11:05am 13 November 2026
NEWS
മൂലംപള്ളി പാക്കേജ്: തിരുവഞ്ചൂരിന്റെ മാഗ്നാകാർട്ടായക്ക ഒരു ദശാബ്ദം . പുനരധിവാസം ഇനിയെങ്കിലും പൂർത്തിയാക്കണം.
05/06/2026  04:27 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
മൂലംപള്ളി പാക്കേജ്:  തിരുവഞ്ചൂരിന്റെ മാഗ്നാകാർട്ടായക്ക ഒരു ദശാബ്ദം . പുനരധിവാസം ഇനിയെങ്കിലും പൂർത്തിയാക്കണം.

 

കൊച്ചി : സർക്കാർ പുനരധിവാസം ഉറപ്പാക്കാതെ  പുരയിടങ്ങൾ ഏറ്റെടുത്ത കുടുംബങ്ങളുടെ    പ്രശ്നങ്ങൾ പരിഹരിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ റവന്യൂ മന്ത്രി എന്ന നിലയിൽ നിരീക്ഷണ സമിതി സംവിധാനം വിജ്ഞാപനം ചെയ്തിട്ട് ഇന്ന് (06/06/2026) ഒരു ദശാബ്ദം തികയുന്നു. വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ടെർമിനലിന് വേണ്ടി 2008 ൽ കിടപ്പാടങ്ങൾ നഷ്ടപ്പെട്ട 316 കുടുംബങ്ങളുടെ മാഗ്നാ കാർട്ടാ എന്ന  വിശേഷിപ്പിക്കാവുന്ന സർക്കാർ ഉത്തരവിന് ശേഷമാണ്  പുനരധിവാസ പാക്കേജിൻ്റെ ആനുകൂല്യങ്ങൾ മുളവുകാട്, മൂലംപള്ളി, കോതാട് , ചേരാനല്ലൂർ, എലൂർ, മഞ്ഞുമ്മൽ, വെസ്റ്റ് കടുങ്ങല്ലൂർ, വടുതല, ഇളമക്കര, പോണേക്കര തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും വീടുകൾ ഒഴിയേണ്ടി വന്ന കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ ഭാഗികമായെങ്കിലും ലഭിച്ചു തുടങ്ങിയത്. പ്രക്ഷോഭണത്തിന്റെ സമ്മർദ്ദത്തെ തുടർന്ന് സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കുവാൻ 2008ൽ എൽഡിഎഫ് ഗവൺമെൻ്റ് പുനരധിവാസ പാക്കേജ് വിജ്ഞാപനം ചെയ്യുവാൻ നിർബന്ധിതമായെങ്കിലും  നടപ്പിലാക്കാൻ തയ്യാറായില്ല. തുടർന്ന് 2011ൽ അധികാരത്തിൽ വന്ന ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ പുനരധിവാസ ആനുകൂല്യങ്ങൾ നൽകുവാൻ പ്രതിജ്ഞാബദ്ധമാണ് എന്ന പ്രഖ്യാപിക്കുകയും ഫലപ്രദമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ പത്തുവർഷം അധികാരത്തിലിരുന്ന സർക്കാർ ഈ പ്രക്രിയ പൂർത്തിയാക്കുവാൻ ഫലപ്രദമായി ഒന്നും ചെയ്തില്ല എന്ന് മാത്രമല്ല നിരീക്ഷണ സമിതിയുടെ തീരുമാനങ്ങൾ പൂർണ്ണമായും അവഗണിക്കുകയും പ്രവർത്തനങ്ങൾ മരവിപ്പിക്കുകയാണ് ഉണ്ടായത്. നിരീക്ഷണ സമിതിയുടെ ചെയർമാൻ എന്ന നിലയിൽ ജില്ലാ കളക്ടർ സർക്കാരിന് അയച്ച  കത്തുകൾ പോലും അർഹമായ ഗൗരവത്തോടെ പരിഗണിക്കപ്പെട്ടില്ല. കൊച്ചിൻ പോർട്ടിന്റെ പദ്ധതിക്കു വേണ്ടി കിടപ്പാടങ്ങൾ വിട്ടുകൊടുത്ത കുടുംബങ്ങൾക്ക് തൊഴിൽ നൽകുമെന്നുള്ള ഉത്തരവുപോലും തടഞ്ഞുവെക്കപ്പെട്ടു . പുനരധിവാസത്തിനായി കണ്ടെത്തിയ ഏഴ് സൈറ്റുകളിൽ അഞ്ചു സൈറ്റുകളും ചതുപ്പ് പ്രദേശങ്ങൾ ആയതുകൊണ്ട് സുരക്ഷിതമായി കെട്ടിടങ്ങൾ പണിയാൻ പറ്റില്ലെന്ന് പിഡബ്ല്യുഡി റിപ്പോർട്ട് നൽകിയിട്ട് പോലും സർക്കാർ അനങ്ങിയില്ല . ബഹുമാനപ്പെട്ട കേരള ഹൈക്കോടതി 2008 ജൂലൈ നാലിന് പുറപ്പെടുവിച്ച പ്രധാന വിധിയും  നടപ്പിലാക്കിയില്ല . കിടപ്പാടങ്ങൾ  നഷ്ടപ്പെട്ട കുടുംബങ്ങളുടെ   വേദനകളും യാതനകളും സർക്കാർ സംവിധാനത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കുവാൻ ഉള്ള വേദിയാണ് നിരീക്ഷണ സമിതി. ഈ സംവിധാനം പോലും രാഷ്ട്രീയമായ ഇച്ഛാശക്തിയുടെ അഭാവം മൂലം അട്ടിമറിക്കപ്പെട്ടു . വികസനത്തിന്റെ നേട്ടങ്ങൾ പുരയിടങ്ങൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് കിട്ടാക്കനിയായി  ഇന്നും തുടരുന്നു .  അനുകൂല്യങ്ങൾ ലഭിക്കാതെ ഇതിനകം 43 വ്യക്തികൾ മൺമറഞ്ഞു. നിരവധി ആളുകൾ കിടപ്പു രോഗികളായി. പോലീസ് പ്രയോഗത്തിന്റെ   കഷ്ടതകൾ ഇപ്പോഴും വേട്ടയാടുന്നു . പല കുടുംബങ്ങളും കിട്ടാക്കടങ്ങളിലും ജപ്തി നടപടികളിലും കുടുങ്ങി വിഷമിക്കുകയാണ്. യുഡിഎഫ് ഗവൺമെൻറ് ഇനിയെങ്കിലും പാക്കേജിന്റെ ഫലപ്രദമായ നടത്തിപ്പിന് കാര്യക്ഷമമായ നടപടികൾ സ്വീകരിക്കണമെന്ന് കോർഡിനേഷൻ കമ്മിറ്റിക്കു വേണ്ടി പ്രൊഫസർ കെ അരവിന്ദാക്ഷൻ,
അഡ്വക്കേറ്റ് സി.ആർ. നീലകണ്ഠൻ, ഫ്രാൻസിസ് കളത്തുങ്കൽ, വി.പി. വിൽസൺ, കെ. രജികുമാർ, കുരുവിള മാത്യൂസ്, ഏലൂർ ഗോപിനാഥ്. മൈക്കിൾ പി.എം, സുരേഷ് മുളവുകാട്, ഓസ്റ്റിൻ മൂലംമ്പിള്ളി,  ജോർജ് അമ്പാട്ട്, ഉണ്ണികൃഷ്ണൻ കടുങ്ങല്ലൂർ, എൻ.കെ. സാബു, വി.ഡി മാർട്ടിൻ, ജമാൽ മേലാത്ത് എന്നിവർ ആവശ്യപ്പെട്ടു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img