10:35am 13 September 2026
NEWS
സ്വപ്ന സുരേഷിന്റെ വിവാഹത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
12/09/2026  08:03 AM IST
nila
സ്വപ്ന സുരേഷിന്റെ വിവാഹത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വിവാഹിതയായെന്ന വിവരം സ്വപ്ന സുരേഷ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. എന്നാൽ, ആരാണ് വരനെന്നോ എന്നായിരുന്നു വിവാഹമെന്നോ സ്വപ്ന കുറിപ്പിൽ വ്യക്തമാക്കിയിരുന്നില്ല. ഇപ്പോഴിതാ, സ്വപ്ന സുരേഷിന്റെ മൂന്നാം വിവാഹം സംബന്ധിച്ച കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്. സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ പി എസ് സരിത്തിനെയാണ് സ്വപ്ന വിവാഹം കഴിച്ചത്. 

കഴിഞ്ഞമാസം മരട് മുനിസിപ്പാലിറ്റിയിലെ തിരുനെട്ടൂർ വടക്കേ പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.

വിവാഹം നടന്നതിന്റെ രേഖകൾ കൈപ്പറ്റുന്നതിനായി സ്വപ്‌നയും സരിത്തും ചൊവ്വാഴ്ച തിരുനെട്ടൂർ മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള കൊച്ചിൻ ദേവസ്വം ബോർഡ് ഓഫിസിലെത്തി. തുടർന്ന് മരട് മുനിസിപ്പാലിറ്റിയിൽ വിവാഹ രജിസ്ട്രേഷനായി അപേക്ഷയും നൽകി. നിലവിൽ തൃപ്പൂണിത്തുറയ്ക്ക് സമീപമാണ് ഇരുവരും താമസിക്കുന്നതെന്നാണ് വിവരം.

സ്വപ്‌ന സുരേഷിന്റെ മൂന്നാം വിവാഹമാണിത്. 2000-ൽ കൃഷ്ണകുമാറിനെയായിരുന്നു ആദ്യമായി വിവാഹം ചെയ്തത്. ഈ ബന്ധം 2008-ൽ അവസാനിച്ചു. തുടർന്ന് 2011-ൽ ജയശങ്കറിനെ വിവാഹം ചെയ്തെങ്കിലും ഈ ബന്ധവും പിന്നീട് വേർപിരിഞ്ഞു.

വിവാഹവാർത്ത സ്വപ്‌ന സുരേഷ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചുകൊണ്ടാണ് പുതിയ ജീവിതത്തിനായി പ്രാർഥിക്കണമെന്ന് സ്വപ്‌ന സുരേഷ് അഭ്യർഥിച്ചത്. വിവാഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇരുവരും പുറത്തുവിട്ടിട്ടില്ല.

സ്വപ്ന സുരേഷിന്റെ സമൂ​ഹ മാധ്യമ കുറിപ്പ് ഇങ്ങനെ: 

‘‘ഒരുമിച്ച് ജീവിക്കാൻ മാത്രമല്ല ഞങ്ങൾ വിവാഹ ജീവിതം തിരഞ്ഞെടുത്തത്; ഞങ്ങളുടെ കുട്ടികൾക്ക് സത്യവും ബഹുമാനവും മൂല്യങ്ങളും പഠിക്കാനാകുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാനും, ഒരുമിച്ച് ഒരു ജീവിതം പടുത്തുയർത്താനും കൂടിയാണ്. മരണം വരെ ഞാൻ സുമംഗലി ആയിരിക്കാൻ പ്രാർഥിക്കണം’’.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img