
ദോഹ: രാജ്യത്തെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനുമായി അടുത്ത അധ്യയന വർഷം മുതൽ പുതിയ സ്വകാര്യ സ്കൂളുകൾ പ്രവർത്തനമാരംഭിക്കുന്നു. വിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള പ്രൈവറ്റ് സ്കൂൾ ലൈസൻസിംഗ് ഡിപ്പാർട്ട്മെന്റ് പുതിയ വിദ്യാഭ്യാസ പദ്ധതികൾക്കായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിവരികയാണെന്ന് അറിയിച്ചു.വിവിധ രാജ്യങ്ങളിൽ നിന്നുള്ള മികച്ച വിദ്യാഭ്യാസ മാതൃകകൾ ഖത്തറിലേക്ക് എത്തിക്കുന്നതിലൂടെ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും കൂടുതൽ തെരഞ്ഞെടുപ്പുകൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ സ്കൂളുകൾ വരുന്നതോടെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനും തിരക്ക് കുറയ്ക്കാനും സാധിക്കും.പുതിയ സ്കൂളുകളുടെ സ്ഥാനങ്ങൾ (Locations), ഓരോ സ്കൂളിലെയും പ്രവേശന ശേഷി (Capacity), അംഗീകൃത സിലബസുകൾ, ട്യൂഷൻ ഫീസ്, അഡ്മിഷൻ നടപടിക്രമങ്ങൾ എന്നിവ സംബന്ധിച്ച സമഗ്രമായ വിവരങ്ങൾ വരും ദിവസങ്ങളിൽ മന്ത്രാലയം ഔദ്യോഗികമായി പുറത്തുവിടും. രക്ഷിതാക്കൾക്ക് കൃത്യമായ വിവരങ്ങൾ നൽകി അവർക്ക് അനുയോജ്യമായ തീരുമാനമെടുക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണിത്.
വിദ്യാഭ്യാസ മേഖലയിലെ സുതാര്യത വർദ്ധിപ്പിക്കുന്നതിനും നിക്ഷേപകർക്കും രക്ഷിതാക്കൾക്കും കൃത്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനും മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് പ്രൈവറ്റ് എഡ്യൂക്കേഷൻ അഫയേഴ്സ് സെക്ടർ വ്യക്തമാക്കി. ലോകോത്തര നിലവാരത്തിലുള്ള പഠന സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ സുസ്ഥിരവും കരുത്തുറ്റതുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം കെട്ടിപ്പടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
നിലവിലുള്ള പോളിസികളും നടപടിക്രമങ്ങളും പരിഷ്കരിച്ച് സ്വകാര്യ വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയർത്തുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ നീക്കം.










