
ലണ്ടൻ: പാക്കിസ്ഥാൻ കരസേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെ വധിക്കാൻ ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് ശ്രമിച്ചെന്ന ഗുരുതര ആരോപണവുമായി ബ്രസീലിയൻ മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ പെപ്പെ എസ്കോബാർ. സ്വിറ്റ്സർലൻഡിൽ നടന്ന യുഎസ്–ഇറാൻ സമാധാന ചർച്ചകൾക്കിടെയാണ് വധശ്രമത്തിനായുള്ള നീക്കമുണ്ടായതെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.
രാഷ്ട്രീയ നിരീക്ഷകൻ മരിയോ നൗഫലുമായുള്ള എക്സ് ചർച്ചയിലാണ് എസ്കോബാർ ഇക്കാര്യം വെളിപ്പെടുത്തിയത്. അതീവ വിശ്വസനീയമായ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പാക്കിസ്ഥാൻ സൈനിക ഇന്റലിജൻസ് ഈ ഗൂഢാലോചന കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ നിർദേശപ്രകാരമാണ് അസിം മുനീറിനെയും പാക്ക് പ്രതിനിധി സംഘത്തെയും ലക്ഷ്യമിട്ട് പദ്ധതി തയ്യാറാക്കിയതെന്നാണ് എസ്കോബാറിന്റെ ആരോപണം. വിവരം ലഭിച്ചതിനെ തുടർന്ന് ഒമാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വഴിയായി ഇസ്രയേലിന് പാക്കിസ്ഥാൻ ശക്തമായ മുന്നറിയിപ്പ് നൽകിയതായും അദ്ദേഹം അവകാശപ്പെട്ടു. ഞങ്ങളുടെ പ്രതിനിധി സംഘത്തെ തൊട്ടാൽ നിങ്ങളെ ഞങ്ങൾ ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും എന്നായിരുന്നു പാക്കിസ്ഥാന്റെ സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ആരോപണങ്ങളെക്കുറിച്ച് ഇസ്രയേലോ പാക്കിസ്ഥാൻ സർക്കാരോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. സ്വിറ്റ്സർലൻഡിലോ അമേരിക്കൻ സുരക്ഷാ ഏജൻസികളിലോ നിന്ന് ഇത്തരമൊരു ഭീഷണിയെക്കുറിച്ചുള്ള സ്ഥിരീകരണവും ലഭ്യമായിട്ടില്ല.
ഇസ്രയേലും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം കടുത്ത സംഘർഷാവസ്ഥയിൽ തുടരുന്നതിനിടെയാണ് ഈ വെളിപ്പെടുത്തൽ ശ്രദ്ധ നേടുന്നത്. എന്നാൽ ആരോപണങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.










