കൈമളിന്റെയും പാരമ്പര്യം പിന്തുടര്‍ന്നാണ് സുരേഷ്‌കുമാറും പാചകരംഗത്തേക്ക് എത്തിയത്. കുമ്പളം രവി വര്‍മ്മ തിരുമുല്‍പ്പാടിന്റെയും വിനായക അനന്തസ്വാമിയുടെയും ശിഷ്യനായി പാചകവൈഭവം നേടിയ സുരേഷ് പാചകരംഗത്ത് കാല്‍നൂറ്റാണ്ട് പിന്നിടുകയാണ്. ഭാര്യ അശ്വതിയും കുടുംബാംഗങ്ങളും സുരേഷിനൊപ്പം പായസവിതരണരംഗത്ത് പിന്തുണയുമായി ഒപ്പമുണ്ട്്. കുറഞ്ഞ ചെലവില്‍ പായസം മൊത്തവിപണിയില്‍ ലഭ്യമാക്കാന്‍ കഴിയുന്നതാണ് തന്റെ പായസപെരുമയുടെ വിജയമെന്ന് സുരേഷ്‌കുമാര്‍ പറയുന്നു. 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img