03:11am 29 October 2026
NEWS
അമേരിക്കയുടെ പകുതിയിലധികം പ്രദേശങ്ങൾ സ്തംഭിച്ചു; സ്ഥിതി അതീവ ​ഗുരുതരം
25/01/2026  06:24 AM IST
nila
അമേരിക്കയുടെ പകുതിയിലധികം പ്രദേശങ്ങൾ സ്തംഭിച്ചു; സ്ഥിതി അതീവ ​ഗുരുതരം

ന്യൂയോർക്ക്: ‘ഫേൺ’ ശീതക്കാറ്റും കനത്ത മഞ്ഞുവീഴ്ചയും അമേരിക്കൻ ഐക്യനാടുകളുടെ പകുതിയിലധികം ഭാഗങ്ങളെ സ്തംഭിപ്പിച്ചിരിക്കുകയാണ്. ഏകദേശം 23 കോടി പേർക്ക് നേരിട്ട് ബാധിക്കുന്ന ഈ ദുരിതാവസ്ഥയെ തുടർന്ന് 17 സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഹിമക്കാറ്റിൽ രാജ്യത്തിന്റെ ഗതാഗതവും പൊതുജീവിതവും സ്തംഭിച്ചിരിക്കുകയാണ്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് വാരാന്ത്യത്തിൽ ഷെഡ്യൂൾ ചെയ്തിരുന്ന ഏകദേശം 9,000 വിമാന സർവീസുകളാണ് റദ്ദാക്കിയത്.

ഹിമക്കാറ്റ് കൂടുതൽ രൂക്ഷമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ ജനങ്ങളോട് വീടുകളിൽ തന്നെ തുടരാൻ നിർദേശിച്ചു. കെന്റക്കി ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുപരിപാടികൾ റദ്ദാക്കിയതോടൊപ്പം പള്ളികളിലെ ഞായറാഴ്ച ശുശ്രൂഷകൾ ഓൺലൈനാക്കി. പല സംസ്ഥാനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

ന്യൂ മെക്സിക്കോ മുതൽ ന്യൂ ഇംഗ്ലണ്ട് വരെ വ്യാപിച്ചുകിടക്കുന്ന മേഖലയിലെ ഏകദേശം 14 കോടി ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാപകമായ മഞ്ഞുവീഴ്ച ഉണ്ടാകാനിടയുണ്ടെന്നും കിഴക്കൻ ടെക്സസ് മുതൽ നോർത്ത് കാരോലൈന വരെയുള്ള പ്രദേശങ്ങൾ ശക്തമായി ബാധിക്കപ്പെടുമെന്നും മുന്നറിയിപ്പുണ്ട്.

ഹിമക്കാറ്റ് മൂലമുള്ള അതിശക്തമായ മഞ്ഞുവീഴ്ച യുഎസിലെ പകുതിയോളം പ്രദേശങ്ങളിൽ നാളെ വരെ തുടരുമെന്നാണ് പ്രവചനം. ആലിപ്പഴത്തെക്കാൾ ചെറുതായ മഞ്ഞുകട്ടകൾ കൂമ്പാരമായി അടിഞ്ഞുകൂടുന്ന അപകടകരമായ സാഹചര്യമാണുള്ളത്. ഈ ഹിമക്കാറ്റ് ചുഴലിക്കാറ്റുകളെ പോലും മറികടക്കുന്ന നാശനഷ്ടങ്ങൾക്ക് കാരണമാകുമെന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.

അതേസമയം, പ്രതികൂല കാലാവസ്ഥയെ തുടർന്ന് എയർ ഇന്ത്യ ജനുവരി 25, 26 തീയതികളിലെ ന്യൂയോർക്ക്, ഒഹായോയിലെ നെവാർക്ക് സർവീസുകൾ റദ്ദാക്കി. “യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയും ക്ഷേമവും മുൻനിർത്തിയാണ് ഈ തീരുമാനം,” എന്ന് എയർ ഇന്ത്യ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img