11:52pm 15 September 2026
NEWS
സദാചാര വിചാരണ വീണ്ടും: റസീനയുടെ മരണകാരണം ആൾക്കൂട്ടവിചാരണയെന്ന് ആത്മഹത്യാക്കുറിപ്പ്
11/07/2025  06:50 PM IST
പ്രദീപ് ഉഷസ്സ്
സദാചാര വിചാരണ വീണ്ടും: റസീനയുടെ മരണകാരണം ആൾക്കൂട്ടവിചാരണയെന്ന് ആത്മഹത്യാക്കുറിപ്പ്

സദാചാര പോലീസ് ചമഞ്ഞെത്തിയ സാമൂഹ്യവിരുദ്ധരുടെ ആൾക്കൂട്ട വിചാരണയിൽ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം വിവാദമാകുന്നു. കണ്ണൂർ പിണറായിയിൽ, കായലോട് പറമ്പായിൽ റസീനാമൻസിലിൽ റസീനയെ(40) ആണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ആൾക്കൂട്ട വിചാരണമൂലമാണ് ആത്മഹത്യ ചെയ്തതെന്ന് രേഖപ്പെടുത്തിയ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ എസ്.ഡി.പി.ഐ പ്രവർത്തകരായ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എം.സി മൻസിൽ വി.ഡി. മുബഷീർ(28), കണിയാന്റെ വളപ്പിൽ കെ.എ.ഫൈസൽ(34), കൂടത്താൻ കണ്ടിയിൽ വി.കെ. റഫ്‌നാസ്(24) എന്നിവരാണ് അറസ്റ്റിലായത്. ഇവർ റിമാൻഡിലാണ്.

റസീനയുടെ ആത്മഹത്യാക്കുറിപ്പിൽ സംഭവത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ആണുള്ളത്. കായലോട് തച്ചങ്കര പള്ളിക്ക് സമീപം കാറിനരുകിൽ റസീന തന്റെ സുഹൃത്തിനോട് സംസാരിച്ചുനിൽക്കുന്നത് ചോദ്യം ചെയ്ത സദാചാര സംഘക്കാർ ഇരുവരേയും ദീർഘനേരം വളഞ്ഞ് വെച്ച് അധിക്ഷേപിച്ചു. റസീനയെ വീട്ടിലേക്ക് അയച്ചതിനുശേഷം മയ്യിൽ സ്വദേശിയായ യുവാവിനെ എസ്.ഡി.പി.ഐ ഓഫീസിൽ ബലം പ്രയോഗിച്ച് എത്തിക്കുകയും ക്രൂരമായി മർദ്ദിക്കുകയും, കൂട്ടവിചാരണ നടത്തുകയും ചെയ്തു. ഇവരുടെ ഫോണും, ടാബുമെല്ലാം ഇവർ ബലമായി പിടിച്ചെടുക്കുകയും ചെയ്തു. അഞ്ച് മണിക്കൂറോളം നീണ്ട ശാരീരിക, മാനസിക പീഡനങ്ങൾക്കുശേഷം, ഇരുവരുടേയും ബന്ധുക്കളെ വിളിച്ചുവരുത്തിയതിന് ശേഷമാണ് യുവാവിനെ സ്വതന്ത്രനാക്കിയത്.

തെളിവായി ആത്മഹത്യാക്കുറിപ്പ്

മൊബൈൽഫോണും, ടാബും തിരിച്ച് നൽകാൻ ഇവർ തയ്യാറായില്ല. മാത്രമല്ല, റസീനയുടെ വിദേശത്തുള്ള ഭർത്താവിനോടും, മറ്റ് ബന്ധുക്കളോടും വസ്തുതാപരമല്ലാത്ത അപവാദകഥകൾ പറഞ്ഞ് പരത്തുകയും ചെയ്തു. ഇതിന്റെ അപമാനഭാരം സഹിക്കാതെയാണ് റസീന ആത്മഹത്യ ചെയ്തത്. സദാചാര സംഘക്കാരുടെ പ്രവർത്തനങ്ങൾ മൂലം തന്റെ കുടുംബം തകരുമെന്ന ഭീതിയാണ് മരണത്തിന് കാരണമെന്ന് ആത്മഹത്യാക്കുറിപ്പിൽ വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. ഈ സംഘം തന്നെ മൃഗീയമായി ഭീഷണിപ്പെടുത്തുകയും, സ്ത്രീത്വത്തെ അപമാനിക്കുന്നവിധത്തിൽ സംഘടിതമായി ചോദ്യം ചെയ്തിരുന്നതായും, രേഖപ്പെടുത്തിയ റസീന സദാചാര സംഘത്തിലുണ്ടായിരുന്നവരുടെ പേരുകളും ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. തന്റെ മരണത്തിന് കാരണക്കാർ ഈ ആളുകൾ ആണെന്നും, താനുമായി സംസാരിച്ച യുവാവിന് ഒരു പങ്കും ഇല്ലെന്നും കുറിപ്പിൽ കൂട്ടിച്ചേർത്തിരുന്നു. റസീനയ്ക്ക് ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് മയ്യിൽ സ്വദേശി റഹീസ് പിണറായി പോലീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകിയിട്ടുണ്ട്.

അറസ്റ്റിലായവർക്ക് പുറമെ കൂടുതൽ ആളുകൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഇതുസംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്. എന്നാൽ ഈ സംഭവത്തിൽ എസ്.ഡി.പി.ഐയ്ക്ക് സംഘടനാപരമായി ഒരു ബന്ധവുമില്ലെന്നാണ് പാർട്ടി നേതൃത്വം നൽകുന്ന വിശദീകരണം.

പ്രതികളെ വെള്ളപൂശി ബന്ധുക്കൾ

അറസ്റ്റിലായ എസ്.ഡി.പി.ഐ പ്രവർത്തകർ, റസീനയുടെ കുടുംബവുമായി ബന്ധമുള്ളവർ ആണെന്ന വിവരവും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഇതിനെ തുടർന്നാണ് അറസ്റ്റിലായ പ്രതികളെ സംരക്ഷിക്കുന്ന വിധത്തിലുള്ള പ്രതികരണങ്ങളുമായി റസീനയുടെ മാതാവ് ഫാത്തിമ രംഗത്തുവന്നത്. അറസ്റ്റിലായവർ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന വാദമാണ് ഇവരുടേത്. ബന്ധുക്കളായതിനാൽ റസീനയെ ഉപദേശിക്കുകയാണ് ചെയ്തതെന്നാണ് ഇവരുടെ വിശദീകരണം. മകളുടെ മരണത്തിന് കാരണക്കാരൻ യുവാവ് ആയിരുന്നുവെന്നും, ഇതുവഴി ഒട്ടേറെ പണവും, സ്വർണ്ണവും മകൾക്ക് നഷ്ടമായിട്ടുണ്ടെന്നും ഇവർ ആരോപിക്കുന്നുമുണ്ട്.

റസീനയുടെ വീട്ടുകാർ ഇപ്പോൾ നടത്തുന്ന പ്രതികരണങ്ങളിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമാണ് ഇപ്പോൾ ഉയരുന്നത്. മയ്യിൽ സ്വദേശിയായ യുവാവിനെ എസ്.ഡി.പി.ഐ ഓഫീസിൽ എത്തിച്ചതിന് ശേഷമുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പാർട്ടി ഓഫീസിൽ എത്തിയവരിൽ റസീനയുടെ വീട്ടുകാരും അടുത്തബന്ധുക്കളും ഉണ്ടെന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അവർ കൂടി കേസിൽ ഉൾപ്പെടുമെന്ന ഭീതികൊണ്ടാണ് റസീനയുടെ വീട്ടുകാർ ഈവിധം വാദമുഖങ്ങൾ ഉയർത്തുന്നതെന്ന ആരോപണവും വളരെ ശക്തമാണ്. എന്നാൽ വീട്ടുകാരുടെ വാക്കുകൾ പൂർണ്ണമായി തള്ളിയിരിക്കുകയാണ് അന്വേഷണസംഘം.

റസീനയുടെ പണമോ, സ്വർണ്ണമോ തട്ടിയെടുത്തതായി ഇന്നേവരെ ഒരു പരാതിയും ഉണ്ടായിട്ടില്ല. യുവാവിനെതിരെ പരാതിയുണ്ടെങ്കിൽ അത് പോലീസിൽ അറിയിക്കുകയായിരുന്നു വേണ്ടത്. അതിന് പകരം ചിലയാളുകൾ ചേർന്ന് തടഞ്ഞുവെച്ച്, ഭീഷണിപ്പെടുത്തുകയും, മൃഗീയമായി കടന്നാക്രമിക്കുകയുമാണ് ഉണ്ടായത്. യുവതിയേയും മാനസികമായി വേട്ടയാടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിലുള്ള മനോവിഷമമാണ് മരണത്തിന് കാരണമെന്ന്, വ്യക്തമായ പേരുകൾ സഹിതമാണ് റസീനയുടെ ആത്മഹത്യാക്കുറിപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഈവിധത്തിലാണ് പോലീസധികൃതർ നൽകുന്ന വിശദീകരണം.

റസീനയുടെ മരണത്തിൽ എസ്.ഡി.പി.ഐ പ്രവർത്തകർക്ക് പങ്കില്ലെന്ന്, മാതാവ് തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ എസ്.ഡി.പി.ഐ പ്രവർത്തകർക്കെതിരെ പോലീസ് എടുത്ത കേസ് പിൻവലിക്കണമെന്ന ആവശ്യവുമായി എസ്.ഡി.പി.ഐ കണ്ണൂർ ജില്ലാപ്രസിഡന്റ് ബഷീർ കണ്ണാടിപ്പറമ്പ് രംഗത്തെത്തിയിട്ടുണ്ട്. 'ഭർത്തൃമതിയായ യുവതിയെ, ആൺസുഹൃത്ത് സാമ്പത്തികമായി ചൂഷണം ചെയ്തതിനെ, ചോദ്യം ചെയ്യുകയാണ് ഉണ്ടായത്. കോൺഗ്രസിന്റേയും, ലീഗിന്റേയും നേതാക്കളുടേയും, മഹല്ല് ഭാരവാഹികളുടേയും സാന്നിധ്യത്തിൽ നടന്ന ചർച്ചയെയാണ് ആൾക്കൂട്ട വിചാരണ എന്ന് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. യുവതിയുടെ ബന്ധുക്കൾ ഇടപെട്ട വിഷയത്തെ രാഷ്ട്രീയവൽക്കരിച്ച് എസ്.ഡി.പി.ഐയെ പ്രതിക്കൂട്ടിലാക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്...'

അമിതാധികാരപ്രവണതയാൽ, നിയമം കയ്യിലെടുക്കാനുള്ള നീക്കമാണ് കായലോട് നടന്നതെന്നത് വ്യക്തം. ഭർത്തൃമതിയായ ഒരു യുവതിയെ തന്റെ സുഹൃത്തിനൊപ്പം സഞ്ചരിക്കാനോ, സംസാരിക്കാനോ അനുവദിക്കില്ലെന്ന ധാർഷ്ട്യം പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്നതേയല്ല. നിയമവാഴ്ചയേയും, പോലീസ് സംവിധാനങ്ങളേയും വെല്ലുവിളിച്ചുകൊണ്ടാണ്,  ഈ യുവതിയേയും, സുഹൃത്തിനേയും ശാരീരികവും, മാനസികവുമായി ഇവർ വേട്ടയാടിയതെന്ന് തെളിവുകൾ സഹിതം വ്യക്തമായി കഴിഞ്ഞിട്ടുമുണ്ട്.

പ്രതികളെ വെള്ളപൂശുന്ന സമീപനവുമായി പലരും രംഗത്ത് വന്നിട്ടും അന്വേഷണസംഘം ആവിധം വാദമുഖങ്ങളെയെല്ലാം തള്ളിക്കളയുന്നതും അതുകൊണ്ടുതന്നെയാണ്. ആൾകൂട്ട വിചാരണയാൽ, റസീനയ്ക്ക് ജീവനൊടുക്കേണ്ടി വന്ന സംഭവത്തിലെ മുഴുവൻ കുറ്റവാളികളേയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന ആവശ്യമാണ് കക്ഷിരാഷ്ട്രീയഭേദമെന്യേ വിവിധ കോണുകളിൽ നിന്നും ഇപ്പോൾ ശക്തമായി ഉയർന്നുകൊണ്ടിരിക്കുന്നത്.

ആത്മഹത്യയല്ല; ആൾക്കൂട്ട കൊലപാതകം തന്നെ..
പി.കെ. ശ്രീമതി (ദേശീയ പ്രസിഡന്റ്, ജനാധിപത്യ മഹിളാ അസോസിയേഷൻ)

'തീവ്രവാദ പ്രവർത്തനത്തിന്റെ ഭീകരതകൾ വ്യക്തമാക്കുന്ന സംഭവമാണ് കായലോട്ട് നടന്നത്. യഥാർത്ഥത്തിൽ ഇത് ആത്മഹത്യയല്ല, ആൾക്കൂട്ട കൊലപാതകം തന്നെയാണ്. ഭർത്താവിനോട് അല്ലാതെ, മറ്റൊരാളോട് ഒരു മുസ്ലീം സ്ത്രീ സംസാരിക്കാൻ പാടില്ല എന്ന വിധത്തിലുള്ള ചിലരുടെ ചിന്താഗതി താലിബാനിസമാണ്. അത് ഒരിക്കലും അംഗീകരിക്കാനാവില്ല.' ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റ് പി.കെ. ശ്രീമതി പറഞ്ഞു. റസീനയുടെ മരണത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
അതിഭീകരമായ മാനസിക പീഡനമാണ് റസീനയ്ക്ക് നേരിടേണ്ടി വന്നത്. നാടിനെ അരാജകത്വത്തിലേക്ക് നയിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല. ഈവിധത്തിലുള്ള ഭീകരവാദ, വർഗ്ഗീയ പ്രവർത്തനങ്ങൾ കേരളത്തിന്റെ മണ്ണിൽ നടപ്പാക്കാൻ അനുവദിക്കില്ല.. സംഭവത്തിൽ കുറ്റക്കാരായ മുഴുവൻ പേരെയും കണ്ടെത്തി അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരികതന്നെ വേണം.' പി.കെ. ശ്രീമതി കൂട്ടിച്ചേർത്തു.

ആത്മഹത്യക്ക് പിന്നിൽ സദാചാര ഗുണ്ടായിസം
പി. നിധിൻരാജ് (കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ)

റസീനയുടെ മരണത്തിന് കാരണമായത് സദാചാര ഗുണ്ടായിസം തന്നെയാണെന്നും, വ്യക്തമായി ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്നും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻ രാജ് പറഞ്ഞു. മകളുടെ മരണത്തെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തവർ നിരപരാധികളാണെന്ന റസീനയുടെ മാതാവ് ഫാത്തിമയുടെ വാക്കുകളെ പൂർണ്ണമായും തള്ളിക്കൊണ്ടാണ് പോലീസ് കമ്മീഷണർ ഇക്കാര്യം വ്യക്തമാക്കിയത്.

സുഹൃത്തുമായി റസീന സംസാരിച്ച് നിൽക്കെ, ഒരു സംഘം ഇവരെ വളയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. ഇവർ അപഹരിച്ച മൊബൈൽ ഫോണും മറ്റും പ്രതികളിൽ നിന്നും കണ്ടെടുത്തിട്ടുമുണ്ട്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്ന കാര്യവും പോലീസ് സംഘം അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img