കൊച്ചി : വല്ലാർപാടം പദ്ധതിക്ക് വേണ്ടി 2008 ൽ കുടിയിറക്കപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസത്തിനായി കണ്ടെത്തിയ വടുതലയിലെ സൈറ്റിൽ സംരക്ഷണഭിത്തി നിർമ്മിക്കുവാനുള്ള ഫണ്ട് ജില്ലാ കളക്ടർ അനുവദിച്ചു. വടുതല, ചേരാനല്ലൂർ പ്രദേശങ്ങളിൽ നിന്ന് കിടപ്പാടങ്ങൾ നഷ്ടപ്പെട്ട 104 കുടുംബങ്ങൾക്കാണ് പ്രക്ഷോഭണത്തെ തുടർന്ന് നാലും അഞ്ചും സെന്റുകൾ വീതം ഉള്ള പ്ലോട്ടുകൾ വീടുകൾ നിർമ്മിക്കുവാൻ സർക്കാർ അനുവദിച്ചത് . വേമ്പനാട്ട് കായൽ അതിരിടുന്ന സൈറ്റിലെ 4 പ്ലോട്ടുകൾക്ക് സംരക്ഷണ ഭിത്തി ഇല്ലാത്തതുകൊണ്ട് വേലിയേറ്റ സമയത്ത് വെള്ളം കയറുന്നത് കെട്ടിടങ്ങളുടെ സുരക്ഷിതത്തെ ബാധിച്ച സാഹചര്യത്തിൽ കോർഡിനേഷൻ കമ്മിറ്റിയും വരാപ്പുഴ അതിരൂപത രാഷ്ട്രീയ കാര്യ സമിതിയും ഈ വിഷയം ജില്ലാ കളക്ടറുടെ മുമ്പാകെ ഉന്നയിച്ചത്. കളക്ടർ നേതൃത്വം നൽകുന്ന നിരീക്ഷണ സമിതിയുടെ തീരുമാന പ്രകാരം മേജർ ഇറിഗേഷൻ വകുപ്പ് അസിസ്റ്റൻ്റ് എഞ്ചിനീയറാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 20 ലക്ഷം രൂപയാണ് ഇതിനു വേണ്ടി അനുവദിച്ചിരിക്കുന്നത്. വല്ലാർപാടം പദ്ധതിയുടെ ഗുണഭോക്താക്കളായ കൊച്ചിൻ പോർട്ട് അതോറിറ്റി പുനരധിവാസ ആവശ്യങ്ങൾക്ക് വേണ്ടി ജില്ലാ ഭരണകൂടത്തിൻ്റെ ഫണ്ടിലേക്ക് ഇതിനകം നിക്ഷേപിച്ചിട്ടുള്ളതിൽ നിന്നാണ് ഈ തുക അനുവദിച്ചത് എന്ന് 03/11/2026ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കൂടിയ പ്രൊസീഡിങ്സ് (നടപടിക്രമം) വ്യക്തമാകുന്ന.








