
തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് എടുക്കുന്നവർക്ക് ഇനി കൂടുതൽ പഠിക്കാനുണ്ട്. ലേണേഴ്സ് ടെസ്റ്റിലെ ചോദ്യങ്ങളുടെ എണ്ണം 20-ൽ നിന്ന് 30 ആയി ഉയർത്തി. ഇതിൽ 18 ചോദ്യങ്ങൾക്ക് (60%) ശരിയുത്തരം നൽകിയാൽ മാത്രമേ ഇനി ടെസ്റ്റ് പാസാകൂ. നിലവിൽ 20 ചോദ്യങ്ങളിൽ 12 എണ്ണം ശരിയാക്കിയാൽ പാസാകാമായിരുന്നു.
പുതിയ മാറ്റങ്ങൾ ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ഓരോ ചോദ്യത്തിനും ഉത്തരം നൽകാനുള്ള സമയം 15 സെക്കൻഡിൽ നിന്ന് 30 സെക്കൻഡാക്കി വർദ്ധിപ്പിച്ചിട്ടുണ്ട്. ഡ്രൈവിങ് ലൈസൻസ് നേടാൻ ആഗ്രഹിക്കുന്നവർക്ക് പരിശീലിക്കാനും മോക്ക് ടെസ്റ്റ് ചെയ്യാനും സഹായിക്കുന്നതിനായി മോട്ടോർ വാഹന വകുപ്പ് 'എം.വി.ഡി ലീഡ്സ്' എന്നൊരു ആപ്പും പുറത്തിറക്കിയിട്ടുണ്ട്.
ഡ്രൈവിങ് ഇൻസ്ട്രക്ടർമാർക്കും റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് നിർബന്ധം
ഡ്രൈവിങ് സ്കൂളുകളിലെ ഇൻസ്ട്രക്ടർമാർക്കും മോട്ടോർ വാഹന വകുപ്പിലെ ജീവനക്കാർക്കും റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. 'എം.വി.ഡി ലീഡ്സ്' ആപ്പിലൂടെ ഇവർ ടെസ്റ്റ് പാസാകണം. ടെസ്റ്റ് പാസാകുന്നവർക്ക് മാത്രമേ ഇൻസ്ട്രക്ടർ ലൈസൻസ് നിലനിർത്താൻ സാധിക്കൂ. ജീവനക്കാരുടെ വാർഷിക റിപ്പോർട്ടിലും സർവീസ് കാര്യങ്ങളിലും പരീക്ഷാഫലം പരിഗണിക്കും.
എം.വി.ഡി ലീഡ്സ് ആപ്പിലെ സവിശേഷതകൾ
സിലബസ് ലഭ്യമാകും: ലേണേഴ്സ് ടെസ്റ്റിനും പ്രാക്ടിക്കൽ ടെസ്റ്റിനുമുള്ള സിലബസ് ആപ്പിൽ ലഭിക്കും.
റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റ്: ആപ്പിലെ മോക്ക് ടെസ്റ്റുകൾ പാസാകുന്നവർക്ക് ഓൺലൈനായി റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് നേടാം. ഈ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് നിർബന്ധിത റോഡ് സേഫ്റ്റി ക്ലാസുകളിൽ പങ്കെടുക്കേണ്ടതില്ല.
യാത്രാ ഇളവുകൾ: ആപ് ഡൗൺലോഡ് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ക്യു.ആർ കോഡ് കാണിച്ച് സ്വകാര്യ-കെ.എസ്.ആർ.ടി.സി. ബസുകളിൽ യാത്രാ ഇളവുകൾ ലഭിക്കും. ഇത് വിദ്യാർത്ഥികളിൽ റോഡ് സുരക്ഷയെക്കുറിച്ചുള്ള അവബോധം വളർത്താൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.











