
സ്വർണ്ണം പൂശിയ ഐസ്ക്രീമാണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ചയാകുന്നത്. 'ഹ്യൂബർ ആൻഡ് ഹോളി' എന്ന ഹൈദരാബാദിലെ പ്രശസ്തമായ ഐസ്ക്രീം ബ്രാൻഡാണ് സ്വർണം പൂശിയ ഐസ്ക്രീം എന്ന ആശയത്തിന് പിന്നിൽ. കമ്പനി പുറത്തിറക്കിയ സ്വർണം പൂശിയ ഐസ്ക്രീം ഇന്ത്യയിലെ ഏറ്റവും വിലകൂടിയ ഐസ്ക്രീം എന്നാണ് അവകാശപ്പെടുന്നത്. ഏതായാലും സംഗതി സമൂഹ മാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിക്കുന്നുണ്ട്.
ഇന്ത്യയിലെ ഈ ആഡംബര ഐസ്ക്രീം ചർച്ചയായത് ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ്. 'Foodiedaakshi' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ആണ് ഈ ആഡംബര ഐസ്ക്രീമിന്റെ വീഡിയോ പങ്കുവെച്ചത്. 'ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഐസ്ക്രീം' എന്ന കുറിപ്പോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. ഐസ്ക്രീം പാർലറിലെ ഒരു ജീവനക്കാരൻ ഐസ്ക്രീം തയ്യാറാക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്.
ഒരു കോണിനുള്ളിൽ ചോക്ലേറ്റ് കഷണങ്ങൾ, ലിക്വിഡ് ചോക്ലേറ്റ്, ബദാം, ചോക്ലേറ്റ് ഐസ്ക്രീമിന്റെ സ്കൂപ്പുകൾ, പേര് വെളിപ്പെടുത്താത്ത ചില ചേരുവകൾ, സ്വർണ്ണ ഫോയിൽ എന്നിവയൊക്കെയാണ് ഐസ്ക്രീം നിർമ്മാണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ വിഭവം കൂടുതൽ രുചികരമായ ടോപ്പിംഗുകൾ കൊണ്ട് അലങ്കരിക്കുന്നതും വീഡിയോയിൽ കാണാം. ആരെയും മോഹിപ്പിക്കുന്ന ഈ ഐസ്ക്രീമിന്റെ വില 1200 രൂപയാണ്. അതുകൊണ്ടുതന്നെ 'അംബാനി ഐസ്ക്രീം' എന്ന വിളിപ്പേരും നൽകിക്കഴിഞ്ഞു നെറ്റിസൺസ്.











