
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുക്കുന്ന പൊതുപരിപാടികളിൽ സുരക്ഷാ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാൻ പോലീസ്. മുഖ്യമന്ത്രിക്ക് ചുറ്റും ഉണ്ടാകുന്ന തിക്കുംതിരക്കും സുരക്ഷാഭീഷണിയാകുന്നുവെന്നാണ് ഇന്റലിജൻസ് വിലയിരുത്തൽ. ഇതിനെ തുടർന്നാണ് പുതിയ ക്രമീകരണങ്ങൾ.
മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രിയുടെ അടുത്തേക്ക് എത്താൻ ശ്രമിക്കുന്നതിനിടെ ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കണമെന്നാണ് നിർദേശം. ഇതിന്റെ ഭാഗമായി പരിപാടികളിൽ കൂടുതൽ പോലീസുകാരെ വിന്യസിക്കും. മഫ്തിയിലുള്ള ഉദ്യോഗസ്ഥരെയും സുരക്ഷാ ചുമതലയിൽ ഉൾപ്പെടുത്താൻ ഇന്റലിജൻസ് എ.ഡി.ജി.പി. ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി.
അടുത്തിടെ ഇടുക്കിയിൽ പരിപാടിക്കെത്തിയ മുഖ്യമന്ത്രി പുറത്തിറങ്ങുന്നതിനിടെ വലിയ തിരക്കുണ്ടായിരുന്നു. സാഹചര്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാധ്യമപ്രവർത്തകരെ മാറ്റിനിർത്താൻ മുഖ്യമന്ത്രി തന്നെ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.
എറണാകുളത്തെ പരിപാടിയിലും മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ മാധ്യമപ്രവർത്തകർക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. മൈക്കുമായി മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോകരുതെന്നും സെഡ് പ്ലസ് സുരക്ഷയുള്ള വ്യക്തിയാണെന്നും പോലീസ് നിർദേശിച്ചു. മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കുന്നതിനും വിലക്കുണ്ടായിരുന്നു.
തൃശ്ശൂരിലും മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രിയിൽനിന്ന് അകറ്റിനിർത്തിയിരുന്നു. വിവിധ ജില്ലകളിലെ പരിപാടികളിൽ സമാനമായ സാഹചര്യങ്ങൾ ആവർത്തിക്കുന്നതിനിടെയാണ് ഇനി മുഖ്യമന്ത്രിയുടെ സുരക്ഷാ വലയത്തിലേക്ക് കൂടുതൽ പോലീസിനെ ഉൾപ്പെടുത്താനുള്ള തീരുമാനം.










