
തിരുവനന്തപുരം: തങ്ങളുടെ വിവാഹത്തെ കുറിച്ച് ചിലർ ഉന്നയിക്കുന്ന “ലൗ ജിഹാദ്” ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സോഷ്യൽ മീഡിയയിൽ വൈറലായ താരം മൊണാലിസ ഭോസ്‌ലെ വ്യക്തമാക്കി. വിവാഹം തങ്ങളുടെ പരസ്പര തീരുമാനമാണെന്നും അതിൽ മതപരമായ യാതൊരു നിർബന്ധവും ഇല്ലെന്നും അവർ പറഞ്ഞു.
എല്ലാവരുടെയും അനുഗ്രഹത്തോടെയാണ് തങ്ങളുടെ ആഗ്രഹം സഫലമായതെന്ന് മൊണാലിസ പ്രതികരിച്ചു. വീട്ടുകാർ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചതിനാലാണ് ഇത്തരത്തിൽ വിവാഹം കഴിക്കേണ്ടി വന്നതെന്നും അവർ വ്യക്തമാക്കി. അച്ഛൻ കേരളത്തിലുണ്ടായിരുന്നെങ്കിലും വിവാഹച്ചടങ്ങിൽ പങ്കെടുത്തില്ലെന്നും, കഴിഞ്ഞ ദിവസം അച്ഛനെ കണ്ടിരുന്നുവെന്നും മൊണാലിസ പറഞ്ഞു.
പ്രായത്തെക്കുറിച്ചുള്ള ആരോപണങ്ങളും ഇരുവരും തള്ളി. മതം മാറിയിട്ടില്ലെന്നും മൊണാലിസയുടെ ആഗ്രഹപ്രകാരം ഹിന്ദു രീതിയിലാണ് വിവാഹം നടന്നതെന്നും ഭർത്താവ് മുഹമ്മദ് ഫർമാൻ ഖാൻ പറഞ്ഞു. മലയാള സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിന്ദി മാധ്യമങ്ങൾ “ലൗ ജിഹാദ്” ആരോപണം ഉയർത്തുന്നുണ്ടെങ്കിലും അതിൽ യാതൊരു സത്യവുമില്ലെന്ന് ഫർമാൻ വ്യക്തമാക്കി. വിവാഹം കെ-സ്മാർട്ട് സംവിധാനത്തിലൂടെ രജിസ്റ്റർ ചെയ്തതായും പൂവാർ പഞ്ചായത്തിലെ വിലാസം നൽകിയതായും അദ്ദേഹം പറഞ്ഞു. ഒരു മണിക്കൂറിനുള്ളിൽ തന്നെ വിവാഹ സർട്ടിഫിക്കറ്റ് ലഭിച്ചതായും ഫർമാൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് മൊണാലിസയും മഹാരാഷ്ട്ര സ്വദേശിയായ നടൻ ഫർമാനും അരുമാനൂർ നൈനാർ ക്ഷേത്രം ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായത്. ഗുരുദേവ പ്രതിഷ്ഠയ്ക്ക് മുന്നിൽ നടന്ന ചടങ്ങിൽ മേൽശാന്തി കണ്ണൻ പോറ്റി കാർമികത്വം വഹിച്ചു.
വിവാഹച്ചടങ്ങിൽ എം വി ഗോവിന്ദൻ, വി ശിവൻകുട്ടി, വി ജോയ്, എ എ റഹീം എന്നിവർ പങ്കെടുത്തു. കേരളത്തിൽ നിന്ന് വലിയ പിന്തുണ ലഭിച്ചതായും കേരളം നല്ല സ്ഥലമാണെന്നും ഇവിടെ ഉള്ളവർ നല്ല മനുഷ്യരാണെന്നും വിവാഹത്തിന് ശേഷം ഇരുവരും പ്രതികരിച്ചു.
മൊണാലിസ അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം വിഴിഞ്ഞം–പൂവാർ പ്രദേശങ്ങളിൽ നടന്നതിനിടെയാണ് ഫർമാനുമായി അടുത്ത ബന്ധം തുടങ്ങിയത്. ബന്ധത്തെ വീട്ടുകാർ എതിർത്തതോടെ ഇരുവരും സംരക്ഷണം തേടി തമ്പാനൂർ പൊലീസ് സ്റ്റേഷൻ സമീപിച്ചിരുന്നു. ബന്ധുവായ മറ്റൊരു യുവാവിനൊപ്പം വിവാഹം നടത്തണമെന്നായിരുന്നു മൊണാലിസയുടെ കുടുംബത്തിന്റെ നിലപാട്.










