
ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ (ഐ.സി.സി.) ആഭിമുഖ്യത്തിൽ അബൂ ഹമൂറിലെ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച കേരളപ്പിറവി ആഘോഷം മലയാളി സമൂഹത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെയും ഐക്യത്തിന്റെയും സംഗമമായി.
ഐ.സി.സി. പ്രസിഡന്റ് എ.പി. മണികണ്ഠന്റെ നേതൃത്വത്തിൽ നടന്ന ആഘോഷത്തിൽ, ഐ.സി.സി.യുമായി സഹകരിക്കുന്ന അമ്പതിലധികം കേരളീയ സംഘടനകൾ ഒരുകുടക്കീഴിൽ അണിനിരന്നു.
വൈവിധ്യമാർന്ന കേരളീയ വിഭവങ്ങൾ ഒരുക്കി സംഘടനകൾ സമൂഹത്തിന് രുചിവിരുന്നും സമ്മാനിച്ചു.
കണ്ണൂരിന്റെ ചരിത്രപ്രസിദ്ധമായ കേക്ക് നിർമാണ പൈതൃകത്തെ ഓർമപ്പെടുത്തി കണ്ണൂർ യുണൈറ്റഡ് വെൽഫെയർ അസോസിയേഷൻ ഖത്തർ (കുവാഖ്) ഒരുക്കിയ പ്രത്യേക കേക്ക് ആഘോഷത്തിന് മധുരമേകി.
കേരളത്തിന്റെ ഭൂപടത്തിൽ കണ്ണൂർ ജില്ലയെ പ്രത്യേകം അടയാളപ്പെടുത്തിയ കേക്ക്, നാടിന്റെ ചരിത്രവും പ്രാദേശിക അഭിമാനവും പ്രതിഫലിപ്പിച്ചു.
ഇന്ത്യൻ അംബാസഡറും പത്നിയും കേക്ക് മുറിക്കൽ ചടങ്ങിൽ പങ്കെടുത്തു. ഐ.സി.സി. പ്രസിഡന്റ് എ.പി. മണികണ്ഠൻ, ജി. വേണുഗോപാൽ, കുവാഖ് പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബൂ, ജനറൽ സെക്രട്ടറി റിജിൻ പള്ളിയത്ത് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കുവാഖ് വൈസ് പ്രസിഡന്റ് മനോഹരൻ, സാംസ്കാരിക സെക്രട്ടറി ഗോപാൽ, ട്രഷറർ സഞ്ജയ്, സ്മൈൽ കുവാഖ് ജനറൽ സെക്രട്ടറി വിജിന സഞ്ജയ്, ട്രഷറർ ഖദീജ നൗഷാദ്, പ്രദീപ്, ഷമ്മാസ്, നബീൽ എന്നിവരും കുവാഖ്, സ്മൈൽ കുവാഖ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ പങ്കുചേർന്നു.
കേരളത്തിന്റെ പൈതൃകവും ആതിഥ്യമര്യാദയും കൂട്ടായ്മയുടെ കരുത്തും വിളിച്ചോതിയ ആഘോഷം സംഘടിപ്പിച്ച ഐ.സി.സി. നേതൃത്വത്തിനും പങ്കാളികളായ സംഘടനകൾക്കും കുവാഖ് പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബൂ നന്ദിയും അഭിനന്ദനവും അറിയിച്ചു.










