
തൊടുപുഴ: അറ്റകുറ്റപ്പണികൾക്കായി മൂലമറ്റം ഹൈഡ്രോ ഇലക്ട്രിക് നിലയത്തിലെ ആറ് ജനറേറ്ററുകളും ഇന്നലെ രാത്രി ഒൻപതോടെ പ്രവർത്തനം നിർത്തി. തുടർന്ന് കുളമാവിലെ ഇൻടേക് വാൽവിന്റെ ഷട്ടർ അടച്ചതോടെ വെള്ളത്തിന്റെ ഒഴുക്ക് താത്കാലികമായി നിർത്തി. പുലർച്ചെ രണ്ടോടെ ഒരു ജനറേറ്റർ പ്രവർത്തിപ്പിച്ച് പെൻസ്റ്റോക്കിലെ വെള്ളം ഒഴുക്കിക്കളഞ്ഞു. ഇന്ന് രാവിലെ ഒൻപതിന് അറ്റകുറ്റപ്പണികൾ ആരംഭിക്കും. 5, 6 ജനറേറ്ററുകളുടെ അപ്സ്ട്രീം സീലുകളുടെ അറ്റകുറ്റപ്പണിക്കായാണ് നിലയം അടച്ചിടുന്നത്. പണികൾ പൂർത്തിയാകാൻ ഏകദേശം ഒരു മാസം വേണ്ടിവരുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
നിലയം അടച്ചതിനെത്തുടർന്ന് തൊടുപുഴയും സമീപ പ്രദേശങ്ങളുമുൾപ്പെടെ നാല് ജില്ലകളിലായി ജലവിതരണത്തിൽ തടസ്സം പ്രതീക്ഷിക്കുന്നു. ആലപ്പുഴയിലെ ചേർത്തല താലൂക്കിലെ 18 പഞ്ചായത്തുകളിലും ചേർത്തല നഗരസഭയിലും ശുദ്ധജല വിതരണത്തിൽ മുടക്കം നേരിടാൻ സാധ്യതയുണ്ടെന്ന് ജല അതോറിറ്റി അറിയിച്ചു. മൂവാറ്റുപുഴയാറിലെ ജലനിരപ്പ് താഴുന്നതിനാൽ, ആറിനെ ആശ്രയിച്ചുള്ള കോട്ടയം ജില്ലയിലെ വൈക്കം മേഖലയിലെയും എറണാകുളത്തിലെ ചില പ്രദേശങ്ങളിലെയും ജലവിതരണവും ബാധിക്കാനിടയുണ്ട്.











