10:53am 12 November 2026
NEWS
മലയാളത്തിൽ കൂടുതൽ വാർത്താ ചാനലുകൾ വരുന്നു; കേരളത്തിലെ ടെലിവിഷൻ വ്യവസായത്തിൽ കണ്ണുവെക്കുന്നത് മറുനാട്ടുകാർ
20/12/2025  12:40 PM IST
nila
മലയാളത്തിൽ കൂടുതൽ വാർത്താ ചാനലുകൾ വരുന്നു; കേരളത്തിലെ ടെലിവിഷൻ വ്യവസായത്തിൽ കണ്ണുവെക്കുന്നത് മറുനാട്ടുകാർ

ടെലിവിഷൻ ചാനലുകൾ കാണുന്നവരുടെ എണ്ണം ആഗോളതലത്തിൽ തന്നെ കുറഞ്ഞുവരുന്നു എന്നാണ് പല പഠനറിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. എന്നാൽ, മലയാളം വാർത്താ ചാനൽ രംഗം വിപരീത ദിശയിലേക്കാണ് നീങ്ങുന്നത് എന്ന് ഒരു വൈരുദ്ധ്യമാണ്. മലയാളത്തിലേക്ക് കൂടുതൽ വാർത്താ ചാനലുകൾ കടന്നുവരുന്നത് തന്നെ ഇതിന്റെ തെളിവായാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇന്റർനെറ്റിന്റെയും ഒടിടി പ്ലാറ്റ്‌ഫോമുകളുടെയും വ്യാപനം പരമ്പരാഗത ടിവി കാഴ്ച്ചശീലങ്ങളിൽ വലിയ മാറ്റം വരുത്തിയിട്ടും കേരളത്തിൽ ടെലിവിഷൻ വ്യവസായത്തിൽ നിക്ഷേപിക്കാൻ പലരും തയ്യാറാകുകയാണ്. 

നിലവിൽ മലയാളത്തിൽ ഒമ്പത് മുഴുവൻ സമയ വാർത്താ ചാനലുകളാണ് പ്രവർത്തിക്കുന്നത്. കടുത്ത മത്സരമാണ് ഈ രം​ഗത്ത് നിലനിൽക്കുന്നത്. മുമ്പ് കേരളം ആസ്ഥാനമാക്കിയ മീഡിയ ഹൗസുകളാണ് കൂടുതലായി ചാനലുകൾ ആരംഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഗ്രൂപ്പുകൾ കേരള വാർത്താ വിപണിയിലേക്കു ശക്തമായി കടന്നുവരുന്ന പ്രവണതയാണ് കാണുന്നത്.

അടുത്തിടെ മലയാളത്തിലേക്ക് കടന്നുവരാനൊരുങ്ങുന്ന മറ്റൊരു ചാനൽ ബിഗ് ടിവി ന്യൂസാണ്. ആന്ധ്ര–തെലങ്കാന മേഖലയിൽ പ്രവർത്തിക്കുന്ന ബിഗ് ടിവി നെറ്റ്‌വർക്കിന്റെ ഈ സംരംഭത്തിന് പ്രവാസ മീഡിയയാണ് പ്രമോട്ടർമാർ. അടുത്ത വർഷം തുടക്കത്തോടെ സംപ്രേക്ഷണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ചാനലിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ കൊച്ചി ആസ്ഥാനമായി പുരോഗമിക്കുകയാണ്. എംഫൈവ് ന്യൂസ് എന്ന മറ്റൊരു പുതിയ ചാനൽ 2025ൽ ആരംഭിക്കാനായിരുന്നു ആദ്യം ലക്ഷ്യമിട്ടിരുന്നത്. എന്നാൽ സാങ്കേതിക കാരണങ്ങളാൽ ലോഞ്ച് 2026ലേക്ക് മാറ്റിയതായി റിപ്പോർട്ടുകളുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചാനൽ ആരംഭിക്കുമെന്നാണ് സൂചന. അദാനി ഗ്രൂപ്പ് ഭൂരിപക്ഷ ഓഹരികൾ സ്വന്തമാക്കിയ എൻഡിടിവി മലയാള ചാനൽ ആരംഭിക്കുമെന്ന പ്രഖ്യാപനവും നേരത്തെ ഉണ്ടായിരുന്നുവെങ്കിലും, ഇതുസംബന്ധിച്ചുള്ള തുടർനടപടികൾ ഇപ്പോൾ നിശ്ചലമാണ്.

ചാനലുകളുടെ പ്രേക്ഷകശേഷി അളക്കുന്ന ബാർക് റേറ്റിംഗിൽ ഈയാഴ്ച ഏഷ്യാനെറ്റ് ന്യൂസാണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞയാഴ്ച മുൻനിരയിലുണ്ടായിരുന്ന റിപ്പോർട്ടർ ടിവി ഇത്തവണ രണ്ടാം സ്ഥാനത്തേക്ക് മാറി. 24 ന്യൂസാണ് മൂന്നാം സ്ഥാനത്ത്. തുടർന്നുള്ള സ്ഥാനങ്ങളിൽ മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ്, ന്യൂസ്മലയാളം 24X7, കൈരളി ടിവി, ജനം ടിവി എന്നീ ചാനലുകളാണ്. തമിഴ്‌നാട്ടിൽ ശക്തമായ സാന്നിധ്യമുള്ള ന്യൂസ് തമിഴ് 24X7 ഗ്രൂപ്പ് കേരളത്തിൽ ആരംഭിച്ച ന്യൂസ് മലയാളം ചാനൽ ബാർക് റേറ്റിംഗിൽ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെക്കുന്നത്. എസ്.പി.എൽ.യു.എസ് മീഡിയ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഗ്രൂപ്പ് ദീർഘകാല പദ്ധതികളോടെയാണ് മലയാള വിപണിയിൽ നിലയുറപ്പിക്കാൻ ശ്രമിക്കുന്നത്. അടുത്ത വർഷം ഏപ്രിലിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പുതിയ വാർത്താ ചാനലുകളുടെ കടന്നുവരവ് മത്സരം കൂടുതൽ കടുപ്പിക്കുമെന്നാണ് വിലയിരുത്തൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img