
കൊച്ചി: സി.എം.ആർ.എല്ലും വീണാ വിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസിൽ മുൻമുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷനേതാവുമായ പിണറായി വിജയനെ ചോദ്യംചെയ്യാനുള്ള നടപടികളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്നോട്ട്. സമൻസ് പ്രകാരം ഈ മാസം 23ന് അദ്ദേഹം ഹാജരാകുമോയെന്നതിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഇ.ഡിയുടെ നീക്കം.
വെള്ളിയാഴ്ച തപാലിൽ സമൻസ് അയച്ചതിനു പിന്നാലെ തിരുവനന്തപുരത്തെ വസതിയിലും സമൻസ് പതിച്ചു. സമൻസ് ലഭിച്ചില്ലെന്ന വാദം ഒഴിവാക്കാനാണ് ഈ നടപടിയെന്നാണ് വിവരം. നിശ്ചയിച്ച ദിവസം ഹാജരായില്ലെങ്കിലും പിന്നീട് ചോദ്യംചെയ്യൽ ഉറപ്പാക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കമെന്നാണ് റിപ്പോർട്ട്.
ചോദ്യംചെയ്യലിൽ ഇ.ഡിയുടെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തേക്കും. കേസിന്റെ മേൽനോട്ടം വഹിക്കുന്ന ചെന്നൈ ദക്ഷിണമേഖലാ സ്പെഷ്യൽ ഡയറക്ടർ പ്രകാശ്കുമാർ നേരിട്ടോ ഓൺലൈനായോ പങ്കെടുക്കുമെന്നാണ് സൂചന. ഇ.ഡി ഡയറക്ടർ രാഹുൽ നവീൻ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാകും തുടർനടപടികളെന്നും റിപ്പോർട്ടുണ്ട്.
കേസിൽ പിണറായി വിജയനെ ഒന്നാംപ്രതിയാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേട് ആരോപണങ്ങളാണ് അന്വേഷണത്തിന്റെ കേന്ദ്രവിഷയം.










