07:42pm 07 November 2026
NEWS
‘ഓഫീസ് നിർമാണം, പഠനശിബിരം’; എറണാകുളത്തും ബിജെപിയിൽ പണപ്പിരിവ് വിവാദം
09/09/2026  10:23 AM IST
nila
‘ഓഫീസ് നിർമാണം, പഠനശിബിരം’; എറണാകുളത്തും ബിജെപിയിൽ പണപ്പിരിവ് വിവാദം

കൊച്ചി: തിരഞ്ഞെടുപ്പ് ഫണ്ട് വിവാദത്തിന് പിന്നാലെ എറണാകുളത്തും ബിജെപിയിൽ പണപ്പിരിവിനെച്ചൊല്ലി ആരോപണങ്ങൾ. കടവന്ത്ര മേഖലാ ഓഫീസ് നിർമാണത്തിന്റെയും നേതാക്കൾക്കായുള്ള പഠനശിബിരത്തിന്റെയും പേരിൽ വൻതോതിൽ പണം പിരിച്ചെന്ന ആരോപണമാണ് പാർട്ടിക്കുള്ളിൽ ഉയരുന്നത്. പണപ്പിരിവിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ബിജെപി നേതാവ് സംഘടനാ വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവച്ച ശബ്ദസന്ദേശം പുറത്തുവന്നതോടെയാണ് വിവാദം ശക്തമായത്.

കടവന്ത്രയിലെ മേഖലാ ഓഫീസ് നിർമാണത്തിനും പഠനശിബിരത്തിനുമായി വ്യാപകമായി പണം സമാഹരിച്ചതായാണ് ആരോപണം. പരിപാടികളുടെ സംഘടനാ ചുമതലയില്ലാത്തവർ പോലും പണപ്പിരിവിനായി രംഗത്തിറങ്ങിയെന്നും ഒരു വിഭാഗം നേതാക്കൾ ആരോപിക്കുന്നു.

പിരിച്ചെടുത്ത തുകയുടെ മുഴുവൻ ഭാഗവും പാർട്ടി അക്കൗണ്ടിൽ എത്തിയില്ലെന്നതാണ് പ്രധാന ആരോപണം. പണത്തിന്റെ ഒരു വിഹിതം ചില നേതാക്കളുടെ കൈകളിലെത്തിയെന്നും പാർട്ടിക്കുള്ളിൽ ആരോപണമുണ്ട്. ജില്ലാ നേതാക്കളുടെ വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിച്ച ശബ്ദസന്ദേശത്തിലും ഇതുസംബന്ധിച്ച ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്.

അതേസമയം, കടവന്ത്രയിലെ ബിജെപി മേഖലാ ഓഫീസ് നിർമാണം വൈകുന്നതും പാർട്ടിക്കുള്ളിൽ അഭിപ്രായഭിന്നത രൂക്ഷമാക്കിയിട്ടുണ്ട്. 4.60 കോടി രൂപയാണ് നിർമാണച്ചെലവായി കണക്കാക്കിയിരിക്കുന്നത്. ഇതിൽ 3 കോടി രൂപ കേന്ദ്ര നേതൃത്വം നൽകിയതായാണ് വിവരം. ശേഷിക്കുന്ന തുക പ്രാദേശിക തലത്തിൽ നിന്ന് കണ്ടെത്താനാണ് നീക്കം.

ഈ തുക സമാഹരിക്കുന്നതിന്റെ പേരിലാണ് വ്യാപകമായ പണപ്പിരിവ് നടന്നതെന്ന ആരോപണം ഉയർന്നിരിക്കുന്നത്. നേരത്തെ തിരഞ്ഞെടുപ്പ് ഫണ്ട് സംബന്ധിച്ച ആരോപണങ്ങൾ ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു. അതിനു പിന്നാലെയാണ് കൊച്ചിയിൽ പാർട്ടിക്കുള്ളിൽ പുതിയ പണപ്പിരിവ് വിവാദം തലപൊക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img