09:32am 11 November 2026
NEWS
ചന്ദ്രൻ ഭൂമിയിൽ നിന്നും അകലുകയാണ്; കാരണം കടൽ..
17/09/2025  04:05 PM IST
nila
ചന്ദ്രൻ ഭൂമിയിൽ നിന്നും അകലുകയാണ്; കാരണം കടൽ..

ചന്ദ്രൻ ഭൂമിയിൽ നിന്നും അകലുകയാണെന്ന് ​ഗവേഷകൻ. മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പോസ്റ്റ്ഡോക്ടറൽ ഗവേഷകനായ സ്റ്റീഫൻ ഡികെർബിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ചന്ദ്രൻ ഓരോ വർഷവും ഭൂമിയിൽ നിന്ന് ഒന്നര ഇഞ്ച് (3.8 സെന്റീമീറ്റർ) അകന്നു പോകുന്നതായി  ഭൗതികശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും പോസ്റ്റ്ഡോക്ടറൽ ഗവേഷകനായ സ്റ്റീഫൻ ഡികെർബി പറയുന്നു. ഭൂമിയുടെ ഏക പ്രകൃതിദത്ത ഉപ​ഗ്രഹമായ ചന്ദ്രൻ എന്തുകൊണ്ടാണ് ഭൂമിയിൽ നിന്നും അകലുന്നത് എന്നും സ്റ്റീഫൻ ഡികെർബി വ്യക്തമാക്കുന്നുണ്ട്. 

ഭൂമിയിലെ വേലിയേറ്റത്തിന്റെ (ടൈഡൽ ഫോഴ്സ്) ​ഗുരുത്വാകർഷണം ചന്ദ്രനെ മുന്നോട്ട് തള്ളുന്നു എന്നാണ് സ്റ്റീഫൻ ഡികെർബി തന്റെ ലേഖനത്തിൽ പറയുന്നത്. ടൈഡൽ ഫോഴ്സ് ചന്ദ്രന്റെ ഭ്രമണപഥത്തിന്റെ വലുപ്പം വർദ്ധിപ്പിക്കുന്നു. അതായത്, ചന്ദ്രൻ ഭൂമിയിൽ നിന്ന് അൽപം അകലുന്നു. ഈ പ്രഭാവം വളരെ ക്രമേണയാണ് നടക്കുകയെന്നും വർഷങ്ങളിൽ നേരിയ രീതിയിൽ മാത്രമേ ഇത് കണ്ടെത്താനാകൂവെന്നും പറയുന്നു.

ഗുരുത്വാകർഷണത്തിലെ വ്യത്യാസം മൂലമാണ് വേലിയേറ്റങ്ങൾ ഉണ്ടാകുന്നത്. ചന്ദ്രൻ പ്രയോഗിക്കുന്ന ഗുരുത്വാകർഷണ ബലം ഭൂമിയുമായി അഭിമുഖമായി നിൽക്കുന്ന വശത്ത് ഏകദേശം 4 ശതമാനം കൂടുതലാണ്. ഈ വ്യത്യാസം സമുദ്രജലം രണ്ടു ബൾജുകൾ (bulges) രൂപത്തിൽ ഉയരാൻ കാരണമാകുന്നു. ഒന്ന് ചന്ദ്രന്റെ ദിശയിലേക്കും, മറ്റൊന്ന് മറുവശത്തേക്കും. ഭൂമി ചുറ്റുമ്പോൾ, ഈ ജലബൾജുകൾ ചന്ദ്രന്റെ ഗുരുത്വാകർഷണത്താൽ തുടർച്ചയായി ചന്ദ്രന്റെ ദിശയിലേക്കാണ് തിരിഞ്ഞുനിൽക്കുന്നത്. ന്യൂയോർക്ക്, ലോസ് ആഞ്ചലസ് പോലെയുള്ള നഗരങ്ങളിൽ, ഈ പ്രതിഭാസം കാരണം വെള്ളത്തിന്റെ നില ഏകദേശം 5 അടി വരെ മാറാറുണ്ട്. എന്നാൽ, ഭൂമി വേഗത്തിൽ ഭ്രമണം ചെയ്യുന്നതിനാൽ, ഈ ബൾജുകൾ ചന്ദ്രനോടൊപ്പമല്ലാതെ അൽപ്പം മുന്നിലായി നിലകൊള്ളുന്നു. അങ്ങനെ ഉണ്ടാകുന്ന ജലബൾജുകൾ തിരിച്ചും ചന്ദ്രനിൽ ​ഗുരുത്വാകർഷണം ചെലുത്തുന്നു. ഈ പ്രതിഭാസം ചന്ദ്രനെ ഭൂമിയുടെ കേന്ദ്രത്തിലേക്ക് വലിക്കുക മാത്രമല്ല, അതിന്റെ ഭ്രമണപഥത്തിലൂടെ മുന്നോട്ടും തള്ളുന്നു. ഒരു സ്പോർട്സ് കാർ വളവിൽ ചുറ്റുമ്പോൾ ലഭിക്കുന്ന അധിക വേഗത പോലെയാണ് ഈ പ്രതിഭാസം. ഈ മുന്നോട്ടുള്ള തള്ളൽ കാരണം, ചന്ദ്രൻ അൽപം വേഗത വർധിപ്പിച്ച്, ഭ്രമണപഥം വലുതാക്കുകയും ഭൂമിയിൽ നിന്ന് അൽപം അകലുകയും ചെയ്യുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img