10:25am 30 April 2026
NEWS
പഹൽഗാമിൽ ഭീകരർ നരനായാട്ട് നടത്തിയത് മതം ചോദിച്ച് ഉറപ്പിച്ച ശേഷം
23/04/2025  08:34 AM IST
nila
പഹൽഗാമിൽ ഭീകരർ നരനായാട്ട് നടത്തിയത് മതം ചോദിച്ച് ഉറപ്പിച്ച ശേഷം

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണം സംബന്ധിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. പേരും മതവും ചോദിച്ച ശേഷമാണ് ഭീകരർ കൊലപ്പെടുത്തിയതെന്നാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ പറയുന്നത്. അതേസമയം, സ്ത്രീകളെ ഭീകരർ കൊലപ്പെടുത്താതെ ഒഴിവാക്കി. പ്രിയപ്പെട്ടവരെ കൊന്നവരോട് തങ്ങളേയും കൊല്ലൂ എന്ന് പറഞ്ഞ സ്ത്രീകളോട് ഇവിടെ നടന്നത് പോയി നരേന്ദ്രമോ​ദിയോട് പറയൂ എന്നായിരുന്നു ഭീകരർ പറഞ്ഞത്. 

എന്താണ് പേരെന്നും മതമേതാണെന്നും ഭീകരർ ചോദിച്ചതായി സംഭവസ്ഥലത്തുണ്ടായിരുന്ന ഒരു സ്ത്രീ പൊലീസിനെ അറിയിച്ചു. ആറ് ദിവസം മാത്രം മുൻപ് വിവാഹിതരായ ദമ്പതികൾ ഭേൽപുരി കഴിച്ചുകൊണ്ടിരിക്കെയാണ് ഭർത്താവിനെ വെടിവെച്ചുവീഴ്ത്തിയത്. ഈ സംഭവം യുവതി കരഞ്ഞുകൊണ്ട് പറയുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഭർത്താവിന്റെ തലയ്ക്കാണ് വെടിയേറ്റത്. തന്റെ ഭർത്താവ് ഒരു മുസ്ലിം അല്ലെന്ന് പറഞ്ഞാണ് തോക്കുധാരി വെടിയുതിർത്തതെന്നും യുവതി പറയുന്നുണ്ട്. സംഭവസ്ഥലത്ത് നിന്നുള്ള വീഡിയോയിൽ ഒരു സ്ത്രീ അലമുറയിട്ട് കരയുന്നതും സഹായത്തിനായി യാചിക്കുന്നതും കാണാം. 'ദയവായി എന്റെ ഭർത്താവിനെ രക്ഷിക്കൂ,' എന്ന് അവർ നിലവിളിക്കുന്നു സമീപം വെടിയേറ്റ് കിടക്കുന്ന ഭർത്താവിനെയും കാണാം.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30നാണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയവരിൽ മൂന്നുപേർ ഉണ്ടായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റവരിൽ പ്രദേശവാസികളും ഉൾപ്പെട്ടിട്ടുണ്ട്. പഹൽഗാമിലെ ബെയ്സരൺ താഴ്‌വരയിലാണ് വെടിവെപ്പ് നടന്നതെന്നാണ് ജമ്മു കാശ്മീർ പൊലീസ് പറയുന്നത്. ഈ പ്രദേശത്തേക്ക് വാഹനത്തിൽ എത്തിപ്പെടാൻ സാധിക്കില്ല. കാൽനടയായോ കുതിരകളെ ഉപയോഗിച്ചോ മാത്രം എത്താവുന്ന ദുഷ്‌കരമായ പാതയാണ് ഇവിടേക്കുള്ളത്‌.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img