
ദോഹ: സ്വതന്ത്ര സിനിമകൾക്ക് കൂടുതൽ പിന്തുണയും പ്രദർശന വേദികളും അനിവാര്യമാണെന്ന് 'ദോഹ ഫിലിം ഫെസ്റ്റിവൽ 2026'-ൽ പങ്കെടുക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രകാരന്മാർ. മേളയിലെ അന്താരാഷ്ട്ര ഫീച്ചർ ഫിലിം മത്സര വിഭാഗത്തിൽ ഇടംപിടിച്ച ചിത്രങ്ങളുടെ സംവിധായകർക്കായി സംഘടിപ്പിച്ച പ്രത്യേക വാർത്താസമ്മേളനത്തിലാണ് അവർ ചലച്ചിത്ര വ്യവസായത്തെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെച്ചത്.
സംവിധായകരായ ഹ്യൂഗോ സാൽവതിയേറ, സോംബുട്ട് ചിഡ്ഗാസോൺബോങ്സെ, റാഫേൽ മാനുവൽ, തല ഹദീദ്, അസ്മഹാൻ ബെക്കിറാത്ത് എന്നിവരാണ് വാർത്താസമ്മേളനത്തിൽ സംസാരിച്ചത്. തനതായ സാംസ്കാരിക അടയാളപ്പെടുത്തലുകളുടെ പ്രാധാന്യവും, സ്വതന്ത്ര സിനിമകളെ പൊതുജനങ്ങളുമായി കൂടുതൽ അടുപ്പിക്കേണ്ടതിന്റെ ആവശ്യകതയും അവർ എടുത്തുപറഞ്ഞു.
1,85,000 യുഎസ് ഡോളർ സമ്മാനത്തുകയുള്ള അന്താരാഷ്ട്ര ഫീച്ചർ ഫിലിം മത്സര വിഭാഗത്തിൽ ആകെ 15 ചിത്രങ്ങളാണ് മാറ്റുരയ്ക്കുന്നത്. ഇതിൽ 13 ചിത്രങ്ങൾ മിഡിൽ ഈസ്റ്റ്-വടക്കേ ആഫ്രിക്ക മേഖലയിൽ ആദ്യമായി പ്രദർശിപ്പിക്കുന്നവയാണ് (MENA Premieres). സംവിധായിക റബാബ് ഖാമിസിന്റെ 'സമാ' (Sama) എന്ന ഡോക്യുമെന്ററിയുടെ ലോക പ്രീമിയറും ഈ വിഭാഗത്തിലുണ്ട്. മത്സരിക്കുന്ന 15 ചിത്രങ്ങളിൽ 11 എണ്ണം ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പിന്തുണയോടെ നിർമ്മിച്ചവയും, 7 എണ്ണം വനിതാ സംവിധായകർ ഒരുക്കിയവയുമാണ് എന്നതും ശ്രദ്ധേയമാണ്.










