09:04am 21 July 2024
NEWS
വന്ദ്യ പിതാവേ വിട! മോറോൻ മോർ അത്തനാഷ്യസ് യോഹാൻ മെത്രാപ്പോലീത്ത ഓർമ്മകളിൽ
09/06/2024  10:23 AM IST
സാജൻ മാത്യു
വന്ദ്യ പിതാവേ വിട! മോറോൻ മോർ അത്തനാഷ്യസ് യോഹാൻ മെത്രാപ്പോലീത്ത ഓർമ്മകളിൽ

സ്ഥാനമേറ്റതിന്റെ മൂന്നാം ദിവസം 'ഡി'യിലെ ബിഷപ്പ് സമീപമുള്ള  ആശുപത്രി സന്ദർശിക്കാനെത്തി. അവിടെ കണ്ട ദയനീയ കാഴ്ച അദ്ദേഹത്തെ നടുക്കി. ചെറിയ ചെറിയ ഒരു കെട്ടിടത്തിൽ  രോഗികൾ  ഇടമില്ലാതെ  തിക്കിത്തിരക്കുന്നു.  ബിഷപ്പ് ആശുപത്രി ഡയറക്ടറോടു പറഞ്ഞു, 'മൊസ്യൂ ഡയറക്ടർ, പ്രത്യക്ഷത്തിൽ തന്നെ ഇതിൽ എന്തോ പന്തികേടുണ്ട്, ഇവിടെ രോഗികൾ ആകെ മുപ്പത്തിയേഴ് പേരുണ്ട്, രണ്ടോ മൂന്നോ ചെറിയ മുറികളും , ഞങ്ങൾ അവിടെ (അരമനയിൽ) മൂന്നുപേരെയുള്ളു, അറുപതു പേർക്കുള്ള സ്ഥലമുണ്ട്, ഞാൻ പറയുന്നു ഇതിൽ എന്തോ ഒരു തെറ്റുണ്ട്, നിങ്ങൾക്കുള്ളത് എന്റെ വീടാണ്. എന്റെ വീട് നിങ്ങളുടേതും. എന്റെ വീട് എനിക്കു തിരിച്ചുതന്നേക്കൂ, നിങ്ങളുടെ വീട് നിങ്ങളെടുത്തുകൊള്ളൂ' അറുപത് മുറികളുള്ള അരമന ആശുപത്രിക്ക് വിട്ടുകൊടുത്ത് പകരം മൂന്ന് മുറികളുള്ള ആശുപത്രിക്കെട്ടിടത്തിൽ താമസമാക്കിയ ബിഷപ്പിനെക്കുറിച്ച് വിക്ടർ ഹ്യൂഗോ  'പാവങ്ങൾ ' എന്ന  വിഖ്യാതമായ കൃതിയിൽ വിവരിക്കുന്ന ഭാഗമാണ് മുകളിൽ കൊടുത്തത്. ലോകവും വായനക്കാരുമുള്ള കാലത്തോളം നല്ല ഇടയനായ ഡിയിലെ ബിഷപ്പ് ഓർമ്മിക്കപ്പെടുമെന്നതിൽ തർക്കമില്ല.

  യുഎസിൽ എല്ലാവിധ സുഖസൗകര്യങ്ങളോടെയും ജീവിക്കുവാനുള്ള സാഹചര്യമുണ്ടായിട്ടും സഭാ ആസ്ഥാനമായ തിരുവല്ല സെന്റ് തോമസ് നഗറിലെ ബഹുനില മന്ദിരങ്ങൾക്ക് സമീപം പഴമ നഷ്ടപ്പെടാതെ നിർമ്മിച്ച ഓടുമേഞ്ഞ അരമനയിലായിരുന്നു കടപ്പിലാരിൽ പുന്നൂസ് യോഹന്നാൻ എന്ന അത്തനാഷ്യസ് യോഹാൻ മെത്രാപ്പോലീത്ത ഇക്കാലമത്രയും കഴിഞ്ഞുവന്നിരുന്നത്. കഞ്ഞിയും മുളകുചമ്മന്തിയും കാന്താരിമുളകും ഉണക്കുകപ്പയുമൊക്കെയായിരുന്നു എഴുപത്തി നാലുകാരനായ മെത്രാപ്പോലീത്തയുടെ ഭക്ഷണം. ചികിത്സയും, ഭക്ഷണവും, വിദ്യാഭ്യാസവും സൗജന്യമായി നൽകിയാണ് ക്രിസ്തു മാതൃകയായതെന്നും, മീൻപിടുത്തക്കാർ, ദരിദ്രർ, നിരക്ഷരർ, സാധുക്കൾ, പാപികൾ തുടങ്ങി യാതൊരു നിലയും വിലയുമില്ലെന്ന്  സമൂഹം കരുതിയവരായിരുന്നു ക്രിസ്തുവിന്റെ അനുയായികളെന്നുമായിരുന്നു നിലപാട്. ഇടംകൈ ചെയ്യുന്നത് വലംകൈ അറിയരുതെന്ന ക്രിസ്തുവിന്റെ കൽപ്പന പോലെ  ചെയ്യുന്ന സഹായങ്ങൾ പുറത്ത് പറയരുതെന്നും കർശനമായി വിലക്കിയിരുന്നു. ഈ ലോകത്തിൽ സ്വന്തമെന്ന് പറയാൻ നശ്വരമായ ഒരു ശരീരം മാത്രമെ നമുക്കുള്ളൂവെന്നും, ദൈവം നിശ്ചയിക്കുന്ന സമയത്ത് അതും ഉപേക്ഷിച്ച് നമുക്ക് പോകേണ്ടിവരും എന്ന വാക്കുകൾ പ്രസംഗങ്ങളിൽ പതിവായി അദ്ദേഹം ഉപയോഗിച്ചിരുന്നു. ആ വാക്കുകൾ അന്വർത്ഥമാക്കിയായിരുന്നു വന്ദ്യപിതാവിന്റെ നിത്യതയിലേയ്ക്കുള്ള മടക്കം. യുഎസിലെ ഡാളസിൽ സഭാ ആസ്ഥാനത്തിന് മുമ്പിലുണ്ടായ കാറപകടത്തിൽ ബിലിവേഴ്‌സ് ചർച്ച് പരമാദ്ധ്യക്ഷൻ അത്തനാഷ്യസ് യോഹാൻ മെത്രാപ്പോലീത്ത കാലം ചെയ്തുവെന്ന വാർത്ത ഞെട്ടലോടെയാണ്  കേരളക്കര ശ്രവിച്ചത്. ദിവസങ്ങൾക്ക് മുമ്പ് മാത്രം യുഎസിലെത്തിയ മെത്രാപ്പോലീത്ത പ്രഭാതസവാരിക്കിടെ  ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കവെ നിയന്ത്രണം നഷ്ടപ്പെട്ടെത്തിയ കാർ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഒരു ഗേറ്റിലൂടെ പുറത്തുവന്ന് മറുഗേറ്റിലൂടെ അകത്തുകടക്കുന്നതിനിടെ പ്രധാന റോഡിൽ നിന്നും തെന്നി നീങ്ങിയ കാർ അപകടമുണ്ടാക്കുകയായിരുന്നു. പതിനഞ്ച് മിനിറ്റുകൾക്കകം ഹെലികോപ്റ്ററിൽ സമീപമുള്ള ബാപ്റ്റിസ്റ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

'ഞാൻ കെ പി യോഹന്നാൻ, ഇത് 'ആത്മീയ യാത്ര' എന്ന് തുടങ്ങുന്ന റേഡിയോ പ്രഭാഷണങ്ങളിലൂടെ തൊണ്ണൂറുകളിലാണ് കെ പി യോഹന്നാൻ എന്ന കുട്ടനാട്ടുകാരൻ കേരളത്തിലെ പതിനായിരക്കണക്കിന് വീടുകളിലെ സാധാരണക്കാരുമായി സംവേദിച്ച് ശ്രദ്ധേയനായത്. കേരളത്തിൽ ടെലിവിഷൻ പ്രചാരത്തിലാകുന്നതിന് മുമ്പുള്ള കാലം ഓരോ വീട്ടിലും  റേഡിയോയും സ്ഥാപിക്കാൻ പ്രത്യേക ഷെൽഫുകളുമൊക്കെ ഉണ്ടായിരുന്നു. ജീവൽപ്രശ്‌നങ്ങളുമായി മല്ലിടുന്ന ആളുകളോട് അവരുടെ നാട്ടുഭാഷയിലായിരുന്നു സംസാരം. ചാരായം കുടിച്ച് ലക്കുകെട്ട് ഭാര്യയെയും കുട്ടികളേയും പതിവായി മർദ്ദിച്ചുപോന്ന  പിതാവിനോട് എട്ടുവയസുകാരിയായ കൊച്ചു പെൺകുട്ടി കൈ കൂപ്പി അപേക്ഷിക്കുന്ന മട്ടിൽ അവതരിപ്പിച്ച 'അച്ചായാ, ഇനി കുടിക്കരുതേ,' എന്ന പ്രഭാഷണ പരമ്പര ജാതിമതഭേദമെന്യെ മലയാളികളുടെ ഇടയിൽ സൂപ്പർഹിറ്റായി. 'ചാരായം കുടിക്കരുതേ, പണം നശിച്ചിടും മാനക്കേട് ഭവിച്ചിടുമതുകൊണ്ട് ചാരായം കുടിക്കരുതേ,' എന്നു തുടങ്ങുന്ന അവതരണ ഗാനം ചാരായ നിരോധന കാലത്തിനു മുമ്പ് മലയാളക്കരയിൽ ആളുകൾ വ്യാപകമായി പാടിനടന്നിരുന്നു. ചാരായം കുടിച്ച് ലക്കുകെട്ട് ഭാര്യയേയും മക്കളെയുമൊക്കെ മർദ്ദിച്ചുപോന്ന ആയിരക്കണക്കിന് മദ്യപന്മാർ പ്രസംഗം കേട്ട് കുടിനിർത്തി കുടുംബം പുലർത്താൻ തുടങ്ങിയതോടെ കെ.പി യോഹന്നാനും ആത്മീയ യാത്ര റേഡിയോ പ്രഭാഷണവും കേരളത്തിൽ പ്രശസ്തമായി. 

അക്കാലത്ത് കേരളത്തിൽ അങ്ങോളമിങ്ങോളം നടത്തിയിരുന്ന ആത്മീയ യാത്ര സമ്മേളനങ്ങളിൽ  ഒറ്റമുണ്ടും ഖദർ ഷർട്ടും ധരിച്ചെത്തുന്ന കെ.പി യോഹന്നാന്റെ പ്രസംഗങ്ങൾ കേൾക്കാൻ പതിനായിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയിരുന്നു. 

പക്ഷെ ഹാരിസൺ പ്ലാന്റേഷന്റെ ഉടമസ്ഥതയിലായിരുന്ന ചെറുവള്ളി എസ്റ്റേറ്റ് ബിലീവേഴ്‌സ് ചർച്ച് വാങ്ങിയതോടുകൂടി കാര്യങ്ങൾ മാറിമറിഞ്ഞ് വിവാദവും ആരംഭിച്ചു. ചെറുവള്ളി എസ്റ്റേറ്റ് വ്യാജ ആധാരങ്ങൾ ചമച്ച് ബിലീവേഴ്‌സ് ചർച്ച് തട്ടിയെടുത്തു എന്ന തരത്തിലായിരുന്നു പ്രചരണങ്ങൾ. കേരളത്തിലെ ഏറ്റവും വലിയ കയ്യേറ്റക്കാരനും വനംകൊള്ളക്കാരനുമൊക്കെയായി മെത്രാപ്പോലീത്ത ചിത്രീകരിക്കപ്പെട്ടു. കേരളത്തിൽ എവിടെ കയ്യേറ്റമുണ്ടായാലും മാധ്യമങ്ങൾ അത് ബിലീവേഴ്‌സ് ചർച്ചിന്റെതായി ചിത്രീകരിച്ചു. എസ്റ്റേറ്റ് സംബന്ധിച്ച് ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമായി ഇതുവരെ പതിമൂന്ന് കേസുകളിലാണ് അനുകൂലവിധിയുണ്ടായിട്ടുള്ളത്. നഷ്ടപരിഹാരം നൽകാതെ ശബരിമല വിമാനത്താവളത്തിന് വേണ്ടി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്തുകൊണ്ടുള്ള സർക്കാർ ഉത്തരവ് കഴിഞ്ഞയാഴ്ച്ച ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സുപ്രീംകോടതി സീനിയർ അഭിഭാഷകനായ കപിൽ സിബലിന്റെ മകൻ അമിത് സിബലായിരുന്നു ഹൈക്കോടതിയിൽ സഭയ്ക്കുവേണ്ടി ഹാജരായത്.  ശമ്പളം നൽകാൻ പോലും പണമില്ലാത്ത വിഷമിക്കുന്ന സർക്കാർ എങ്ങനെ ആയിരക്കണക്കിന് കോടികൾ ചെലവിട്ട് വിമാനത്താവളമുണ്ടാക്കും എന്ന ചോദ്യവും പൊതുസമൂഹത്തിൽ ഉയർന്നിരുന്നു. 

 അത്തനാഷ്യസ് യോഹാൻ മെത്രാപ്പോലീത്ത കാലം ചെയ്തതോടെ മുമ്പ് വ്യാജവാർത്തകളെഴുതി അപമാനിച്ച ഓൺലൈൻ-മുഖ്യധാരാ മാധ്യമങ്ങൾ ഇപ്പോൾ പാടിപ്പുകഴ്ത്താൻ ആരംഭിച്ചിട്ടുണ്ട്. ബിലീവേഴ്‌സ് ചർച്ചിനെതിരെ പ്രചരിക്കുന്ന കഥകൾ  വ്യാജമെന്ന് തിരിച്ചറിഞ്ഞ ആദ്യ മുഖ്യധാരാ മാധ്യമം 'കേരളശബ്ദ'മായിരുന്നു.  2016 -ൽ ഡൽഹിയിൽ മോദി -കെ.പി യോഹന്നാൻ കൂടിക്കാഴ്ച നടന്നപ്പോൾ പലരും വാർത്ത നൽകാൻ തയ്യാറായില്ല. 'നരേന്ദ്രമോദി- കെ.പി യോഹന്നാൻ കൂടിക്കാഴ്ച, ബിജെപിക്ക് സഭയുടെ പിന്തുണയെന്ന് സൂചന' എന്ന തലക്കെട്ടോടെ 'കേരളശ്ദം' വാർത്ത പ്രസിദ്ധീകരിച്ചു. കോഴവാങ്ങിയാണ് 'കേരളശബ്ദം' വാർത്ത കൊടുത്തതെന്ന് ചിലർ ആരോപിച്ചു. 'രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരു സഭാനേതാവുമായി കൂടിക്കാഴ്ച നടത്തിയാൽ അത് പ്രാധാന്യമുള്ള വാർത്തയാണ്, എന്തുവന്നാലും കേരളശബ്ദം അത് നൽകുക തന്നെ ചെയ്യും' ഇതായിരുന്നു മാനേജിംഗ് എഡിറ്ററായിരുന്ന അന്തരിച്ച ഡോ. ബി എ രാജാകഷ്ണൻസാറിന്റെ ശക്തമായ നിലപാട്. പിന്നീട് ബിലീവേഴ്‌സ് ചർച്ചിന്റെ എപ്പിസ്‌കോപ്പസിയുമായി ബന്ധപ്പെട്ട് 'സി.എസ്.ഐ ബിഷപ്പ് വാഴിക്കൽ ചടങ്ങ് നടത്തിയിട്ടില്ലെ'ന്നും ബിലീവേഴ്‌സ് ചർച്ച് പരമാദ്ധ്യക്ഷൻ മോസ്റ്റ്. റവ. ഡോ. കെ.പി യോഹന്നാൻ മെത്രാപ്പോലീത്ത ഒരു ലേമാൻ(സാധാരണ വിശ്വാസി) മാത്രമെന്നുമുള്ള സി. എസ്. ഐ മോഡറേറ്റർ മോസ്റ്റ് റവ. തോമസ് കെ. ഉമ്മന്റെ ആരോപണം സംബന്ധിച്ച് 'എപ്പിസ്‌കോപ്പൽ തർക്കത്തിന്റെ പിന്നാമ്പുറങ്ങൾ' എന്ന വാർത്തയും കേരളശബ്ദം പ്രസിദ്ധീകരിച്ചു.

 രണ്ടായിരത്തി ഇരുപത് അവസാനം ബിലീവേഴ്‌സ് ചർച്ച് ആസ്ഥാനത്ത് ഇൻകംടാക്‌സ് പരിശോധന നടന്നപ്പോൾ മുഴുവൻ മാധ്യമങ്ങളും സഭയ്‌ക്കെതിരെയെഴുതി. 'ബിലീവേഴ്‌സ് റെയിഡിനു പിന്നിൽ, എഫ്‌സിആർഐ നിയന്ത്രണങ്ങൾ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടോ' എന്ന തലക്കെട്ടിൽ സഭ ഒരുതരത്തിലുമുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളും നടത്തിയിട്ടില്ലെന്ന് വിശദീകരിച്ച് 'കേരളശബ്ദം' വാർത്തയെഴുതി. സത്യമെന്തെന്ന് തുറന്നെഴുതണമെന്ന മാനേജിംഗ് ഏഡിറ്റർ മധു ബാലകൃഷ്ണന്റെ ആർജ്ജവമായിരുന്നു വാർത്തയ്ക്ക് പിന്നിലെ പ്രേരകശക്തി. വാർത്തകണ്ട് ഹാലിളകിയ തലസ്ഥാനത്തെ ഒരു ഓൺലൈൻ പത്രമുടമ മാനേജിംഗ് എഡിറ്ററെ ഫോണിൽ വിളിച്ച് ബിലീവേഴ്‌സ് ചർച്ചിന് അനുകൂലമായ വാർത്ത നൽകുന്നതുവഴി ' നിങ്ങൾ അപകടകരമായ ഗയിമാണ് കളിക്കുന്നതെന്ന്' മുന്നറിയിപ്പ് നൽകിയ സംഭവവുമുണ്ടായി. ടിയാളും അത്തനാഷ്യസ് യോഹാൻ മെത്രാപ്പോലീത്ത ഒരു മഹാനായിരുന്നു എന്ന് പുകഴ്ത്തി ഇപ്പോൾ വീഡിയോകൾ ചെയ്യുന്നുണ്ട്. ഇൻകംടാക്‌സ് റെയ്ഡ് നടന്നെങ്കിലും നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന 'കേരളശബ്ദം' നിലപാടിന് അടിവരയിടുന്നതാണ് മെത്രാപ്പോലീത്ത കാലം ചെയ്തശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ എഴുതിയ കുറിപ്പ്. 'ബിലീവേഴ്‌സ് ചർച്ച് മെത്രാപ്പോലീത്ത മോറോൻ മോർ അത്തനാഷ്യാസ് യോഹാൻ മെത്രാപ്പോലീത്തയുടെ വേർപാടിൽ വേദനിക്കുന്നുവെന്നും, ജനങ്ങളുടെ ഉന്നമനത്തിനും ജീവിതനിലവാരം ഉയർത്തുന്നതിനും അദ്ദേഹം ചെയ്ത പ്രവർത്തികൾ സമൂഹത്തിന് മാതൃകയാണെന്നും അദ്ദേഹം എന്നെന്നും ഓർമ്മിക്കപ്പെടുമെന്നും, കുടുംബാംഗങ്ങളെയും വിശ്വാസികളെയും ആശ്വസിപ്പിക്കുന്നുവെന്നു'മായിരുന്നു കുറിപ്പ്.

നമുക്കും വലിയ വലിയ കാര്യങ്ങൾ ചെയ്യാമെന്ന് മഹാന്മാരുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. പിരിഞ്ഞുപോകുമ്പോൾ വഴിത്താരയിൽ കാൽപ്പാടുകൾ ശേഷിപ്പിക്കാമെന്നും എന്ന വാക്കുകൾ അന്വർത്ഥമാക്കുകയാണ് അത്തനാഷ്യസ് യോഹാൻ മെത്രാപ്പോലീത്തയുടെ ജീവിതം. എഴുപത്തി നാല് സംവത്സരങ്ങൾ നീണ്ട ജീവിതത്തിനിടെ കുട്ടനാട്ടിലെ സാധാരണ കർഷക കുടുംബത്തിൽ നിന്നും ലോകമെങ്ങും പടർന്ന വടവൃക്ഷമായി വളർന്ന മെത്രാപ്പോലീത്തയുടെ ജീവിതവഴികൾ തലമുറകൾക്ക് മാർഗദർശകമാണ്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE