11:42am 14 August 2026
NEWS
സർക്കാർ അറിയാതെ കരാർ, പിഴ ഒഴിവാക്കാൻ ഇടപെടലും; മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
14/08/2026  06:57 AM IST
nila
സർക്കാർ അറിയാതെ കരാർ, പിഴ ഒഴിവാക്കാൻ ഇടപെടലും; മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാനുള്ള നീക്കത്തിൽ കൂടുതൽ ചോദ്യങ്ങളുയർത്തി പുതിയ രേഖകൾ. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക അനുമതി ലഭിക്കുന്നതിന് മുൻപേ സ്പോൺസർ അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (എഎഫ്എ) കരാറിൽ ഏർപ്പെട്ടതായാണ് രേഖകൾ വ്യക്തമാക്കുന്നത്. കരാറിൽ സംസ്ഥാന സർക്കാരിന്റെ പേരും ഔദ്യോഗിക വിവരങ്ങളും ഉപയോഗിച്ചതും വിവാദമായി.

2024 ഡിസംബർ 20നാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എഎഫ്എയുമായി കരാറിലെത്തിയത്. എന്നാൽ ഇതിന് 18 ദിവസങ്ങൾക്ക് ശേഷമാണ് സർക്കാർ അനുമതി ലഭിച്ചത്. കരാർ സംബന്ധിച്ച വിവരം സർക്കാരിനെ അറിയിച്ചിരുന്നില്ലെന്നും കായികവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. സ്പോൺസറും സംസ്ഥാന സർക്കാരും തമ്മിൽ ഇതുവരെ കരാറോ ധാരണാപത്രമോ ഒപ്പുവച്ചിട്ടില്ലെന്നും കായികവകുപ്പ് വ്യക്തമാക്കുന്നു.

കരാറിൽ സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെയുള്ള പദ്ധതിയെന്ന പരാമർശമുണ്ട്. സർക്കാർ അനുമതിയില്ലാതെ സ്വകാര്യ സ്ഥാപനം സർക്കാരിനെ പ്രതിനിധീകരിച്ച് കരാറിൽ ഒപ്പിട്ടതും ചോദ്യമാകുന്നു. കരാർ പിന്നീട് രണ്ടുതവണ പുതുക്കിയപ്പോഴും ഇതുസംബന്ധിച്ച വിവരങ്ങൾ സർക്കാരിനെ രേഖാമൂലം അറിയിച്ചില്ലെന്നാണ് കണ്ടെത്തൽ.

കരാറിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാന്റെ ഔദ്യോഗിക ഇമെയിൽ വിലാസവും ഉൾപ്പെടുത്തിയിട്ടുണ്ട്. ആശയവിനിമയത്തിനായി സ്പോൺസർ നൽകിയ രണ്ട് ഇമെയിൽ വിലാസങ്ങളിൽ ഒന്നായിരുന്നു ഇത്. അതേസമയം, കരാറിൽ സാക്ഷിയായി ഒപ്പിട്ടത് അന്നത്തെ കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലിയാണ്. അദ്ദേഹത്തെ ആരാണ് ചുമതലപ്പെടുത്തിയതെന്ന കാര്യത്തിലും വ്യക്തതയില്ല.

അർജന്റീന ടീമിന് കായികവകുപ്പ് സുരക്ഷ ഒരുക്കുമെന്ന ഉറപ്പും കരാറിൽ ഉൾപ്പെടുത്തിയിരുന്നു. ഔദ്യോഗിക അനുമതിക്ക് മുൻപേ ഇത്തരമൊരു ഉറപ്പ് നൽകിയത് ആരാണെന്നതും അന്വേഷണവിധേയമാണ്.

40 ലക്ഷം ഡോളർ പിഴ; ഒഴിവാക്കാൻ സർക്കാരിന്റെ ഇടപെടൽ

കരാർ പ്രകാരമുള്ള പണം നൽകുന്നതിൽ കാലതാമസം വരുത്തിയതിനെ തുടർന്ന് സ്പോൺസർ കമ്പനിക്ക് എഎഫ്എ 40 ലക്ഷം യുഎസ് ഡോളർ പിഴ ചുമത്തിയിരുന്നു. ഈ പിഴ ഒഴിവാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് കായികവകുപ്പ് അർജന്റീനയിലെ ഇന്ത്യൻ അംബാസഡർക്ക് കത്തയച്ചതിന്റെ വിവരങ്ങളും പുറത്തുവന്നു.

2025 ജൂലൈയിൽ അയച്ച കത്ത് മുൻ കായികമന്ത്രി വി. അബ്ദുറഹിമാന്റെ നിർദേശപ്രകാരം അന്നത്തെ കായികവകുപ്പ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷാണ് അയച്ചത്. സംസ്ഥാനത്തിന്റെ സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട കത്തിൽ അർജന്റീന ടീമിന്റെ സന്ദർശനം സംസ്ഥാന സർക്കാർ ഉൾപ്പെട്ട കരാറാണെന്നും വ്യക്തമാക്കിയിരുന്നു.

സർക്കാർ ആരുമായും കരാർ ഒപ്പുവച്ചിട്ടില്ലെന്ന മുൻ കായികമന്ത്രിയുടെ വാദത്തിന് വിരുദ്ധമാണ് ഈ കത്തിലെ പരാമർശങ്ങൾ. സർക്കാർ അനുമതിക്ക് മുൻപേ നടന്ന കരാർ, സർക്കാരിന്റെ ഔദ്യോഗിക വിവരങ്ങളുടെ ഉപയോഗം, സുരക്ഷാ ഉറപ്പ്, സ്പോൺസർക്കുള്ള പിഴ ഒഴിവാക്കാനുള്ള ഇടപെടൽ തുടങ്ങിയവയെല്ലാം ചേർന്ന് അർജന്റീന ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിവാദം കൂടുതൽ സങ്കീർണമാക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img