
കൊച്ചി – യുകെ ആസ്ഥാനമായ മുൻനിര പ്രൊഡക്ട് കമ്പനികളിലൊന്നായ മോസിലോർ ലിമിറ്റഡ് കൊച്ചിയിൽ പുതിയ ഫ്ലാഗ്ഷിപ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു. കൊച്ചി സ്മാർട്ട് സിറ്റിയിൽ സ്ഥിതി ചെയ്യുന്ന പ്രസ്റ്റീജ് സൈബർ ഗ്രീൻ 1-ലാണ് പുതിയ ഓഫീസ് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. ഇൻഫോപാർക്ക് സിഇഒ ശ്രീ. സുശാന്ത് കുറുന്തിലാണ് ഉദ്ഘാടനം നിർവഹിച്ചത്. കേരളത്തിൽ നിന്നും ആരംഭിച്ച് ലോകോത്തര ബ്രാൻഡ് ആയി മാറിയ മോസിലോറിന്റെ വളർച്ചായാത്രയിലെ വലിയൊരു നാഴികക്കല്ലാണ് ഇത്.
സ്വകാര്യതയ്ക്ക് മുൻതൂക്കം നൽകുന്ന ഡിജിറ്റൽ ഉൽപ്പന്നങ്ങൾ വികസിപ്പിക്കണമെന്ന ലക്ഷ്യവുമായി അൻവർ ടി.കെ, ഫസീല എന്നിവർ ചേര്‍ന്ന് 2017-ൽ കോഴിക്കോട് എൻഐടി ക്യാമ്പസിലാണ് മോസിലോറിന് തുടക്കം കുറിയ്ക്കുന്നത്. ഇന്ന് മോസിലോർ ലോകമാകെ 20 ലക്ഷത്തിലധികം വെബ്സൈറ്റുകള്‍ക്ക് സേവനമൊരുക്കുന്നുണ്ട്. ഇതിൽ ഫോർച്യൂൺ 500 കമ്പനികൾ, സർക്കാർ സ്ഥാപനങ്ങൾ, യൂണിവേഴ്സിറ്റികൾ, സാമ്പത്തിക സ്ഥാപനങ്ങൾ എന്ന് തുടങ്ങി എല്ലാ മേഖലകളിലുമുള്ള കമ്പനികൾ ഉൾപ്പെടുന്നുണ്ട്. കോഴിക്കോട്, കൊച്ചി, യുകെ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സേവനമനുഷ്ഠിക്കുന്ന120-ലധികം പ്രൊഫഷണലുകളടങ്ങുന്ന മോസിലോർ ടീമിന് പുതിയ കൊച്ചി ഓഫീസ് ടെക്നോളജി നവീകരണത്തിനും ഉപഭോക്തൃ സംതൃപ്തിക്കും ആഗോള ഓപ്പറേഷനുകൾക്കും വേണ്ടി മികച്ച രീതിയിൽ പ്രവർത്തിക്കാനാകും. വളർന്നുവരുന്ന ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയ്ക്ക് സംഭാവന നൽകുന്നതിലേക്കുള്ള മോസിലോറിന്റെ പ്രതിബദ്ധതയും ഇതിലൂടെ കൂടുതൽ ശക്തമാകുന്നു.
ഞങ്ങളുടെ ജീവനക്കാരോടുള്ള പ്രതിബദ്ധതയുടെ ഫലമാണ് ഈ പുതിയ ഓഫീസ് സ്പേസ്. കോഴിക്കോട് നിന്നും ആരംഭിച്ച് ആഗോള തലത്തിലേക്ക് വളർന്ന ഈ യാത്രയിൽ , ഞങ്ങളുടെ ടീമിനായി ആഗോള നിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങളും മികച്ച രീതിയിലുള്ള ചുറ്റുപാടും നൽകുന്നതിനാണ് ഞങ്ങൾ ശ്രദ്ധകേന്ദ്രീകരിച്ചത് എന്ന് മോസിലോർ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ അൻവർ ടി കെ പറഞ്ഞു. മാത്രമല്ല പ്രമുഖ അന്താരാഷ്ട്ര കമ്പനികളിൽ കാണുന്നതുപോലെ ഉന്നത നിലവാരമുള്ള ജോലി സൗകര്യങ്ങൾ ഇപ്പോൾ കൊച്ചിയിലെ ഓഫീസ് സ്പേയ്സിലും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മികച്ച സൗകര്യത്തോടെയും ആധുനിക രീതിയിലും രൂപകൽപ്പന ചെയ്ത പുതിയ ഓഫീസ് , ജീവനക്കാരുടെ ക്ഷേമം, വർക്ക് ലൈഫ് ബാലൻസ് എന്നിവയ്ക്ക് മുൻതൂക്കം നൽകി ഒരു സംയുക്തമായ രീതിയിലാവും പ്രവർത്തനം നടത്തുന്നത്. സാധാരണ ഓഫീസ് എന്നതിലുപരി ആളുകൾക്ക് വളരാനും ആശയങ്ങൾ പ്രാവർത്തികമാക്കാനും സാധ്യതയുള്ള ഒരു ചുറ്റുപാടുകൂടിയാണ് മോസിലോർ ഇവിടെ ഒരുക്കുന്നത്
Photo Courtesy - Google








