
ആലുവ : ഏലൂർ വില്ലേജിൽ മഞ്ഞുമ്മലിൽ ഉണ്ടായിരുന്ന ചെറുകിട വ്യവസായ യൂണിറ്റും 17 സെൻ്റ് സ്ഥലവും 2008 ൽ കണ്ടെയ്നർ റോഡിൻ്റെ നിർമ്മാണത്തിന് വേണ്ടി വിട്ടുകൊടുത്ത ലില്ലി ജോസഫിന്റെ കുടുംബത്തിന് അർഹമായ പുനരധിവാസം നൽകും എന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രിയും കളമശ്ശേരി എംഎൽഎയുമായ വി.ഇ. അബ്ദുൾ ഗഫൂർ പ്രസ്താവിച്ചു. തന്നെ സന്ദർശിച്ച നിവേദനം സമർപ്പിച്ച പ്രതിനിധി സംഘത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഗവർമെന്റിന്റെ കാലത്ത് ഈ കുടുംബത്തിൻ്റെ വിഷയം ജില്ലാ കളക്ടർ അധ്യക്ഷനായിട്ടുള്ള പാക്കേജ് നിർവഹണ സമിതിയിൽ നിരവധി തവണ കോർഡിനേഷൻ കമ്മിറ്റി ഉന്നയിച്ചിരുന്നു. കാര്യമായ പുരോഗതിയില്ലാത്ത പശ്ചാത്തലത്തിലാണ് നിരീക്ഷണ സമിതി അംഗങ്ങൾ മന്ത്രിയെ നേരിൽ കണ്ട് കുടുംബത്തിന്റെ അപേക്ഷ സമർപ്പിച്ചത്. സർക്കാർതലത്തിൽ നിർദ്ദേശം ഉണ്ടെങ്കിൽ ആനുകൂല്യങ്ങൾ കൊടുക്കുവാൻ നടപടികൾ സ്വീകരിക്കാൻ സന്നദ്ധമാണെന്ന് നിരീക്ഷണ സമിതിയുടെ യോഗത്തിൽ ജില്ലാ കളക്ടർ തീരുമാനമെടുത്തിരുന്നു. ഈ തീരുമാനപ്രകാരമാണ് സമിതിയുടെ അംഗങ്ങളായ അഡ്വക്കേറ്റ് സി ആർ നീലകണ്ഠൻ, കെ റെജികുമാർ, ഫ്രാൻസിസ് കളത്തിങ്കലും വരാപ്പുഴ അതിരൂപത രാഷ്ട്രീയ കാര്യ സമിതി ചെയർമാൻ ഫാദർ ഫ്രാൻസിസ് സേവ്യർ താന്നിക്കപ്പറമ്പിലും, ജൂലിയൻ ജെയിംസ്, സിലിയ ഫെലിക്സ് എന്നിവർ അടങ്ങുന്ന പ്രതിനിധി സംഘം മന്ത്രിയെ വസതിയിൽ സന്ദർശിച്ചത്.
Photo Courtesy - Google










