11:46pm 28 October 2026
NEWS
ജെഫ്രി എപ്‌സ്റ്റീൻ ലൈംഗികക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതൽ പ്രമുഖരുടെ ഫോട്ടോകൾ പുറത്ത്
19/12/2025  12:36 PM IST
nila
 ജെഫ്രി എപ്‌സ്റ്റീൻ ലൈംഗികക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതൽ പ്രമുഖരുടെ ഫോട്ടോകൾ പുറത്ത്

അമേരിക്കയെ ഞെട്ടിച്ച ജെഫ്രി എപ്‌സ്റ്റീൻ ലൈംഗികക്കടത്ത് കേസുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ പുറത്ത്. 68 പുതിയ ഫോട്ടോകൾ കൂടി അമേരിക്കൻ സെനറ്റിന്റെ ഓവർസൈറ്റ് കമ്മിറ്റിയാണ് പുറത്തുവിട്ടത്. ചിത്രങ്ങളിൽ ബിൽ ഗേറ്റ്സ്, നോം ചോംസ്കി, വൂഡി അലൻ, സ്റ്റീവ് ബാനോൺ തുടങ്ങിയ ലോകപ്രശസ്ത വ്യക്തികൾ ഉൾപ്പെട്ടിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ചൂഷണത്തിനിരയാക്കിയ കേസിന്റെ ഭാഗമായാണ് ഡെമോക്രാറ്റ് അംഗങ്ങൾ നേതൃത്വം നൽകുന്ന ഓവർസൈറ്റ് കമ്മിറ്റി ഫോട്ടോകൾ പുറത്തുവിട്ടത്.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകളുടെ പാസ്‌പോർട്ടുകൾ, തിരിച്ചറിയൽ രേഖകൾ, യുവതികളുടെ ഫോട്ടോകൾ എന്നിവ ഇതിലുണ്ട്. യുക്രെയ്ൻ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യുവതികളുടെ വിവരങ്ങളാണ് കൂടുതലും. സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്ത് പല ചിത്രങ്ങളിലും മുഖങ്ങൾ മറച്ചിരിക്കുകയാണ്.

ഇതോടൊപ്പം, സ്ത്രീകളെ കൈമാറ്റം ചെയ്യുന്നതായി സൂചന നൽകുന്ന ചാറ്റ് സന്ദേശങ്ങളും പുറത്തുവന്നു. ‘പെൺകുട്ടികളെ അയക്കാം’, ‘ഒരു പെൺകുട്ടിക്ക് 1000 ഡോളർ’ എന്നിങ്ങനെയുള്ള സന്ദേശങ്ങൾ, ‘ജെ’യ്ക്ക് അനുയോജ്യരായവരെ കണ്ടെത്തണം എന്ന പരാമർശങ്ങൾ എന്നിവ ചാറ്റുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ചില സന്ദേശങ്ങളിൽ പെൺകുട്ടികളുടെ വ്യക്തിഗത വിവരങ്ങളും പങ്കുവെച്ചിരിക്കുന്നതായി രേഖകൾ സൂചിപ്പിക്കുന്നു.

പുറത്തുവിട്ട ഫോട്ടോകളിൽ, എപ്‌സ്റ്റീനൊപ്പം വിമാനത്തിൽ ഇരിക്കുന്ന നോം ചോംസ്കിയുടെ ചിത്രം ശ്രദ്ധേയമാണ്. ബിൽ ഗേറ്റ്സ് ഒരു യുവതിക്കൊപ്പം നിൽക്കുന്ന മറ്റൊരു ചിത്രവും പുറത്തുവന്നിട്ടുണ്ട്; യുവതിയുടെ മുഖം മറച്ച നിലയിലാണ്. ചിത്രങ്ങളിൽ വ്യക്തമായ നിയമവിരുദ്ധ പ്രവർത്തനങ്ങൾ കാണുന്നില്ലെങ്കിലും, അമേരിക്കയിലെ രാഷ്ട്രീയ, ബിസിനസ്, സാംസ്‌കാരിക മേഖലകളിലെ പ്രമുഖരുമായുള്ള എപ്‌സ്റ്റീനിന്റെ അടുത്ത ബന്ധങ്ങളാണ് ഇവ തെളിയിക്കുന്നതെന്ന് അന്വേഷണസംഘങ്ങൾ പറയുന്നു.

എപ്‌സ്റ്റീൻ എസ്റ്റേറ്റിൽ നിന്ന് ലഭിച്ച ഏകദേശം 95,000 ഫോട്ടോകൾ ഓവർസൈറ്റ് കമ്മിറ്റിയുടെ കൈവശമുണ്ടെന്നും, തുടർന്നും കൂടുതൽ രേഖകൾ പുറത്തുവിടുമെന്നും കമ്മിറ്റി അറിയിച്ചു. കേസുമായി ബന്ധപ്പെട്ട അതീവ രഹസ്യ ഫയലുകൾ പൊതുജനങ്ങൾക്കായി തുറന്നുവിടാനുള്ള നടപടിക്ക് അമേരിക്കൻ സെനറ്റ് നേരത്തെ അനുമതി നൽകിയിരുന്നു. ഈ നീക്കത്തിന് വഴിയൊരുക്കുന്ന ബില്ലിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചതോടെയാണ് ഫയലുകൾ ഘട്ടംഘട്ടമായി പുറത്തുവരുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img