01:56am 29 July 2026
NEWS
ഗർഭിണിയായ യുവതി കാറിന് തീപിടിച്ച് മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്
19/05/2026  09:41 AM IST
nila
 ഗർഭിണിയായ യുവതി കാറിന് തീപിടിച്ച് മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്

കോഴിക്കോട്: ചെറുവണ്ണൂരിൽ ഗർഭിണിയായ യുവതി ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് മരിച്ച സംഭവത്തിൽ നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചു. തീപിടിച്ച കാറിനകത്ത് നിന്ന് പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തിയതായാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. സംഭവത്തിന് മുൻപ് ഒരു സ്ത്രീ പെട്രോൾ വാങ്ങുന്നതായി കരുതുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇത് സോന തന്നെയാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. 

പാലേരി കല്ലിക്കണ്ടി സ്വദേശിനിയായ 27കാരി സോനയാണ് അപകടത്തിൽ മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഭർത്താവ് രജിൻ കോഴിക്കോട് മെഡിക്കൽ കോളേജിലെ ബേൺസ് ഐസിയുവിൽ ചികിത്സയിലാണ്. ശരീരത്തിന്റെ 65 ശതമാനത്തിലേറെ ഭാഗങ്ങളിൽ പൊള്ളലേറ്റിട്ടുണ്ടെന്നും മുഖത്തും നെഞ്ചിലുമേറ്റ പരിക്ക് ആന്തരികാവയവങ്ങളെ ബാധിച്ചിരിക്കാമെന്ന ആശങ്ക ഡോക്ടർമാർ പ്രകടിപ്പിച്ചിട്ടുണ്ടെന്നും വിവരം. ഒരു മാസം മുൻപാണ് രജിൻ വിദേശത്തുനിന്ന് നാട്ടിലെത്തിയത്.

സംഭവം ആസൂത്രിത കൊലപാതകമാണെന്ന സംശയം സോനയുടെ ബന്ധുക്കൾ തുടക്കത്തിൽ തന്നെ ഉന്നയിച്ചിരുന്നു. പ്രത്യേക പൊലീസ് അന്വേഷണം വേണമെന്നാവശ്യപ്പെട്ടും അവർ രംഗത്തെത്തിയിരുന്നു. കാറിന് തീപിടിത്തമുണ്ടായത് ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്നായിരുന്നു പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും ചേർന്ന് നടത്തിയ പരിശോധനയിൽ കാറിന്റെ വയറിങ്, ഇന്ധനടാങ്ക്, എസി സംവിധാനം, റേഡിയേറ്റർ ഭാഗം എന്നിവയിൽ തകരാറുകളൊന്നും കണ്ടെത്താനായിരുന്നില്ല.

കാറിന്റെ മുൻഭാഗവും പിൻസീറ്റും പൂർണമായും കത്തി നശിച്ചിരുന്നെങ്കിലും ബോണറ്റ് ഭാഗത്തേക്ക് തീ പടർന്നിരുന്നില്ല. ഇതോടെ തീപിടിത്തത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള ദുരൂഹത വർധിച്ചു. കാറിനകത്ത് നിന്ന് ലഭിച്ച കത്താതെ ശേഷിച്ച തുണിത്തരങ്ങൾ, ബാഗിന്റെ അവശിഷ്ടങ്ങൾ, മൊബൈൽ ഫോൺ, വെള്ളസാമ്പിളുകൾ എന്നിവ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

സോനയും രജിനും സമൂഹമാധ്യമങ്ങളിലൂടെയാണ് പരിചയപ്പെട്ടതെന്ന് ബന്ധുക്കൾ പറയുന്നു. ഗൾഫിലായിരുന്ന രജിനുമായി അടുപ്പത്തിലായ സോന പിന്നീട് വിവാഹത്തിന് തയ്യാറായെങ്കിലും വീട്ടുകാരുടെ എതിർപ്പ് നേരിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട മാനസിക സമ്മർദത്തെ തുടർന്ന് സോന ഒരിക്കൽ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും ബന്ധുക്കൾ ആരോപിക്കുന്നു. പിന്നീട് പൊലീസ് സാന്നിധ്യത്തിൽ നടന്ന ചർച്ചകൾക്കൊടുവിൽ ഇരുവരും 2023-ൽ രജിസ്റ്റർ വിവാഹിതരായി.

വിവാഹത്തിന് ശേഷം കുടുംബങ്ങളുമായുള്ള ബന്ധം ഏറെ അടുത്തിരുന്നില്ലെന്നും, ഗർഭിണിയായതോടെയാണ് പ്രശ്നങ്ങൾ കുറച്ചുകൂടി ശമിച്ചതെന്നും ബന്ധുക്കൾ പറയുന്നു. ഭർതൃവീട്ടിൽ നിന്ന് സമ്മർദമുണ്ടായിരുന്നുവെന്ന് സോന ഒരു ബന്ധുവിനോട് പറഞ്ഞിരുന്നുവെന്നും ഇതാണ് സംഭവത്തിൽ ദുരൂഹത വർധിപ്പിക്കുന്നതെന്നും കുടുംബം ആരോപിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img