
കോട്ടയം നഗരമധ്യത്തിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശ് (23) കൊല്ലപ്പെട്ടത് ലഹരി കച്ചവടവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തെ തുടർന്നാണെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, കൊല്ലപ്പെട്ട ആദർശും കുത്തിയ അഭിജിത്തും തമ്മിൽ ബൈക്ക് പണയം വച്ചതുമായി ബന്ധപ്പെട്ട തർക്കമുണ്ടായിരുന്നു എന്നാണ് പ്രതികൾ നൽകിയ മൊഴി. എന്നാൽ, ഇത് പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം നഗരസഭയിലെ മുൻ കോൺഗ്രസ് കൗൺസിലർ അനിൽകുമാറും മകൻ അഭിജിത്തും പൊലീസ് കസ്റ്റഡിയിലാണ്. ഇത്തവണ യുഡിഎഫ് വിമതനായി കോട്ടയം നഗരസഭയിലേക്കു നാമനിർദേശ പത്രിക സമർപ്പിച്ചിരിക്കുകയാണ് അനിൽകുമാർ. അതേസമയം, മകനാണ് ആദർശിനെ കുത്തിയതെന്നും അനിൽകുമാർ പിടിച്ചുമാറ്റാനാണ് ശ്രമിച്ചതെന്നും പൊലീസ് അറിയിച്ചു. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുക്കും. കൂടുതൽ അന്വേഷണം നടക്കുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ആദർശും സുഹൃത്തുക്കളും അർധരാത്രിയോടെ അഭിജിത്തിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു എന്നാണ് വിവരം. ഇത് സംഘർഷത്തിലെത്തുകയും അഭിജിത്ത് കത്തിയെടുത്ത് ആദർശിനെ കുത്തുകയുമായിരുന്നു. ബോധരഹിതനായ ആദർശിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.










