09:12pm 29 June 2026
NEWS
അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ സംഘപരിവാർ നേതാക്കൾ അന്വേഷണ പരിധിയിലേക്ക്
29/06/2026  12:34 PM IST
nila
അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ സംഘപരിവാർ നേതാക്കൾ അന്വേഷണ പരിധിയിലേക്ക്

ലക്നൗ: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ കോടിക്കണക്കിന് രൂപയുടെ ഫണ്ട് തട്ടിപ്പ് കേസിൽ കൂടുതൽ സംഘപരിവാർ നേതാക്കളും അന്വേഷണ പരിധിയിലേക്ക്. തട്ടിപ്പിൽ സംഘപരിവാർ നേതാക്കളുടെ പങ്കും പരിശോധിക്കാൻ അന്വേഷണ സംഘം നീക്കം തുടങ്ങി. ഇവരെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറിയും വിഎച്ച്പി ഉപാധ്യക്ഷനുമായ ചമ്പത് റായിയുമായി അടുത്ത ബന്ധം പുലർത്തുന്ന സംഘപരിവാർ നേതാക്കളെ ചോദ്യം ചെയ്യാത്തതിൽ പ്രതിപക്ഷം ശക്തമായ വിമർശനമാണ് ഉന്നയിക്കുന്നത്. ഏകദേശം 200 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട രേഖകളും മറ്റ് തെളിവുകളും ശേഖരിക്കാനുള്ള ശ്രമം എസ്ഐടി തുടരുകയാണ്.

ചമ്പത് റായിയെ ചോദ്യം ചെയ്ത അന്വേഷണ സംഘം, കൂടുതൽ തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് വീണ്ടും വിളിച്ചുവരുത്തുമെന്ന് അറിയിച്ചു. സംഭാവനകളിലെ ക്രമക്കേടുകൾ ചമ്പത് റായിക്ക് അറിയാമായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഗുരുതരമായ ക്രമക്കേടുകൾ പുറത്തുവന്നിട്ടും ചമ്പത് റായി നടപടിയെടുക്കുകയോ പരാതി നൽകുകയോ ചെയ്തില്ലെന്നുമാണ് എസ്ഐടിയുടെ കണ്ടെത്തൽ. ജൂൺ നാലിന് പണം എണ്ണുന്ന മുറിയിലെ ശുചിമുറിയിൽ നിന്ന് നോട്ടുകെട്ടുകൾ കണ്ടെത്തിയതും, പിന്നീട് കൗണ്ടിംഗ് റൂം ജീവനക്കാരന്റെ വീട്ടിൽ നിന്ന് പണം നിറച്ച ബാഗ് പിടിച്ചെടുത്തതുമാണ് അന്വേഷണത്തിന് നിർണായകമായത്.

കേസിൽ ഇതുവരെ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചമ്പത് റായിയുടെ വിശ്വസ്തനും ഡ്രൈവറുമായ ടിനു യാദവാണ് പ്രധാന പ്രതികളിലൊരാൾ. ക്ഷേത്രത്തിലെ കാണിക്കപ്പെട്ടികളും പണം എണ്ണുന്ന മുറിയും ഇയാളുടെ മേൽനോട്ടത്തിലായിരുന്നു. ടിനു യാദവിന്റെ വീട്ടിൽ നിന്ന് കോടികളുടെ ആഭരണങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.

അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുന്ന എസ്ഐടി, ചമ്പത് റായിയുടെ പങ്ക് വിശദമായി പരിശോധിക്കുകയാണ്. അദ്ദേഹത്തിന്റെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഇതിനിടെ അയോദ്ധ്യയിൽ നിന്ന് ഡൽഹിയിലേക്ക് താമസം മാറാൻ അദ്ദേഹം ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img