
ദിലീപിന്റെ അറിവോടെ നിരവധി നടിമാരെ ആക്രമിച്ചിട്ടുണ്ടെന്ന് കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പൾസർ സുനി. നടിമാർക്കെതിരായ ലൈംഗികാതിക്രമങ്ങളെല്ലാം ഒത്തുതീർപ്പാക്കിയെന്നും പൾസർ സുനി പറയുന്നു. റിപ്പോർട്ടർ ടി വി സ്റ്റിംഗ് ഓപ്പറേഷനിലൂടെ ചിത്രീകരിച്ച പൾസർ സുനിയുടെ വെളിപ്പെടുത്തലിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. നടിമാർക്കെതിരായ എല്ലാ അതിക്രമങ്ങളും ദിലീപിന് അറിയാമായിരുന്നു എന്നാണ് പൾസർ സുനി പറയുന്നത്.
'ആ ലൈംഗിക അതിക്രമങ്ങൾ ഒത്തുതീർപ്പാക്കി. ആ ക്വട്ടേഷനുകൾ ദിലീപിന്റെ അറിവോടെയാണ്. എല്ലാ അതിക്രമങ്ങളും ദിലീപിന് അറിയാമായിരുന്നു. സിനിമയിൽ നടക്കുന്നത് എല്ലാവർക്കും അറിയാം. പക്ഷെ, ആരും ഒന്നും പറയില്ല. നിലനിൽപ്പാണ് എല്ലാ താരങ്ങളുടെയും പ്രശ്‌നം. ആരുടേയും സഹായം ആവശ്യമില്ലാത്തവർ തുറന്നുപറയും. റീമ കല്ലിങ്കലിനെപോലുള്ളവർ മാത്രമാണ് തുറന്നുപറയുക' എന്നും പൾസർ സുനി പറയുന്നു.
കൊച്ചിയിൽ ഓടുന്ന കാറിൽ നടിയെ ബലാത്സംഗം ചെയ്യാൻ ദിലീപാണ് തനിക്ക് ക്വട്ടേഷൻ നൽകിയതെന്നും പൾസർ സുനി വെളിപ്പെടുത്തിയിരുന്നു. ഈ കേസിൽ ഒന്നാം പ്രതിയാണ് സുനി. നടൻ ദിലീപും ഈ കേസിൽ പ്രതിയാണ്. ഒന്നര കോടി രൂപയ്ക്കാണ് താൻ ദിലീപിന്റെ ക്വട്ടേഷൻ ഏറ്റെടുത്തതെന്നും പൾസർ സുനി വെളിപ്പെടുത്തിയിരുന്നു. 80 ലക്ഷം രൂപ ദിലീപ് ഇനിയും നൽകാനുണ്ടെന്നാണ് സുനി പറയുന്നത്.











